നിറഞ്ഞൊഴുകണം.
കവിയരുത്.
വറ്റരുത്.
കണ്ടൽക്കാടുകൾ
അരഞ്ഞാണം തീർക്കണം.
മലരികളും,
ചുഴികളും വേണം.
കയങ്ങൾ വേണം.
മത്സ്യങ്ങൾ നീന്തിത്തുടിക്കണം.
പുറം സ്വച്ഛശാന്തമാകണം.
അകം അടിയൊഴുക്കുകളുടെ
ചതികളാകണം.
ജലസമാധികളൊരുക്കണം.
കടവുകളുണ്ടാകണം.
മനുഷ്യർ നീന്തിത്തിമർക്കണം.
ഒരായിരം കഥകൾ
പറയാനുണ്ടാകണം.
ഒരായിരം രഹസ്യങ്ങൾ സൂക്ഷിക്കണം.
സമാഗമങ്ങളുടെ, വിരഹങ്ങളുടെ,
ആഹ്ളാദങ്ങളുടെ
സൂക്ഷിപ്പുകാരിയാകണം.
നീലാകാശം കണ്ണാടിയാവരുത്.
രാവുകളിൽ മൺചെരാതുകളിൽ
പ്രായശ്ചിത്തത്തിൻ്റെ
ദീപങ്ങൾ ഒഴുകണം.
വള്ളങ്ങൾ വേണം.
വള്ളക്കാർ വേണം.
യാത്രകൾ വേണം.
മുക്കുവർ വേണം,
അവരുടെ കൂക്കുവിളികൾ വേണം.
അപ്പോൾ മാത്രം
നീയൊരു പുഴയാകും.
ഒടുവിൽ സമുദ്രകവാടത്തിലെത്തി
സ്വയം നഷ്ടപ്പെടണം….

കെ.ആർ.സുരേന്ദ്രൻ

By ivayana