രചന : കാവല്ലൂർ മുരളീധരൻ ✍
ജീവിതത്തിൽ എന്ത് സംഭവിക്കുന്നതിനും ഓരോരോ കാരണങ്ങൾ ഉണ്ടാകണം.
മരുഭൂമിയിലെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത്, ചൂടിൽ നിന്ന് അതിരാവിലെയുള്ള നല്ല തണുപ്പിലേക്ക് മാറിയപ്പോൾ, താമസസ്ഥലത്തുനിന്ന് ഓഫീസിലേക്ക് രാവിലെയുള്ള നടത്തങ്ങളിൽ പ്രകൃതിയുടെ കുളിര് അയാൾ വീണ്ടും അനുഭവിക്കാൻ തുടങ്ങി.
പ്രകൃതിയെ അനുഭവിക്കുക എന്നതാണ് അയാളുടെ ഏറ്റവും വലിയ സന്തോഷം.
കാലാവസ്ഥ മാറിത്തുടങ്ങിയപ്പോൾ രാവിലെയുണ്ടായിരുന്ന – താഴ്വര എന്ന് പേരുള്ള ആ വലിയ കോംപ്ലെക്സിനുള്ളിലെ – നടത്തം പുനരാരംഭിക്കാൻ അയാൾ തീരുമാനിച്ചു. തണുപ്പിനെ പുണർന്നുകൊണ്ട് കൈകൾ വിടർത്തി ഇളംകാറ്റ് ആവാഹിച്ചു അയാൾ നടക്കും. നടക്കുമ്പോൾ കൂട്ട് വേണമെന്നില്ല, അപ്പോൾ പ്രകൃതിയെ അയാൾ ആത്മാവിലേക്ക് ആവാഹിക്കുന്ന സമയമാണ്, ഒരുപാട് ചിന്തകൾ അയാളോട് സംവദിക്കുന്ന സമയം.
വളരെ വർഷങ്ങളായെങ്കിലും അയാൾ അന്നാട്ടിലെ ഭാഷ പഠിച്ചെടുത്തില്ല, രണ്ടുകൊല്ലത്തിനായി മരുഭൂമിയിൽ ജോലിക്കായി വന്നയാൾ എന്തിന് ഭാഷ പഠിക്കണം, അതായിരുന്നു അന്നത്തെ ചിന്താഗതി. ആ രണ്ടുകൊല്ലം, ഇപ്പോൾ എത്രകൊല്ലമായെന്ന് ഓർക്കാതിരിക്കാൻ അയാൾ ശ്രമിച്ചു.
ചിലപ്പോഴെങ്കിലും സുരക്ഷാവിഭാഗത്തിലെ നാട്ടുകാരനായ ഫൈസൽ അയാൾക്കൊപ്പം നടക്കാൻ പോകുമായിരുന്നു. ഭാഷയറിയാത്തതിനാൽ തമ്മിൽ സംസാരം ഉണ്ടാകാറില്ല, അതിനാൽ അയാളുടെ ചിന്തകളിൽ ഫൈസൽ അസ്വസ്ഥതകൾ സൃഷ്ടിക്കാറില്ല.
കുറച്ചു ദിവസമായി ഫൈസലിനെ കാണുന്നില്ല, അന്വേഷിച്ചപ്പോൾ അറിഞ്ഞത്, മസ്തിഷ്ക രക്തസ്രാവം കാരണം ആശുപത്രിയിൽ ആണെന്നാണ്. പട്ടാളത്തിൽനിന്ന് വിരമിച്ച ശേഷമാണ് ഫൈസൽ ഈ ജോലിക്ക് ചേർന്നത്. വീട്ടിലിരുന്ന് മുഷിഞ്ഞു, ഒന്നും ചെയ്യാനുമില്ല, അസ്വസ്ഥം, അത് വീട്ടിലുള്ളവരുമായി വഴക്കിന് അവസരമൊരുക്കുന്നു.
നാട്ടിലെ സ്റ്റേറ്റ് ബാങ്കിന് മുന്നിൽ സുരക്ഷ ജീവനക്കാരുണ്ട്, ഒരിക്കൽ ഒരാളെ പരിചയപ്പെട്ടിരുന്നു. പട്ടാളത്തിൽ നിന്ന് വളരെ വലിയ റാങ്കിൽ നിന്ന് വിരമിച്ച ആളാണ്. മനുഷ്യരെ കാണണം, മനുഷ്യരുമായി എപ്പോഴും ഇടപഴകണം, ഇതാണ് നല്ലതെന്നു അദ്ദേഹം കണ്ടെത്തി. ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു, യൂണിഫോമിലാണ്, പിന്നീട് ഒരിക്കൽ ആകാം.
ഫൈസലും മനുഷ്യരുമായി ഇടപഴുകുവാൻ കണ്ടെത്തിയ ജോലിയാണ് ഇതും. എന്നാൽ ഇടതടവില്ലാതെ പുക വലിക്കും. ഫ്രീസറിൽ നിന്നാണ് പെപ്സിയെടുത്ത് കുടിക്കുക. പല്ലുകൾ മരവിക്കില്ലേ എന്ന് ഓഫീസ് ബോയിയോട് ചോദിച്ചപ്പോൾ പറഞ്ഞത്, അതിനയാൾക്ക് പല്ലുകൾ വേണ്ടേ എന്നാണ്. നീ നിന്റെ ആരോഗ്യം സംരക്ഷിക്കണം എന്ന് ദ്വിഭാഷിയെക്കൊണ്ട് പറയിപ്പിക്കുമ്പോൾ ഫൈസൽ ചിരിക്കും.
കുറച്ചു ദിവസം നാവിന് നല്ല കനം തോന്നിയിരുന്നു. എങ്കിലും എന്താണ് പ്രശ്നമെന്ന് മനസ്സിലായില്ല, ഒരു കല്യാണത്തിന് പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഭാര്യ പറഞ്ഞത്, നിങ്ങളുടെ മുഖം വിളർത്തിരിക്കുന്നു എന്ന്. ഭാര്യാ നിർബന്ധിച്ചു ആശുപത്രിയിൽ കൊണ്ടുപോയി, എം ആർ ഐ എടുത്തു, അപ്പോഴാണ് മസ്തിഷ്ക രക്തസ്രാവമാണെന്ന് തിരിച്ചറിഞ്ഞത്, അപ്പോഴേക്കും മുഖത്തിന്റെ ഒരുവശം കോടാൻ തുടങ്ങിയിരുന്നു. അതിവേഗം നടത്തിയ ചികിത്സ ജീവിതം പഴയ നിലയിലേക്ക് കൊണ്ട് വന്നു.
അസുഖം മാറി വന്നപ്പോൾ അയാൾ ഫൈസലിനോട് പറഞ്ഞു, ഇനി പുക വലിക്കരുത്. അതിന് എന്റെ ശ്വാസകോശങ്ങൾക്കല്ല, തലച്ചോറിനാണ് കുഴപ്പം എന്നായിരുന്നു മറുപടി, എന്നിട്ട് പതിവ് ചിരി ചിരിച്ചു. ഇനിയെന്ത് എന്നതായിരിക്കാം ആ ചിരിയുടെ അർത്ഥമെന്ന് അയാൾ തിരിച്ചറിഞ്ഞു.
കൃത്യസമയങ്ങളിൽ നടക്കാൻ പോകുന്നതിനാൽ ചില വ്യക്തികളെ അയാൾ പതിവായി കാണുമായിരുന്നു. എന്നാൽ അവരാരും അയാളുടെ ലോകത്തിന്റെ ചിന്തയിലേക്ക് കടന്നു വന്നിരുന്നില്ല, തദ്ദേശീയരായ ഒരു ഭാര്യയും ഭർത്താവും ഒഴികെ.
ബാങ്കിലാണ് ഭാര്യയ്ക്ക് ജോലി, ഭാര്യയാണ് വണ്ടിയോടിച്ചു വരിക, വണ്ടി നിർത്തി അവർ ഇറങ്ങുമ്പോൾ, ഭർത്താവ് ഡ്രൈവർ സീറ്റിലേക്ക് ഇറങ്ങിക്കയറും. അതിനിടയിൽ ബാങ്കിനടിയിലുള്ള “കോയാർഡ്” എന്ന് പേരുള്ള കോഫി ഷോപ്പിൽ നിന്ന് അയാൾക്കുള്ള ചൂട് കോഫിയുമായി ഭാര്യ വരും. കോഫി കപ്പ് ഭർത്താവിന് കൈമാറുമ്പോൾ അവരുടെ രണ്ടുപേരുടെയും ചുണ്ടുകളിൽ വിരിയുന്ന പ്രണയം അയാളെ ചിലപ്പോഴെങ്കിലും അത്ഭുതപ്പെടുത്താറുണ്ട്.
അവരിൽ നിന്ന് നടന്നകലുമ്പോൾ അയാൾ സ്വയം പറയും, ഇതെന്തായാലും തന്റെ ജീവിതത്തിൽ സംഭവിക്കില്ല, ഇങ്ങനെയുള്ള നിമിഷങ്ങൾ കാണാൻ കഴിയുന്നത്ത്തന്നെ ഒരനുഗ്രഹം.
താഴ്വരയുടെ ഓഫീസ് കോംപ്ലക്സ് റോഡ് വലംവെച്ച് കഴിഞ്ഞാൽ അതിന് ഒത്തനടുക്കുള്ള വലിയ പൂന്തോട്ടത്തിലേക്ക് അയാൾ ഇറങ്ങും. അതിമനോഹരമായി വെട്ടിനിറുത്തിയിരിക്കുന്ന ചെടികൾ, മരങ്ങൾ, കൈപൊക്കിയാൽ തൊടാവുന്ന വൃക്ഷശിഖരങ്ങൾ, പൂത്തുനിൽക്കുന്ന പാലമരങ്ങൾ, അതിനിടയിലൂടെ ഇഷ്ടികവിരിച്ച നടപ്പാത.
ഇതിലൂടെ എന്നും നടക്കാൻ കഴിയുന്നത് തന്റെ ജീവിത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് അയാൾ കരുതുന്നു. കാരണം ആ പൂന്തോട്ടത്തിലെ ഓരോ നടത്തവും അയാൾക്ക് ഓരോ പ്രാർത്ഥനകളാണ്, പ്രകൃതിയുമായുള്ള പ്രാർത്ഥനകൾ. താൻ ഓരോ നിമിഷവും കേൾക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്യന്ന പ്രകൃതി.
ചിലർ കാതിൽ തിരുകിയ ഇയർഫോണുമായി നടക്കുന്നു, സുഹൃത്തേ നിങ്ങൾ കാതിലൂടെ അരിച്ചിറങ്ങുന്ന തണുപ്പനുഭവിക്കുന്നില്ല, കിളികളുടെ കൂജനങ്ങൾ കേൾക്കുന്നില്ല, നിങ്ങൾ പ്രകൃതിയെ അനുഭവിക്കുന്നില്ല, എന്നൊക്കെ പറയണമെന്ന് തോന്നും. എന്തിന്, താൻ സ്വയം അനുഭവിച്ചാൽ പോരെ എന്ന് സമാധാനിക്കും.
ആ പൂന്തോട്ടത്തിന്റെ ഏറ്റവും ഒടുവിൽ ലെയ്‌സി ക്യാറ്റ് – മടിയൻ പൂച്ച – എന്നൊരു ഭക്ഷണശാലയുണ്ട്. അവിടെ നിന്നുയരുന്ന ഭക്ഷണഗന്ധങ്ങൾ അയാളുടെ നാസാരന്ദ്രങ്ങളെ കൊതിപ്പിക്കാറുമുണ്ട്. നീലനിറത്തിൽ നാലാൾപൊക്കത്തിൽ വലിയ ഒരു പൂച്ചയുടെ പ്രതിമയും അതിന് മുന്നിലുണ്ട്. പ്രകൃതിക്ക് പുറത്തും അകത്തും ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ. അകത്തിരിക്കേണ്ടവർക്ക് ആ ഭാഗം ചില്ലിട്ട് തിരിച്ചിരിക്കുന്നു, അകത്തിരുന്നാലും പുറംകാഴ്ചകൾ നന്നായികാണാം.
അയാളതിനെ ചുറ്റി നടന്നു വരും, ആ ഭക്ഷണശാലയിൽ ജോലി ചെയ്യുന്നവരെ അയാൾ ശ്രദ്ധിക്കാറുണ്ട്. ഉപഭോക്താക്കളെ കാത്തിരിക്കുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ അണിഞ്ഞ ഒരേനിറത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നവർ. തുറന്ന രീതിയിൽ ആയതിനാൽ ഭക്ഷണശാല തുടങ്ങുന്നിടം എന്ന് അലങ്കാരങ്ങൾ നിറഞ്ഞ ഭാഗത്ത് ഉപഭോക്താക്കളെ കാത്തു നിൽക്കുന്ന കറുത്ത പെൺകുട്ടിയെ അയാൾ എന്നും ശ്രദ്ധിക്കും. തലമുടി കുടുമപോലെ കെട്ടിവെച്ചു ആകാംക്ഷനിറഞ്ഞ കണ്ണുകളുമായി അവർ കാത്തു നിൽക്കുന്നു. അയാളും അവരും എന്നും കാണാറുണ്ട്. അയാളെ കാണുമ്പോൾ അവർ പുഞ്ചിരിക്കും, അവരുടെ മുഖത്ത് വിരിയുന്ന ആ ചിരി വളരെ ശോഭയുള്ളതാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പലപ്പോഴും എന്താണ് നിങ്ങളുടെ പേര് എന്ന് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഇന്നുവരെ ചോദിച്ചില്ല. അയാൾ അവിടെ നിൽക്കാതെ മുന്നോട്ടു നടന്നു. അവർ എന്നും തമ്മിൽ കാണും, അവർ ചിരിക്കും, അയാൾ ചിരിക്കാൻ ശ്രമിച്ചു നടന്നകലും.
ആ ചിരി അവരുടെ ജോലിയുടെ ഭാഗമാണ്. തനിക്ക് കിട്ടേണ്ട ശമ്പളത്തിന്റെ ഒരു ഭാഗമാണ്. അവരുടെ ഒരു ചിരി, പ്രസന്നമായ ആ മുഖം, ഒരു ഉപഭോക്താവിനെ കൂടുതലായി ആ ഭക്ഷണശാലയിലേക്ക് ആനയിക്കാനായാൽ അതവരുടെ സ്ഥാപനത്തിന് ഒരു വരുമാനമാണ്.
അയാൾ മടിയൻ പൂച്ചയേയും കടന്നു മുന്നോട്ട് നടന്നു. വഴി നീണ്ടു കിടക്കുകയാണ്, ജീവിതവും.

