കണക്കും കയ്യും തിരിപാടില്ലാത്ത മന്തപ്പ് തലയാണ് എന്റേതെന്നും പറഞ്ഞ് ഞാൻ ദുഃഖിച്ചിരുന്നത് കുറച്ചൊന്നുമല്ല.
ഗുണനപ്പട്ടികയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും ഉത്തരങ്ങൾ എത് പാതിരാക്ക് ചോദിച്ചാലും വിളിച്ചുപറയാൻ തക്ക കുശാഗ്രബുദ്ധിയുണ്ടായിട്ടും കണക്കിൽ എനിക്ക് പ്രതീക്ഷിച്ച പോലെ ശോഭിക്കാൻ കഴിഞ്ഞില്ല. എങ്ങനെയെങ്കിലും കണക്കിൽ ഉന്നതവിജയം നേടി കണക്കിന്റെ മോളിടീച്ചർ എന്നെ അഭിനന്ദനങ്ങൾ കൊണ്ട് കുഴികുത്തി മൂടണം എന്ന് സ്വപ്നം കണ്ട് ലേബർഇന്ത്യ നോക്കി ആത്മാർത്ഥമായി ഹോംവർക്ക് ചെയ്തു പോന്നു.
അങ്ങനെയിരിക്കെ എന്റെ നിരീക്ഷണ ബുദ്ധിയിൽ ഞാൻ ആ സത്യം കണ്ടുപിടിച്ചു.
കണ്ണട വെച്ചാൽ കണക്ക് വരും.

പഠിപ്പുരയിൽ അച്ചടിച്ചു വന്ന മിക്ക പഠിപ്പികൾക്കും കണ്ണടയുണ്ട്.
അതും പോരാഞ്ഞു സ്കൂളിലെ മിക്ക അധ്യാപകർക്കും മുഴുവൻ മാർക്ക് മേടിക്കുന്ന പിള്ളേർക്കും കണ്ണടയുണ്ട്.
പോരാത്തതിന് എന്റെ കൂടെ നടന്നിട്ടും കണക്കിന് നൂറിൽ തൊണ്ണൂറ്റിയൊമ്പതേ മുക്കാൽ മേടിക്കുന്ന സാജിതക്കും കണ്ണടയുണ്ട്.
അന്തക്കേടും വിവരക്കേടും സമം ചേർത്ത് വർത്താനം പറയുന്ന ഓൾക്കൊക്കെ പരീക്ഷക്ക് മാർക്ക് കിട്ടണമെങ്കിൽ എന്തേലും തരികിടയുണ്ടാകും,സ്വന്തമായി ഉത്പാദിപ്പിക്കുന്ന ബുദ്ധിയാവാൻ തരമില്ല.
കണ്ണട വഴി ആവാഹിച്ചെടുക്കുന്ന കുരുട്ടുബുദ്ധി വെച്ചാണ് പെണ്ണ് പരീക്ഷ പാസായി ക്ലാസിൽ ഒന്നാമതെത്തുന്നത്.
ഞാൻ ഷഹാനയോട് ഇക്കാര്യം സൂചിപ്പിച്ചു.
“ഇജ്ജ് ഇങ്ങട്ട് നിന്നാ..”
ഓൾ എന്നെ നീക്കി നിർത്തി,ഇളക്കം തട്ടാതെ അറിവ് അടുക്കി വെച്ച എന്റെ ശിരസ്സ് പിടിച്ചൊരു കുലുക്കൽ.

ഓർക്കാപുളി മരമല്ല ഇത് കുലുക്കിചാടിക്കാൻ ബുദ്ധി പശയിട്ട് ഒട്ടിച്ചു വെച്ച എന്റെ തലയാണ് എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ നിന്ന് കുലുങ്ങി.
ഏന്തുർഞ്ഞാലയിൽ കേറൂമ്പോൾ കണ്ണിൽ കൂടെ പോകുന്ന മഞ്ഞുകാറ്റ് പോലെ ഏതോ അവ്യക്തതയിൽ ഞാനുലഞ്ഞു.
“ഇമ്മേയ്..തല മിന്നുന്നു… “
തല അമർത്തിപ്പിടിച്ച് ഞാൻ പുലമ്പി.
“ആ.. അതന്നെ പറഞ്ഞത്.
മത്തങ്ങ ബലൂൺ വീർപ്പിച്ച പോലെ കാലിത്തലയാണ് അന്റത്…
അതാണ് കണക്കിനു ബുദ്ധിയില്ലാത്തത് … “
എന്നും പറഞ്ഞ് ഓൾ സാജിതാന്റെ തല പോയി ഒറ്റ കുലുക്കൽ.
ഹും.. ഇപ്പം വീഴും ബുദ്ധി…
പെറുക്കാൻ സഞ്ചിയെടുത്തോ..
“ഒറ്റ ഒന്ന് തന്നാൽ കാണാ “”
സാജിത കണ്ണട മൂക്കിൽ അമർത്തി പിടിച്ച് ഒച്ചയിട്ടു.

“കണ്ടോ.. ഓളെ തലന്റെയുള്ളിൽ സംഗതിയുണ്ട് ഓൾക്ക് തലയും കറങ്ങൂലാ
മാർക്കും കിട്ടും”
സാജിത ഒച്ചയിട്ടതിൻ തിരിച്ച് കച്ചറയാക്കാതെ ഇന്റെ തല പേടാണെന്ന് തെളിയിക്കാൻ ഷഹാന ഉത്സാഹിക്കുകയാണ്.
ഞാൻ മിണ്ടാതെ ബെഞ്ചിലിരുന്ന് സാജിതയെ നോക്കി. കണക്ക് പരീക്ഷക്ക്
പേപ്പർ അട്ടിവെച്ച് രണ്ട് നൂൽ കെട്ടി ദുൽമു കാണിക്കുന്ന ഓളെന്റെ നെഞ്ച് കലക്കി.
വേണം ബുദ്ധി വേണം…
കണ്ണട വെച്ച് ബുദ്ധി കൂട്ടണം..
ഞാൻ മനസ്സിലുറപ്പിച്ചു.
“ഡീ അന്റെ കണ്ണട ഒന്ന് കാട്ടിക്കാ.. ഇൻക്ക് ഇത് വായിക്കാൻ പറ്റുന്നില്ല”
ഞാൻ കണ്ണ് തിരുമ്മി വൃത്തിയാക്കി ഓളെ കണ്ണടക്ക് അപേക്ഷിച്ചു.
“ ഇന്റെ കണ്ണട വെച്ചാൽ അനക്ക് കാണൂലാ“
ഓളെ കള്ളത്തരം മനസ്സിലാക്കി ഞാൻ കണക്കിൽ ജയിക്കുമെന്ന് കരുതി വിരുതത്തി പറയുകയാണ്..
ഇപ്പം തരാം.. ഒരു മിനിറ്റ്… പ്ലീസ്
ഞാൻ ദയനീയതയുടെ വക്താവായി ഓളെ
നോക്കി പേരറിയാത്ത ഭാവങ്ങൾ വാരി വിതറി.
ഉം…
ഓളൊന്നു മൂളി കണ്ണടയൂരി ഷാളുകൊണ്ട് ഗ്ലാസ് തുടച്ച് എനിക്ക് തന്നു.
ഞാൻ കണ്ണട വെച്ച് പുസ്തകത്തിലേക്ക് നോക്കി. കുന്തിരിക്കം പുകച്ചമാതിരി ആകപ്പാടെ ഒരു പുകമറ.
ഒന്നും കാണാൻ പറ്റുന്നില്ല.
കള്ളത്തി ബുദ്ധി വരുന്ന സാധനം ചില്ലിൽ നിന്ന് തുടച്ച് തിരിമറി നടത്തി കണ്ണട തന്നിരിക്കുകയാണ്.

എനിക്ക് വായിക്കാൻ പോയിട്ട് നേരെ ചൊവ്വാ കാണാൻ പറ്റുന്നില്ല.
“ഇച്ചൊന്നും മാണ്ടാ ഓളെ ഒലക്കമ്മത്ത കണ്ണട “
ഞാൻ ഊരി അപ്പത്തന്നെ ഓളെ കയ്യിൽ വെച്ച് കൊടുത്തു.
ഓളത് പിന്നെയും തുടക്കുന്നു.
ഞാൻ ഓൾടെ ചുണ്ടിൽ നോക്കി, അനങ്ങുന്നുണ്ട്. മന്ത്രം ചൊല്ലി ബുദ്ധി വരുത്തുന്ന സാധനം കണ്ണടയിൽ ആവാഹിക്കുകയായിരിക്കും.
“അനക്ക് ശരിക്കും കാണുന്നുണ്ടോ”
കണ്ണട വെച്ച് നടക്കുന്ന ഓളെ നോക്കി ഞാൻ ചോദിച്ചു.
“ഉം.. പിന്നെ.. കാണാത്ത കണ്ണട ആരേലും വെക്കുമോ…”
ആ.. ടീ വെളവത്തി അപ്പോൾ അനക്ക് കാണാം. എനിക്ക് തന്നപ്പോ യന്ത്രം ഓഫാക്കി തന്നു. ഇങ്ങനെയുമുണ്ടല്ലോ മൻഷന്മാര് ദുനിയാവിൽ.,ഞാനൊന്നും കണക്കിൽ കയ്ച്ചിലാവരുത് അതാണ് ഓൾടെ മനസ്സിലിരിപ്പ്.
കാണിച്ചു തരാം.. ഞാനും വെക്കും കണ്ണട .

അതും ഫ്രെയിമില്ലാത്ത കണ്ണട, ഇന്റെ ഇപ്പാക്ക് രണ്ട് കണ്ണടയുണ്ട്. ഒന്ന് പുതിയ ഫാഷൻ ഫ്രെയിമില്ലാത്ത ചെറിയ ചില്ലുള്ള കണ്ണട,രണ്ട് ഫ്രെയിമുള്ള വട്ടക്കണ്ണട.
ഞാൻ ചോദിച്ചാൽ ഇപ്പ തരും. കാണിച്ചു തരാമെടീ ബുദ്ധിയുള്ള വേറെ മാതിരി എന്നെ.
പുരക്ക് കേറി ഞാൻ ചടഞ്ഞിരുന്നു.
കണ്ണട കൈക്കലാക്കാൻ തന്ത്രം മെനഞ്ഞു.
“ഇമ്മാ… ഇയ്ക്ക് തലവേദന”
ഞാൻ പള്ള പൊത്തിപ്പിടിച്ചു വയ്യായ്ക പറഞ്ഞു.
ഉം…കഞ്ഞിന്റെള്ളം കുടിച്ചാളാ..
ഇമ്മ ഇന്റെ തലക്ക് പുല്ലുവില നൽകി പറയുകയാണ്.
“ഇസ്കൂൾന്നന്നെ ഇണ്ട് “
ഞാൻ വയ്യായ്കക്ക് ഊക്ക് കൂട്ടി.
ഉപ്പിട്ട കഞ്ഞിന്റള്ളം കുടിച്ചാളാ..
ഇമ്മ പിന്നെയും ആരാന്റെ ഇമ്മാന്റെ കൂട്ട് തിരിഞ്ഞു നോക്കുന്നില്ല.
“ഇൻക്ക് കണ്ണൊന്നും ശരിക്കും കാണുന്നില്ല..”
ഞാൻ തളർന്നു കിടന്നു ദമ്മിൽ വിളിച്ചു പറഞ്ഞു.
കഞ്ഞിന്റെ തെളിയിൽ വറ്റിട്ട് കുടിച്ചാളാ..
പള്ള കാലി ആയിട്ടാകും.
പിന്നെ… പള്ളമ്മൽ അല്ലെ ഇന്റെ കണ്ണ്.

എന്ത് അസുഖം വന്നാലും ഒരു കുപ്പിയിൽ മുട്ടായി ഗുളിക തരുന്ന മനുഷ്യന്മാരെ പോലെ ഇമ്മ കഞ്ഞികുടുക്കയും കൊണ്ട് വൈച്ചിയം ചെയ്യുകയാണ്. ഇഞ്ഞി കാൻസർ ആണെന്ന് പറഞ്ഞാലും ഇമ്മ കഞ്ഞിന്റെ ഒപ്പം പപ്പടം കൂട്ടി തിന്നാളാ എന്നേ പറയൂ.
ഇത് ഒരു നടക്ക് പോകൂലാ.
കണ്ണട കിട്ടണമെങ്കിൽ എന്റെ തനിസ്വഭാവം കാണിക്കണം.
“കഞ്ഞി അല്ല പഞ്ഞി…മൻസൻ ഈടെ
കാഴ്ച ഇല്ലാതെ നിക്കാണ്
ഇച്ച് കണ്ണട മാണം”
ഞാൻ ക്ഷീണമുപേക്ഷിച്ചു ചാടിയിറങ്ങി.
“ ആര്ക്കാ കണ്ണാണാത്തത്.. അനക്കോ… ?
അട്ടന്റെ കണ്ണും ഭൂമിന്റെ പൊക്കിളും കണ്ട അനക്കോ..ഹ..ഹ”
ഒരു പിഞ്ചുകുഞ്ഞു വയ്യാത്തത് പറഞ്ഞിട്ട് പെമ്പറന്നോര് ഖ…ഖ.. ചിരിക്കുകയാണ്.
ഇങ്ങനെയും ഉണ്ടല്ലോ പടപ്പുകൾ.
വല്ലാത്ത ഇമ്മന്നെ..
“ ഇങ്ങട്ട് വന്നാ.. ഇയ്യാ.. അരീലെ പതിര് നാലെണ്ണം കൊണ്ടന്നാ..”
ഇമ്മ വയ്യാത്ത എന്നോട് കൽപ്പിക്കുകയാണ്.
കൊണ്ടന്ന് തന്നാൽ കണ്ണട മേടിച്ചു തരുമോ..
ഞാൻ സംയമനം പാലിച്ച് ചോദിച്ചു.
ഉം..
ഇമ്മ മൂളി.

അരി ബക്കറ്റിൽ നിന്ന് പതിരും നെല്ലും പെറുക്കിയെടുത്തു പോരാത്തതിനു ഗ്രേസ് മാർക്ക് കിട്ടാൻ രണ്ട് കുറുഞ്ചാത്തനെയും പിടിച്ചു ഇമ്മാന്റെ കയ്യിൽ വെച്ച് കൊടുത്തു.
“ആ… അനക്ക് കണ്ണിനു കൊണക്കട് ഒന്നും ല്ലാ..പോയി കുളിച്ച് മദ്‌റസക്ക് പോകാൻ നോക്ക് “”
ഇമ്മ എടുത്ത പണിക്ക് നന്ദി കാണിക്കാതെ പിന്നെയും എന്നെ അവഗണിച്ചു.
“ആര് പറഞ്ഞു.. ഇക്ക് കാണുമെന്ന്.. “”
ഞാൻ ഒച്ചയിട്ട് സംഘർഷമുണ്ടാക്കാൻ നോക്കി.
“കണ്ണ് കാണാത്ത ഇയ്യല്ലേ ഇതൊക്കെ പെറുക്കിയത്..ഹ..ഹ”
ഹൌ.. വഞ്ചകി അരി പാത്രത്തിൽ എന്റെ കണ്ണ് പരിശോധന ക്യാമ്പ് നടത്തിയിരിക്കുന്നു.
ഞാൻ തർക്കിക്കാൻ നിന്നില്ല.
ഇപ്പാനെ സോപ്പിട്ട് കൈക്കലാക്കാവുന്നതിനു
ഇമ്മാന്റെ കാലു പിടിച്ച് തൊഴി വാങ്ങണ്ടല്ലോ..
അന്തിക്ക് കിടക്കാൻ നേരം മുട്ടിത്തിരിഞ്ഞ്
ഇപ്പാനോട് കാര്യം പറഞ്ഞു,മൂപ്പർക്ക് സർപ്രൈസ് ആയിക്കോട്ടെ എന്ന് നിരീച്ച്
ബുദ്ധി വരുത്താനുള്ള തന്ത്രമാണെന്ന് മറച്ചു വെച്ചു,ഫ്രെയിമില്ലാത്ത കണ്ണടയിലാണ് എന്റെ കാഴ്ചയെന്നും ധരിപ്പിച്ചു.

“ഒരാളെ കണ്ണട വെച്ചാൽ കണ്ണ് പോകും,
അനക്ക് ഫാൻസീന്ന് ഇരുപുർപ്പ്യന്റെ നല്ല കണ്ണട മേടിച്ചേരാം””
എനിക്ക് തരാതിരിക്കാൻ ഇപ്പയും മുടക്കം
പറയുകയാണ്.
ഇരുപുർപ്യന്റെ പൊട്ട കണ്ണട വെക്കാൻ ഞാൻ ആരാ…
ഇത്രയുള്ളോ പിതൃ സ്നേഹം..
മാതാവിനെയും പിതാവിനെയും ഒരു കണ്ണടയിലൂടെ പടച്ചോൻ കാണിച്ചു തരികയാണ്.
നൊമ്പരം ഉരുകിയുറഞ്ഞ് നേരം പുലർന്നു.
നാൽപത്തിനാൽ നമ്പർ ഉള്ള ചാവി തിരിച്ച് അലമാരയുടെ പൊളി തുറന്ന് ബ്രദേഴ്സ് ഒപ്ടിക്സ് എന്നെഴുതിയ പെട്ടി ഞാനെന്റെ ബാഗിൽ വെച്ചു.
എന്റെ അന്ധതയെ അവഗണിച്ച ഇമ്മാനോടും തരാതിരിക്കാൻ മുട്ടാ പോക്ക് ന്യായം പറഞ്ഞ ഇപ്പാനോടും ഞാൻ ചോദ്യത്തിനൊ വർത്താനത്തിനൊ നിന്നില്ല.
ഇന്റെ കണ്ണ് ഇന്റെതല്ലേ.. ഓരത് അല്ലല്ലോ..
കണക്കിനു ബുദ്ധി വെച്ചാൽ ആർക്കാ കാര്യം, പുരക്കാർക്ക് തന്നെ.
കാൽക്കുലേറ്ററിൽ കുത്താതെ പുരക്കലെ കണക്ക് ഞാമ്പറഞ്ഞു കൊടുക്കൂലെ..
സ്കൂൾ ബസ്സിറങ്ങി ക്ലാസിലേക്ക് നടന്നു.

ഗ്രൗണ്ടിൽ നിന്ന് പെട്ടി തുറന്ന് കണ്ണട വെച്ചു.
ഇച്ചരെ മങ്ങൽ ഉണ്ടെങ്കിലും കണ്ണട മൂക്കിൻ തുമ്പത്തേക്ക് താഴ്ത്തി നേരെ നോക്കിയാൽ ശരിക്കും കാണാം.
ക്ലാസിൽ സാജിതയുടെ കണക്കിന്റ മോണോപോളി തകർക്കാൻ സ്കൂബി ഡേ ബാഗുമിട്ട് സബ്ന കെ.പി കടന്നു വരികയാണ്.
കാലമേ കണ്ണട തന്ന എനിക്ക് തന്നെ നന്ദി.
കണ്ണട വെച്ച ബുദ്ധിജീവിയായ എന്നെ വേറെ ഏതോ ജീവിയെപ്പോലെ ഷഹാന നോക്കുന്നത് കണ്ട് ഞാൻ കണ്ണട മൂക്കിൽ നിന്ന് കണ്ണിലേക്ക് പറ്റിച്ചു വെച്ചു.
പുകയും മഞ്ഞും മൂടിയ ക്ലാസിലേക്ക് ഇടതുകാൽ വെച്ച് കയറുമ്പോൾ എന്തിലോ തട്ടിത്തടഞ്ഞു ഞാൻ വീണു പോയി.
കണ്ണടയിട്ടു വന്നതു കണ്ട് ആരോ വള്ളി വെച്ചതാകാനെ സാധ്യതയുള്ളൂ.
ഫ്രെയിമില്ലാത്ത കണ്ണട തെറിച്ചു വീണു.

എന്റെ സൗന്ദര്യാത്മകമായ വരവ് കണ്ട് ആരോ നാവും കണ്ണുമിട്ട് പ്രാകിയതാണ്.
ചുരിദാറിലെ പൊടി തട്ടി എഴുന്നേറ്റ് കണ്ണട എടുത്തപ്പോൾ ചില്ലിൽ എട്ടുകാലി വലയിട്ടിരിക്കുന്നു.
പെട്ടിയിലിട്ട് ഞാനതിനെ സൂക്ഷിച്ചു വെച്ചു.
എന്തും പറഞ്ഞ് പുരക്ക് വെക്കും
പടച്ചോനെ..
ബുദ്ധി കൂടാനുള്ള എന്റെ സദുദ്ദേശം പറഞ്ഞാൽ മനസ്സിലാകാനുള്ള ബുദ്ധി പുരക്കാർക്ക് ഇല്ലല്ലോ..
ശരിക്കും തലകറങ്ങി, ഉപ്പിട്ട കഞ്ഞി വെള്ളം കിട്ടാൻ ഞാൻ കുഴഞ്ഞു വീണു.
ബ്ലോക്കിൽ ഉറ്റിവീഴുന്ന മരുന്നും നോക്കി കിടന്നു പുര കേറി.
നാൽപത്തിനാൽ നമ്പർ കൊത്തിയ ചാവി തുറന്ന് കിട്ടിയ സാധനം കിട്ടിയ ഇടത്തു തന്നെ വെച്ചു.
ഖൈർ.. അങ്ങനെ ആ പ്രശ്നം തീർന്നു.
അല്ലെങ്കിലും കണക്കിൽ മാർക്ക് വാങ്ങി കൂട്ടിയിട്ട് പുരക്ക് അരി മേടിക്കണ്ട ഗതികേട് ഞമ്മക്കില്ല.
അതും റേഷൻ കാർഡിൽ പേരുള്ള എനിക്ക്.
അതൊന്നുമല്ല പുകിൽ കല്ല്യാണത്തിനു പോകാൻ പുത്യേ ഫ്രെയിമില്ലാത്ത കണ്ണടയെടുത്ത് ഇപ്പാക്ക് കൊടുക്കാൻ ഇമ്മ അലമാര തുറന്നപ്പോൾ പെട്ടിയടക്കം നിലത്ത് വീണുമ്പോലും.

കണ്ണട ചിലും ചിലും അല്ലി ചില്ലിയായി.
ഹൂ… ഞമ്മളെടുത്തൂന്ന് എങ്ങാനും ആയിരുന്നെങ്കിലോ… പുളിം ചുള്ളൽ പൊട്ടിച്ചു അടിക്കൂലെ..
ഇപ്പോൾ തല്ലലും ഇല്ല ഒച്ചപ്പാടും ഇല്ല.
ഇമ്മാ മിണ്ടാതെ കുത്തിയിരിക്കുന്നു.
“സാരല്ല ഇമ്മാ പൊട്ടാൻ ഉള്ളത് അയ്ക്കാരം അത്.. നോക്കി ഇങ്ങക്ക് ഇച്ചിരി കഞ്ഞിന്റെള്ളത്തിന്റെ തെളി എടുക്കട്ടെ”

By ivayana

Leave a Reply

Your email address will not be published. Required fields are marked *