രചന : പ്രസീദ.എം.എൻ ദേവു ✍
ഉടലിൽ വീണയുള്ള
ഒരു സ്ത്രീയെ
നിങ്ങൾ സ്പർശിച്ചിട്ടുണ്ടോ ?
അവളൊരു ഉപകരണമാണെന്ന്
തോന്നാതെ ,
നിങ്ങൾക്കൊരു
വീണ ഉപയോഗിക്കാനറിയാമോ ?
അവളുടെ കമ്പനങ്ങൾ
നിങ്ങളാസ്വദിച്ചിട്ടുണ്ടോ ?
പത്ത് വിരലിലും പതിഞ്ഞു
കിടക്കുന്ന സപ്തസ്വരങ്ങളെ
കമ്ഴ്ത്തി വെട്ടുന്ന
ആ ശബ്ദങ്ങൾ
നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ?
നിങ്ങൾക്ക് വീണ വായിക്കാനറിയാമോ ?
ഉടലിൽ മഴയുള്ള
ഒരു സ്ത്രീയെ നിങ്ങൾ
നനഞ്ഞിട്ടുണ്ടോ ?
എന്താണ് മഴയെന്ന്
നിങ്ങൾക്കറിയാമോ ?
കുടയുമായ് വന്നെത്തുന്നവരുടെ
നീണ്ട നിരയിലാണോ നിങ്ങളും ?
അവളൊരു കൈതോടായും ,
പുഴയായും , കടലായും
ഉത്ഭവിക്കുന്നത്
നിങ്ങളറിഞ്ഞിട്ടുണ്ടോ ?
ഒന്നു നനയാൻ മാത്രം പാകത്തിലുള്ളവരുടെ
ഏതാൾക്കൂട്ടത്തിലാണ് നിങ്ങൾ ?
ഉടലിൽ നൂറ് വേഷമിടുന്ന
അരങ്ങ് നിങ്ങൾ
കണ്ടാസ്വദിച്ചിട്ടുണ്ടോ ?
ചമയങ്ങളഴിച്ചും,
ഉടുത്തും.
മാറി മാറിയൊരായിരം
കഥകളികളാടുന്നത്
നിങ്ങൾക്ക് തിരിച്ചറിയാനാവുമോ?
നിങ്ങൾക്ക് കഥയും. കളിയും
അറിയുന്നവരാണോ ?
ആട്ടമറിയാതെ കൈയ്യടിക്കുന്നവരുടെ
തിരക്കിലെ ഏതു വരിയിലാണ്
നിങ്ങൾ ?
ഉടലിൽ കവിതയുള്ള
സ്ത്രീയെ നിങ്ങൾക്ക്
കണ്ടെത്താനാവുമോ?
ഓരോ രോമകൂപങ്ങളും
അക്ഷരങ്ങളായി ഉയിർത്തെഴുന്നേൽക്കുന്നതും ,
അവൾ അതി മനോഹരകവിതയായ്
മാറുന്നതും നിങ്ങൾക്ക് വായിച്ചെത്താനായിട്ടുണ്ടോ ?
ശരീരമാകെ ഓടി കൊണ്ടവളുടെയുള്ളിലെ
ഹൃദയം നിങ്ങൾക്ക്
വായിക്കാനായിട്ടുണ്ടോ ?
നിങ്ങളൊരു കവിതയെങ്കിലും
മുഴുവാനാക്കിയിട്ടുണ്ടോ ?
അവളെ തൊടാനും ,
ചുംബിക്കാനും .
കെട്ടിപിടിക്കാനും ,
രതിയിലേർപ്പെടാനും
മാത്രമെ നിങ്ങൾക്കറിയു.
അവളെ അറിയാൻ
നിങ്ങൾക്കാവുന്ന പക്ഷം,
നിങ്ങൾ മറ്റൊരു സംഗീതത്തിൽ
അലിയുകയോ .
മറ്റൊരു മഴയിൽ കുളിരുകയോ,
മറ്റൊരു ഉടൽ തേടി അലയുകയോ
ചെയ്യുകയില്ല ,
ഹൃദയം തുറന്നവൾ
നിങ്ങളിലേയ്ക്കെത്തുമ്പോൾ
നിങ്ങൾ വായിക്കാതെ പോവുന്ന
പലതുമുണ്ട് അവളിൽ ,
ഉടലിനും , ഉയിരിനുമിടയിൽ
നിങ്ങൾ കാണാത്ത പലതും ….
