അക്ഷരവുമനക്ഷരവുമർഥവുമനർഥവും
അധമവുമുത്തുമവുമെന്തെന്നറിയാത്തോർ
അമേദ്യവുമൂറുംമേദ്യവും ഒന്നെന്നുറച്ചൊപ്പം
അക്ഷരചണരാം വിജ്ഞരേയറിയാതെ.

അവ്യക്തമായതുമൊതുക്കമില്ലാത്തതും
അസ്സലാണെന്നൊലിയായൊളിയായി
അദ്ധ്യേതാവിലുൽഫുല്ലമായുറപ്പിച്ചതു
അപ്പിയാമുന്ദനഹാലാഹലമായുതിർന്നു.

അന്തകരായോർരാധിപത്യത്താലുന്നം
അക്ഷരനികേദനവുമശുദ്ധമാക്കുന്നു
അപവാദമായോരാഉപാദ്ധ്യായകരാൽ
അലിയുമുപഹാരമുപജീവനത്തിനായി.

അന്തവും കുന്തവുമറിയാതുന്തുന്നവർ
അരികുവൽക്കരിക്കപ്പെടേണ്ടവർക്ക്
അധികാരികളൊത്താശയുമായുണ്ട്
അന്യായമായിഅധികാരത്തിനാശിച്ച്.

അടിതെറ്റുന്നോരശുഭകാലത്തായന്ന്
അവകാശത്താലടക്കിപ്പിടിച്ചതിനിന്ന്
അന്യം നിന്നോരില്ലക്കാരെയെല്ലാമങ്ങു
അടച്ചാക്ഷേപിക്കുന്നതിലെന്തുന്യായം.

അയവിറക്കുന്നോരറിവിന്നുത്തമാലയം
അഖിലർക്കുമെന്നുമൊരുപോലല്ലേ
അവബോധമേകാനിച്ഛിച്ചോരെല്ലാം
അവധാനമാം ആദരവായുണ്ടിന്നും.

അപരനുമറിവേകാനുദകുന്ന നളന്ദയും
അപാരമായതേകിയൊരാ തക്ഷശിലയും
അന്യൂനമായോർതീയിട്ടുയെരിച്ചതൊന്നും
അറിയില്ലെന്നുണ്ടോയാജ്ഞയേകുമവർക്ക്.

അരാജകത്വമാം ഏകാധിപതിയോടൊത്ത്
അടുക്കുമായി അടിമകളണിയണിയായി
അമൃതായതാമക്ഷരവുമമേദ്യമെന്നോതി
അറിയേണ്ടതെന്തെന്നറിയാതായയുലകം.

അരിയപത്രത്തിലൂറും പൈങ്കിളികൊഞ്ചൽ
അകതളിരിലായെന്നുമാശ്വാസമായിരുന്നു
അമലമായുള്ള അച്ചടിയൊഴുക്കുകളെല്ലാം
അനുയോജ്യമായിരുന്നാരിലുമനന്തമായി.

അശ്ലീലമാണിന്നേറ്റവുമുചിതമായുള്ളിൽ
അക്ഷരക്രമവും വേണ്ടപോലറിയാത്തവർ
അറം പറ്റിച്ചോരുത്തമ അധ്യായങ്ങളെല്ലാം
അന്യരാക്രമിച്ച്കൈവശത്താക്കിയില്ലേ ?

അരികുച്ചേരുന്നോരിടത്തരെല്ലാമപായം
അലമുറയിട്ടോരേയുമടിച്ചൊതുക്കിയിട്ടു
അധികാരത്തിനായാർത്തിപൂണ്ടുറഞ്ഞ്
അരങ്ങത്തുണ്ട് തല വെട്ടാനുമുറച്ചുറച്ച്.

അല്പന്മാരൊത്തു കടിയും കുടിയുമായി
അരയും തലയും മുറുക്കി അലറുന്നുണ്ട്
അടിയുറപ്പിക്കാനായെന്തിനുമൊരുങ്ങി
അറപ്പുതീർന്നതാം കശാപ്പുകാരേപ്പോൽ.

അറിവിലുമുളുപ്പില്ലാതെ മായം കലർത്തി
അരികത്തിരുന്നവരുണ്ടു ചെവിതിന്നുന്നു
അഹിതമായതെന്തുമുറച്ചുരിയാടുന്നു
അന്നം തന്നെ മുന്നേയുന്തിയ വിചാരം !

അപ്പിയും ഹിപ്പിയുമുണ്ടെങ്ങുമെഴുത്തുമായി
അരികിലായുണ്ട് കഞ്ചാവും മദ്യക്കുപ്പിയും
അവാർഡുകളോരോന്നായെത്തുമ്പോൾ
അറിവുള്ളവരാരുമൊന്നുമല്ലന്നിന്നായി.

അല്പത്തരമാണാരിലും മുമ്പേ മുമ്പേ
അരയിൽ കുത്തും കടുകീടങ്ങളേപ്പോൽ
അറിവോടൂറ്റിയ രക്തം കുടിക്കുന്നവർ
അഭിലാഷമുണ്ടുള്ളിൽമാംസദാഹത്തിനും.

അപ്പിസാഹിത്യത്തിനുദയപ്പെരുമഴയപ്പോ !
അറഞ്ഞു പെയ്യുന്നു പടഹധ്വനിയോടെ
അഹങ്കരിച്ചാർത്തുoപരിഹസിച്ചോതുന്നു
അറിവുള്ളവരാരുണ്ടിവിടെ ചോദിക്കാൻ?

By ivayana

Leave a Reply

Your email address will not be published. Required fields are marked *