രചന : സുനു വിജയൻ ✍

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ പത്തു പത്തിനുള്ള മംഗള എക്സ്പ്രസിൽ കയറി റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു കഴിഞ്ഞതിന് ശേഷമാണ് രാവിലത്തെ ബ്രേക്ക്‌ഫാസ്റ് കഴിക്കാൻ തയ്യാറെടുത്തത്.
കാഞ്ഞിരപ്പള്ളിയിൽ നിന്നും രാവിലെ മൂന്നു മണിക്കുള്ള ഗുരുദേവ് ബസിൽ കയറിയതാണ്. അത് വൈറ്റിലയിൽ എത്തിയപ്പോൾഎട്ടു മണി. വൈറ്റിലയിൽ ഇറങ്ങി കാപ്പിയോക്കെകൂടിച്ചു പതുക്കെ റെയിൽവേ സ്റ്റേഷനിൽ പോകാം എന്നാണ് കരുതിയിരുന്നത്. പക്ഷേ എന്റെ എല്ലാ പ്ലാനും അവിടെയെത്തിയപ്പോൾ മുടങ്ങി.
വൈറ്റില എത്തിയപ്പോളാണ് അറിഞ്ഞത് സൗത്തിലേക്ക് വേഗത്തിൽ എത്താൻ കഴിയില്ല എന്ന്. ഒരു ദേശീയ നേതാവിന്റെ പടയാത്ര(പദ യാത്ര )യോടാനുബന്ധിച്ചു റോഡ് മിക്ക സ്ഥലത്തും ബ്ലോക്ക്.വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. രാവിലത്തെ ട്രെയിനിൽ ഡൽഹിക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തതാണ്. അതുകിട്ടിയില്ലെങ്കിൽ. ദൈവമേ എന്റെ ഉള്ളിൽ തീയാളി.


വൈറ്റിലയിൽ നിന്നും ബസിനു കയറുന്നത് റിസ്ക് ആണെന്നറിഞ്ഞു. ഡൽഹിക്ക് പോകേണ്ട ട്രെയിൻ ടിക്കറ്റിന്റെ പകുതി തുക ഓട്ടോയ്ക്ക് പറഞ്ഞുറപ്പിച്ചു അതിൽക്കയറി. ഓട്ടോക്കാരനെ കുറ്റം പറയാൻ പറ്റില്ല. പദയാത്രയുടെ ബ്ലോക്ക് അതികഠിനം. ഏതൊക്കയോ ഊട് വഴികളിലൂടെ അയാൾ എന്നെ സ്റ്റേഷനിൽ എത്തിച്ചു.അവിടെനിന്നും ഓടിപിടുപിടുത്താണ് പ്ലാറ്റ്ഫോമിൽ എത്തിയത്.
തലദിവസത്തെ ഹർത്താൽ എന്റെ ഡൽഹിയാത്രയുടെ ഊർജ്ജമൊക്കെ ഊറ്റികുടിച്ചിരുന്നതിനാൽ ഈ പടയാത്രയുടെ, പടയാത്ര എന്നു മനഃപൂർവ്വം പറയുന്നതാണ്.എങ്ങനെ പറയാതിരിക്കും ഇവർക്ക് വെറുതെ ഇങ്ങനെ സുഖിച്ചു പോയാൽ മതിയല്ലോ, പാവം പൊതുജനത്തിനു ഇതുകൊണ്ട് കഷ്ടപ്പാടല്ലാതെ എന്തു നേട്ടം. ഇനി പാർട്ടിക്ക് കിട്ടുന്ന നേട്ടം പിന്നാലെ കണ്ടറിയാം. അണികളും, വ്യവസ്ഥിതിയും കൂടി പാവം യാത്രക്കാരെ വലക്കുന്ന വിവരം നേതാവിന് അറിയാമോ ആവോ?


ട്രെയിനിൽ ഇരുന്ന് കപ്പ ചെണ്ട പുഴുങ്ങിയതും, കൊഴുവ വറുത്തതും കഴിച്ചപ്പോൾ ഒരു സുഖം തോന്നി. അമ്മ വെളുപ്പിനെ ഒരു മണിക്ക് കപ്പ പുഴുങ്ങി വാഴയില വാട്ടി അതിൽ പൊതിഞ്ഞു തന്നതാണ്.രാത്രി കഴിക്കാൻ ചോറും കറികളും വേറെയും തന്നു വിട്ടിട്ടുണ്ട് അത്‌ ഇനി ഉച്ചക്ക് കഴിക്കാം. ഉച്ചക്ക് കഴിക്കാൻ തന്ന കപ്പയാണ് ഇപ്പോൾ കഴിച്ചത്.


ട്രെയിൻ എടുക്കണ്ട സമയം കഴിഞ്ഞു. പക്ഷേ അനക്കമില്ല. പദയാത്ര ട്രെയിൻ ഗതാഗതത്തെ ബാധിക്കാൻ വഴിയില്ല. മറ്റെന്തെങ്കിലും കാരണം കൊണ്ടാകാം. ഞാൻ വയറുനിറച്ചു കഴിച്ച കപ്പ സമാനിച്ച എമ്പക്കവും വിട്ടുകൊണ്ട് പുറത്തേക്ക് ശ്രദ്ധിച്ചു.
ശരവേഗത്തിൽ പ്ലാറ്റഫോംമിൽ കൂടി മൂന്നാലു പട്ടികൾ ഓടുന്നു. പ്ലാറ്റ്ഫോമിൽ അങ്ങിങ് നിൽക്കുന്ന യാത്രക്കാർ പേടിച്ചു പിന്നോട്ട് മാറുന്നു. കുരച്ചുകൊണ്ട്, കോപത്തോടെ തങ്ങളുടെ ഏരിയയിൽ അതിക്രമിച്ചു കടന്നതിന്റെ ക്രൗര്യത്തോടെ വേറെ നാലു പട്ടികൾ മുൻപേ പോയ പട്ടികളെ അവിടെനിന്നും തുരത്തുകയാണ്. ഈ തെരുവുപട്ടികൾ റയിൽവേയുടെ മുതലായതിനാൽ ഇവറ്റകൾ ഇവിടെ സുരക്ഷിതരായിരിക്കാം. അല്ലങ്കിൽതന്നെ പ്ലാറ്റഫോമിൽ കഴിയുന്ന പട്ടികളെ ഓടിക്കാൻ റെയിൽവേക്ക് വകുപ്പില്ലായിരിക്കാം. കടികിട്ടാതെ ശ്രദ്ധിക്കേണ്ടത് യാത്രക്കാരന്റെ ധർമ്മം.


പത്തര കഴിഞ്ഞപ്പോൾ ട്രെയിൻ അനങ്ങി. കുതിച്ചു കിതച്ചു ഇനി ഡില്ലിയിലേക്ക്.
കോഴിക്കോട് എത്തിയപ്പോൾ ബോഗിയിലെ എല്ലാ സീറ്റും നിറഞ്ഞു. എന്നിട്ടും ഓരോ സ്റ്റേഷനിൽ നിന്നും തങ്ങളുടെ അവകാശം പോലെ പല യാത്രക്കാരും കയറി. റിസേർവ്വേഷൻ ചെയ്തു യാത്ര ചെയ്യുന്നവരെ വകവെക്കുന്നില്ല എന്നത് പോകട്ടെ, പക്ഷേ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ പരമ പുശ്ചത്തോടെ സീറ്റുകൾ കയ്യേറി പലരും ഇരിപ്പുറപ്പിച്ചു. ആരും ആരോടും മിണ്ടാതെ ‘ഓ ഇവർ അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളും ‘എന്ന ആശ്വാസത്താൽ കണ്ണടച്ചും, പുറം കാഴ്ചകൾ കണ്ടും ഉറങ്ങാതെയുറങ്ങിയും ഇരുന്നു.


ചായ്, ചൂടു ചായേ.. ഗരം ഗരം ചിക്കൺ ബിരിയാണി എന്നൊക്കെയുള്ള ട്രെയിനിലെ പതിവ് ശബ്ദങ്ങൾ, സ്ഥിരമായുള്ള ഭിക്ഷക്കാർ, കച്ചവടക്കാർ.. ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു.
പനവേൽ കഴിഞ്ഞപ്പോൾ പിറ്റേദിവസമായി. ട്രെയിനിൽ തിരക്കോട് തിരക്ക്. ആ തിരക്കിന്റെ പ്രതിഫലനം കക്കൂസിൽ കണ്ടു. അതിൽ തീട്ടവും മൂത്രവും തുളുമ്പിക്കിടന്നു. വാഷ്ബേസനിൽ പാൻ ചവച്ചു തുപ്പിയ ചുവന്ന കൊഴുത്ത വെള്ളം നിറഞ്ഞു കവിഞ്ഞിരുന്നു.


ട്രെയിനിലെ ആസ്ഥാനഗാനമായ പർദേശി പർദേശി ജാനാനഹി എന്ന പാട്ടും പാടി ചെമ്പിച്ച മുടിയുള്ള യൂ പി ക്കാരി കൈക്കുഞ്ഞിനേയും കൊണ്ടുവന്നു പാട്ട് ഉറക്കെപാടി കൈനീട്ടി. പഴവും, കൊക്കുംപറും വിൽക്കാൻ വന്ന മാറാത്തിക്കാരായ താറുടുത്ത, മൂക്കു കുത്തിയ പെണുങ്ങളോട് സൂപ്പർമാർക്കറ്റിൽ പോയി പറയുന്ന പണംകൊടുത്ത് സാധനങ്ങൾ വാങ്ങുന്ന മലയാളി മുതലാളിമാർ ഒരു ഡസൻ പഴത്തിനു അൻപതു രൂപ പറഞ്ഞത് വിലപേശി മുപ്പതു രൂപയ്ക്കു വാങ്ങി അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ടു കൃതാർത്ഥരായി.


ചെറിയ വളയത്തിനുള്ളിൽ നൂണ്ടു കയറി സർക്കസ്സ് കാണിച്ച പത്തുവയസ്സുകാരിയുടെ സ്ഥാനം തെറ്റിയ ഉടുപ്പിന്റെ വിടവിലൂടെ സസൂക്ഷ്മമം നോക്കിയിരുന്ന മലയാളി മധ്യവയസ്ക്കൻ ആ കുഞ്ഞു പെൺകൊച്ചു മുന്നിൽ വന്നു കൈനീട്ടിയപ്പോൾ ആട്ടിപ്പായിച്ചത് കണ്ടപ്പോൾ തോന്നിയ സങ്കടത്താൽ ഞാൻ പത്തു രൂപ കൊടുത്ത് ഒരു വാട്ടചായ വാങ്ങിക്കുടിച്ചു നെടുവീർപ്പിട്ടു.


കറുത്ത വൃത്തി തീരെയില്ലാത്ത ഒരു ചെറുക്കൻ, അവന് എട്ടുവയസ്സ് പ്രായം കാണും, അവൻ ട്രെയിനിന്റെ തറ ഒരു കീറത്തുണികൊണ്ട് തുടച്ചുകൊണ്ട് വന്നപ്പോൾ അവന്റെ ഒട്ടിയ വയറുകാണിച്ചു അവൻ കൈനീട്ടിയപ്പോൾ അന്തസുള്ള യാത്രക്കാർ അവനെതിരെ മുഖം തിരിച്ചപ്പോൾ അവന്റെ മുഖത്തെ വിശപ്പ് തിരിച്ചറിഞ്ഞു ഞാൻ അവന്റെ കയ്യിൽ പത്തു രൂപ വച്ചു കൊടുത്തത് കണ്ട്, റാഡോ വാച്ചുകെട്ടിയ എനിക്കഭിമുഖമായി ഇരുന്ന മാന്യൻ പറയുന്നത് കേട്ടു.
“അവനോട് ആ കക്കൂസിലെ വെള്ളമൊന്നു കോരിക്കളയാൻ പറയാമായിരുന്നു. പത്തു രൂപ കൊടുത്തതല്ലേ?’
അതു തൻറെ വീട്ടിലെ കൊച്ചുമോനോട് പോയിപ്പറ എന്നു ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് ആ ഏറ്റവും നികൃഷ്ടമായ മനസ്സിന്റെ ഉടമയെ നോക്കി ചിരിച്ചു കാണിച്ചു.


ട്രയിൻ രണ്ടാം ദിവസം ഉച്ചയോടെ നിസ്സാമുദീൻ സ്റ്റേഷനിൽ എത്തി. അവിടെനിന്നും മെട്രോയിൽ കയറി ദില്ലി സ്റ്റേഷനിൽ എത്തുകയും അവിടെനിന്ന് ദില്ലിയിലെ തിരക്കേറിയ ഗലികൾക്കടന്ന് പഹാഡ് ഗഞ്ച് ഏരിയായിൽ എത്തുകയും അനന്തരം അവിടെയുള്ള പഴയ, വൃത്തിയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് തങ്ങുകയും ചെയ്തു.
രാവിലെ പഹാഡ് ഗഞ്ചിലെ വഴിയിൽ കൂടി ചായകുടിക്കാൻ പോയപ്പോൾ പലതരം പട്ടികളെ പ്രാഥമിക കാര്യം നടത്തിക്കുവാൻ കാറിൽ കൊണ്ടുവരുന്ന വീട്ടമ്മമാരെയും, വീട്ടച്ചൻമാരെയും കണ്ടു. വഴിയിൽ അപ്പിയിടുന്ന പട്ടി കളുടെ തീട്ടം കൃതാർത്ഥതയോടെ കടലാസിൽ കോരിയെടുത്തു കൊണ്ടുപോകുന്ന ആ മനുഷ്യരെ കണ്ടപ്പോൾ മൃഗസ്നേഹത്തിന്റെ ആ കാവൽ മാലാഖമാരോട് കേരളത്തിലേക്ക് ഞങ്ങളുടെ തെരുവുനായ്ക്കളുടെ അടുത്തേക്ക് വരൂ എന്നുറക്കെ വിളിച്ചു പറയാൻ എനിക്ക് തോന്നി.


ദില്ലിയിൽ നിന്നും അൽപ്പം അകലെയാണ് കോണാട്ട് പ്ലേസ്. എനിക്ക് അവിടെ ഒരു മീറ്റിങ് ഉണ്ട്. അതിനായിട്ടാണ് ഞാൻ ദില്ലിയിൽ വന്നതും തന്നെ.കോണാട്ട് പ്ലേസ് ദില്ലിയിലെ ഏറ്റവും ചിലവേറിയ സ്ഥലമാണ്. പണ്ടൊരിക്കൽ അവിടെയുള്ള ഇന്ത്യൻ കോഫീ ഹൌസിൽ കയറി ഒരു മസാല ദോശയും ചായയും കഴിച്ചപ്പോൾ നൂറ്റി അറുപതു രൂപ കൊടുത്ത് വയറുനിറയാതെ കുണ്ഡിതപ്പെട്ടു തിരിച്ചു വന്ന ഓർമ്മ നന്നായി ഇപ്പോഴും ഉണ്ട്.


കാലത്തുതന്നെ കുളിച്ചു റെഡിയായി മീറ്റിങ്ങിനു പുറപ്പെട്ടു. പഹാഡ് ഗഞ്ചിൽ ഞാൻ താമസിക്കുന്ന ഹോട്ടലിന് അടുത്താണ് ആർ. കെ. ആശ്രമം മെട്രോ സ്റ്റേഷൻ. അതിനടുത്ത് ശ്രീ രാമകൃഷ്ണ മിഷന്റെ ആശ്രമവും, വിവേകാനന്ദന്റെ വലിയ സ്വർണ്ണ വർണ്ണമുള്ള പ്രതിമയും ഉണ്ട്.
ആ ആശ്രമത്തിന് എതിർ വശത്ത് വഴിയുടെ വലതു വശത്ത്‌ വേലികെട്ടി കുറച്ചു സ്ഥലം തിരിച്ചിട്ടിട്ടുണ്ട്. വയറൊട്ടി ക്ഷീണിച്ച്‌ സൈക്കിൾ റിക്ഷ വലിക്കുന്ന ചില വൃദ്ധരായ മനുഷ്യ റിക്ഷകാളകൾ വരിവരിയായി അവിടെ കിടപ്പുണ്ട് അഴിമതി തൂത്തെറിഞ്ഞ ആം ആദ്മി ഭരിക്കുന്ന ദില്ലിയിലെ ആ പ്രദേശത്ത് ഉടുപ്പിടാതെ കഴിക്കാൻ അന്നത്തിന് ഭിക്ഷ യാചിക്കുന്ന ചെറിയ പൈതങ്ങളെ കടന്ന് ഞാൻ മുന്നോട്ടു നടന്നപ്പോൾ ആ വേലിക്കുള്ളിൽ നിൽക്കുന്ന കൊഴുത്തുരുണ്ട പശുക്കൾക്കും, കാളകൾക്കും നെയ്യിൽ ചുട്ടെടുത്ത ചപ്പാത്തിയും, തളികകളിൽ ലഡ്ഡുവും, പഴവും, കരിമ്പും നൽകുന്ന ധാരാളം ഭക്തരായ സ്ത്രീകളെ കണ്ടു.പണക്കാരെന്ന് തോന്നിപ്പിക്കുന്ന ആഭരണങ്ങൾ ധരിച്ച ആ മനുഷ്യർ അതിൽ അൽപ്പം ഭക്ഷണം ആ വിശന്നു വയറൊട്ടിയ ആ കുഞ്ഞുങ്ങൾക്ക് എന്തേ നൽകാത്തതെന്ന് ഞാൻ അതിശയിച്ചു.


ഗാന്ധിജി വിഭാവനം ചെയ്ത നമ്മുടെ ഭാരതത്തിൽ, അഴിമതി തൂത്തെറിഞ്ഞ ഭരണമുള്ള ദില്ലിയിലെ ആ ഭാഗത്തേക്ക് കടന്നു ചെല്ലാൻ, കാളകൾ ഉപേക്ഷിച്ച ആ ചപ്പാത്തിയും മധുര പലഹാരങ്ങളും ചെന്നെടുക്കാൻ ഒരു ഭിക്ഷക്കാർക്കും അവിടെ അവകാശമില്ല.അവരാരും അവിടേക്ക് കടന്നു ചെല്ലുകയുമില്ല.
ഈ കാഴ്ചയുടെ കുണ്ടിതത്തിൽ മെട്രോ കയറി രാജീവ് ചൗക്കിൽ ഇറങ്ങി കോണാട്ട് പ്ലേസിലെ ഓഫീസിലേക്ക് നടക്കുമ്പോൾ ഇടതു വശത്തെ ഹനുമാൻ മന്ദിർ കണ്ടു. മീറ്റിംഗ് ശുഭമാകണേ സ്വാമീ എന്നു പ്രാർഥിച്ചു തിരിഞ്ഞപ്പോൾ മുന്നിൽ കൈനീട്ടിക്കൊണ്ട് ഒരു നാലുവയസ്സുകാരൻ. അവൻ പറഞ്ഞു
“ഭൂക് ലക്താഹൈ സേട്ട് കുച്ച് ദേ ദോ “
അതായത് വിശക്കുന്നു മുതലാളി എന്തെങ്കിലും തായോ എന്ന്.
എനിക്ക് സങ്കടം വന്നു.


പക്ഷേ ഞാൻ അവന് ഒന്നും കൊടുത്തില്ല. കാരണം അവന്റെ അമ്മയും, ചേച്ചിയും അപ്പുറത്തു നിന്ന് അവനെ നോക്കുന്നത് ഞാൻ കണ്ടു. അവനെ അവർ തൊഴിൽ പഠിപ്പിക്കുകയാണ്.
ആ ബാലനെ പോലെ വേറെയും കുഞ്ഞുങ്ങൾ എന്റെ മുന്നിൽ കൈനീട്ടി. ഞാൻ അവരെയൊന്നും ഗൗനിക്കാതെ മുന്നോട്ടു നടന്നപ്പോൾ ഒരു കാറിൽ നിന്നും ഇറങ്ങിവന്ന സ്ത്രീ വറുത്ത നിലക്കടല ഏകദേശം രണ്ടു കിലോയോളം ആ ക്ഷേത്രത്തിനു സമീപം നിലത്ത് നിക്ഷേപിച്ചു. കാരണം ആ ക്ഷേത്ര പരിസരത്തു ധാരാളം കുരങ്ങന്മാരെ കാണാൻ സാധിക്കും. ഈ കുരങ്ങന്മാർക്ക് പഴവും, കടലയുമൊക്കെ ആളുകൾ യഥേഷ്ടം നൽകുകയും ചെയ്യും.


അഞ്ചു വയസ്സിനു താഴെ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ കൊതിയോടെ ദൂരെനിന്ന് കുരങ്ങന്മാർ കടലതിന്നുന്നത് നോക്കിനിൽക്കുന്നത് കണ്ടുകൊണ്ട് ഭാരതത്തിന്റെ പാരമ്പര്യത്തിൽ പുളകം കൊണ്ടുകൊണ്ട് ഞാൻ അടുത്തുള്ള എന്റെ ഓഫീസിലേക്ക് നടന്നു കയറി.

സുനു വിജയൻ

By ivayana