സുഖലോലുപതയുടെ
വിത്തിട്ട്
നിങ്ങൾ പോകുമ്പോൾ
ഞങ്ങളൊരു പത്തുമാസക്കാലം
വ്രതമിരിക്കും,
കറുപ്പും, കരിമണിമാലയുമിട്ട്
കാനനപ്പാതയിലൂടെ
നിങ്ങൾ നടക്കുമ്പോലെ
അത്രയെളുപ്പമല്ലത്,
നനഞ്ഞ തീണ്ടാരിതുണിയിൽ
നിന്നുള്ള മോചനവുമല്ലത്,
വിശ്രമിക്കാനവൾക്കു കിട്ടിയ
സപ്രമഞ്ചൽ കട്ടിലുമല്ലത്,
ആലസ്യത്തിൻ്റെ
ഒന്നരപേജിൽ,
ചർദിയുടെ മറുപുറം നിറച്ച്,
തണ്ടലു വേദനയുടെ
കഠിനവാക്കുകൾ കൊണ്ട്
ഇരിക്കപ്പൊറുതിയില്ലാത്ത
പെണ്ണൊരുത്തികൾ
ഇരുന്നും, നടന്നും ,കടന്നും
കവച്ചു വെയ്ക്കുന്ന
കവിതയാണത് ,
അവിടുന്നാണവൾ
ആദ്യത്തെ കവിയാവുന്നതും,
വയറിൻ്റെ തിരശീലകൾക്കുള്ളിൽ
മൂക്കും കണ്ണും ചുണ്ടും
ഉടലാകെയും വരച്ച്,
ജീവനുള്ള ഒരാൾ രൂപം
പണിയുമ്പോൾ
അവളൊരു മികച്ച ചിത്രകാരിയാവും
നിങ്ങളും വരയ്ക്കുമായിരിക്കും
പക്ഷെ ജീവനുള്ളതു
വരയ്ക്കാനാവില്ല,
പൂമൊട്ടുകൾ വിരിയാനെടുക്കുന്ന
സമയങ്ങളിൽ
ഒന്നൊന്നായ് പൊട്ടുന്ന അവളുടെ
ഞരമ്പുകൾ,
വലിഞ്ഞു മുറുകുന്ന
നാഡീകൾ
കുച്ചിപ്പുടിയും സംഘനൃത്തവും
കഴിഞ്ഞ് നിങ്ങളിറങ്ങി വരുന്ന
വെറുമൊരു വേദിയല്ലത്
വേദനയുടെ സദസ്സാണ്,
ആ ചെറിയ സൂക്ഷിരം
നിങ്ങളുടെ ഉമ്മവെപ്പിൻ്റെ
അടയാളവാക്യം മാത്രമല്ല
ഒന്നു മറ്റൊന്നിനെ
പിറപ്പാകാനുപയോഗിക്കുന്ന
പൊക്കിൾകൊടിയെന്ന
മഹാസാമ്രാജ്യത്തിൻ്റെ
ജീവനങ്ങളാണ്,
അടർത്തെന്നു പറയുന്ന
മറ്റൊരു ഭാഗമില്ലെ
എന്താണതിൻ്റെ പേര്
യോനിയോ ?
അതോ സാധനമോ ?
ചിലരതിനെ പൂവെന്നും
ലാളിച്ചു പറയാറുണ്ടല്ലോ !!
തെറ്റി നിങ്ങൾക്ക് തെറ്റി
ഞങ്ങൾക്കതെന്നും
ജന്മപാത്രമാണ്,
പ്രസവിക്കാൻ
കാരണക്കാർ നിങ്ങളെങ്കിലും
പ്രസവത്തിനെ കുറിച്ച്
നിങ്ങൾക്കെന്തറിയാം,
സുഖപ്രസവമെന്ന
വ്യാഖ്യാനം നിർത്തി
നിങ്ങളൊന്നു ആഞ്ഞു തൊഴിച്ചു നോക്കു
കാലുകൾ പൊക്കി
തൊഴിച്ചവിടെ
രണ്ടു കാലുകൾ ചലിപ്പിക്കാൻ
നിങ്ങൾക്കാവുമോ?
അമ്മയോട്
ഭാര്യയോട്
പെണ്ണിനോട്
പെങ്ങളോട്
മകളോട്
കടപ്പെടുന്ന മനുഷ്യരാവുകയെന്നാൽ
നിങ്ങളാദ്യം ചെയ്യേണ്ടത്
ഗർഭക്കാലത്തോടൊപ്പം
അവൾക്ക് കരുതാലാവുകയെന്നതാണ് !!
ഗർഭമൊരു അസുഖാവസ്ഥയല്ല
സുഖമുള്ള അനുഭൂതിയാണെന്ന്
കവിക്ക് പറയാം,
എന്നിലെ പെണ്ണിനാവില്ല

By ivayana

Leave a Reply

Your email address will not be published. Required fields are marked *