ചെമ്പരത്തിപ്പൂഞ്ചൊടിയിൽ
ചെന്നിണം തുളുമ്പുന്നു
ചെന്താമരപ്പൂങ്കവിളിൽ
കുങ്കുമം പടരുന്നു
ചെമ്പകപ്പൂമേനിയാകെ
ചന്ദനച്ചാർത്തണിഞ്ഞു
ചെമ്പനീർപ്പൂവുകൾ
ചെമ്പട്ടുടുത്തു നിന്നു
ചന്ദ്രിക പൂത്തതു പോലെ
ചന്തത്തിൽ കൊന്നപ്പൂക്കൾ
വയലറ്റു വസന്തമായ്
വാടാമല്ലിപ്പൂക്കള്
വാരിളംതെന്നൽ തന്നുടെ
വാർമുടിക്കെട്ടഴിയെ
വാർതിങ്കൾ തെളിഞ്ഞ പോലെ
മുല്ലപ്പൂങ്കുല കണ്ടു
പാല പൂത്തു പരിമളം
പാതിരാവിലെത്തുമ്പോൾ
പാലലകളിളകുന്ന
പാതിരാപ്പാട്ടു കേട്ടു
നീലനീൾമിഴി തുറന്നു
ശങ്ക വിട്ടുണരുന്ന
ശംഖുപുഷ്പമേ നിന്നുള്ളം
നീലസ്വപ്നപ്പൊയ്കയൊ
ചെന്താരകക്കുലകളായ്
ചെത്തി പൂത്തങ്കണത്തിൽ
ചെമ്മുകിലൊന്നു ചന്തത്തിൽ
പുഞ്ചിരിക്കുംപോലവെ
വർണ്ണപ്പൂവുടലുകൾ തൻ
വർണ്ണകാവ്യചാരുത
വർണ്ണിച്ചാൽ മതിവരില്ലാ
വർണ്ണമയിൽ നർത്തനം !

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *