രചന : അൻവർ ഷാ ഉമയനല്ലൂർ✍
അഴകിൽ തുളുമ്പും മധുരമാകട്ടെ നീ-
യകമേ നിറയും മരന്ദമായീടട്ടെ.
മഴവില്ലുപോലല്പ സമയമാണെങ്കിലും
അഴലകറ്റുന്നതാം മിഴിവേകിടട്ടെ നീ.
പുഴപോലെ നിർമ്മല സ്നേഹമോടൊഴുകുവാ-
നിരവിലും നീ നിത്യ കവിതയായ് മാറട്ടെ
വഴിമാറിനിൽക്കാതൊരുമയോടണയുവാൻ
കരളിലായാർദ്രമാം പുലരികളുണരട്ടെ.
മൊഴികളിൽ മിഴികൾതൻ കരുണയുണ്ടാകട്ടെ
മഴപോൽ ഹരിതാഭ ശോഭ നീ പകരട്ടെ
താരാക്ഷരങ്ങളാലാദിത്യ ഹൃത്തടം
തമസ്സകറ്റീടുന്നയുദയമായ് തുടരട്ടെ.
ഇതര ഹൃദയങ്ങൾതൻ കദനം മറക്കാതെ
സദയം പകരുന്ന യലിവായുണരട്ടെ
മഹിയിൽ മഹാസ്നേഹ ചൈതന്യമെന്നപോൽ
സഹചരർക്കാർദ്രമാം വഴിവിളക്കാകട്ടെ.
മൊഴികളിൽ മാത്രമൊതുങ്ങാതെയാഴിപോൽ
ഉൾക്കരുത്തിൻ മഹാശക്തിയായീടട്ടെ
ഉണരാത്ത കാലങ്ങളിൽ സദാ നന്മാർദ്ര-
നാളങ്ങളുയരും പ്രദീപമായ് മാറട്ടെ.
കരുണാർദ്ര കരതലങ്ങൾ മറക്കാതെ നിൻ
മാതാപിതാക്കൾതൻ സഹനാർദ്രകാലവും
ഹൃത്താലറിഞ്ഞലിഞ്ഞഭയമായ്ത്തീരുവാൻ
നിത്യ സ്നേഹാർദ്രമാം കരൾ തുടിച്ചീടട്ടെ.
നാടിൻ നയങ്ങൾ നിൻ സ്മരണയിലുണരിലും
നവരമ്യ ചിന്തോദയങ്ങൾ പകരട്ടെ
അതിഹൃദ്യമാകുവാനാഗ്രഹിച്ചീടുവാൻ
തൃക്കരങ്ങൾക്കൊണ്ടനുഗ്രഹം പകരട്ടെ.
ഹൃത്തുലയ്ക്കാതെ, വികാര വിചാരങ്ങൾ
നിത്യനന്മാർദ്രമാം പൂക്കളായ് വിടരട്ടെ
തീർത്തും നിരാശനാകാതേ വസന്തമാം
സ്വപ്നമനമെന്നുമുഷസ്സാർദ്രമാക്കട്ടെ.
വിലമതിക്കാമിതര ഹൃദയ ബന്ധങ്ങളും
സ്പന്ദിച്ചുണർത്തുമൊരു കാവ്യമായീടട്ടെ
നവ്യകാലം പകരുന്നപോൽ ദിവ്യമാം
ചിന്താമലർസ്മിതം മനസ്സാർദ്രമാക്കട്ടെ.
നേരുന്നുദയ സൗഭാഗ്യമാം നവനീത-
ഹൃദയമേകുന്നതാമാന്മാർത്ഥ ഭൂതലം;
സ്തുത്യർഹമായി പ്രവർത്തിക്കയൻപാർന്ന-
ഗ്രാമചൈതന്യം കെടാത്തതാം ഹൃത്തടം..

