രചന : ഷാജു വി വി ✍

ഹോട്ടലിൽ ഒരു സ്ടോങ്ങ് ചായയും ഒരു ലൈറ്റ് ചായയും ഓർഡർ ചെയ്യുകയും സപ്ലയർ സുഹൃത്ത് കടുപ്പമുള്ളത് ആണിനും ലൈറ്റ് ചായ പെണ്ണിനും യാതൊരു വിധ
ആത്മസന്ദേഹസംവാദവും കൂടാതെ ടേക്കൺ ഫോർ ഗ്രാൻ്റഡ് ആയി വിളമ്പുകയും ചെയ്യുന്ന മൂർത്ത കേരളീയ സന്ദർഭത്തെ വറീതും സാറയും അഭിമുഖീകരിച്ച നിമിഷങ്ങളെ കുറിച്ചുള്ള ഒരു കഥയുണ്ട്.
”എന്താ കടുപ്പമുള്ളത് പെണ്ണിനായിക്കൂടേ? ”
എന്ന ചോദ്യത്തിൻ്റെ മുനമ്പിൽ വച്ച് സാറ താഴെ പരാമർശിക്കപ്പെടുന്ന ആന്തരിക രാഷട്രീയ സന്ദിഗ്ധതകളിൽപ്പെട്ടു:
1)
കടുപ്പമുള്ള ചായ ആണിനും ലൈറ്റായത് പെണ്ണിനുമെന്നതു പോലുള്ള അതീവ പ്രതലസരളവും സൂക്ഷ്മ സാംസ്കാരിക അന്തർവിവക്ഷകളിൽ കുടുങ്ങിക്കിടക്കുന്നതുമായ
ഒരു സമൂഹത്തിൽ ലിംഗനീതി വിദൂരമായൊരു രാഷ്ട്രീയ യാഥാർത്ഥ്യമാണ്.
2)
‘എന്താ കടുപ്പമുള്ളത് പെണ്ണിനായിക്കൂടെ ‘
എന്ന രാഷ്ട്രീയ വൈകാരികചോദ്യം ,
കടുപ്പവും ദൃഢതയും അധീശവാഞ്ജയും ഉള്ളതിൻ്റെ ഉൺമയായി പൊതുബോധത്തിൽ ആഴത്തിൽ വേരുപിണഞ്ഞു കിടക്കുന്ന ‘ ആൺമ’യെ ഗുണപരമായി ഉയർന്നു നിൽക്കുന്നതായും മാതൃകയാക്കാവുന്നതായും മുൻകൂർ സമ്മതിക്കുന്ന ഒരെണ്ണമായി വ്യാഖ്യാനിക്കാവുന്ന പഴുത് നൽകുന്നുണ്ട് .
3)
കടുപ്പമുള്ളത് / മൃദുലമായത് എന്ന പ്രാചീനവും നിലവാരം കെട്ടതുമായ ദ്യൈതത്തിൽ പടുത്തുയർത്തിയ സപ്ലയറുടെ സങ്കൽപ്പത്തെ, ക്ഷതം പറ്റിയാലെന്ന പോലെ ആഘാത പ്രേരിതമായി
‘എന്താ കടുപ്പം പെണ്ണിനായിക്കൂടെ ? ‘
എന്ന ചോദ്യത്തോടെ എൻറർടൈൻ ചെയ്യുന്നത് ധൈഷണികമായ ആത്മഹത്യയാണ് .ആ ചോദ്യത്തിൻ്റെ നിലവാരം ,സംവാദഗുണത്തെ മുൻകൂറായി റദ്ദു ചെയ്യുന്നുണ്ട് .
കെട്ട വിത്തിൽ നിന്നു കൊള്ളാവുന്ന വൃക്ഷങ്ങളുണ്ടാവില്ല.രാഷ്ട്രീയവും ബുദ്ധിപരവുമായ എനർജി സൂക്ഷിച്ചും സംഭരിതോർജ്ജം കുറേക്കൂടി നിർണായകമായ രാഷ്ട്രീയ സന്ദർഭങ്ങൾക്കായി കരുതി വച്ചും ഇടപെടേണ്ട ആണധികാര കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് .പ്രയോറിറ്റി സുപ്രധാനമാണ്.
4)
ഇന്നയാൾക്കു കടുപ്പമുള്ള ചായ എന്ന ധ്വനി ചായ ഓർഡർ ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല. ലൈറ്റു ചായ ആർക്കുമാകാം. അനിശ്ചിതതത്വത്തിൻ്റെ അവസ്ഥ സപ്ലയറിൽ അനാവശ്യമായി സൃഷ്ടിക്കുന്ന, വിവേചനവ്യക്തതയില്ലാത്ത ഓർഡർ പ്രക്രീയയിലൂടെ സാറയും വറീതും ഉണ്ടാക്കിയ അനാവശ്യമായ സന്ദർഭം മാത്രമാണിത്.
അയാൾ ഒരിടത്ത് കടുപ്പമുള്ളതും മറ്റൊരിടത്ത് കടുപ്പമില്ലാത്തതും വച്ചതിൽ,
ആൺ, പെൺ സ്വത്വത്തെക്കുറിച്ചുള്ള പൂർവ്വനിർണ്ണീതമായ പ്രത്യയശാസ്ത്രത്തെ പിൻപറ്റിയിരിക്കുമെന്ന് അർത്ഥശങ്കയില്ലാതെ ഉറപ്പിക്കുന്നത്
ഒരു തരത്തിൽ സപ്ലയറുടെ പുരോഗമന ,വിമോചിത രാഷ്ട്രീയ കർതൃത്വത്തെ അടിസ്ഥാനമില്ലാതെ കുറച്ചു കാണുന്നതാവാം. ആ രാഷ്ട്രീയ അധ്യാരോപണം കുറ്റകരം പോലുമാണ് .അയാൾ അന്യമനസ്കനായി രണ്ടു തരം ചായ അലസമായി രണ്ടു പേരുടെ മുമ്പിലായി വച്ചതാണ് എന്നും വരാം.
ഈ സംഭവത്തിൽ ക്ലാസ് പ്രശ്നം ഉണ്ട്. അയാൾ ഒരു തൊഴിലാളിയാണ്. അതിൽ സ്വത്വരാഷ്ട്രീയം എൻഗേജ് ചെയ്യേണ്ട വിഷയങ്ങളുമുണ്ട്.സപ്ലയർ ഒരു ഇതര സംസ്ഥാന മനുഷ്യനാണ്. മുസ്ലീം ആണ് .മധ്യവർഗ്ഗ മലയാളി ഫെമിനിസ്റ്റ് ദമ്പതികളെ അപേക്ഷിച്ച് ദയനീയമാം വിധം അയാൾ അധികാരശൂന്യനാണ്. അയാളുടെ രാഷ്ട്രീയ കർതൃത്വത്തെയും സൈദ്ധാന്തിക പരിജ്ഞാനത്തെയും അയാളുടെ വർഗ്ഗ, സ്വത്വ പശ്ചാത്തലത്തെ മുൻനിറുത്തി കുറച്ചു കാണുന്നത് അക്ഷന്തവ്യമായ രാഷ്ട്രീയപരാധമാണ് .
5)
രാഷ്ട്രീയശരി
ചുഴിഞ്ഞു നോക്കുന്നതിൻ്റെ ഒബ്സെഷനിൽ പെട്ടു പോയ മനുഷ്യർക്ക് ആകസ്മികമായ സന്ദർഭങ്ങളെ മനസ്സിലാവില്ല. അവരുടെ കണ്ണിൽ ലോകം ഒരു പോസ്റ്റ്മോർട്ടം ടേബിളാണ് .സൈദ്ധാന്തിക ഉപകരണങ്ങളുമായി ശസ്ത്രക്രീയയ്ക്ക് സദാ സന്നദ്ധമായി നിൽക്കേണ്ട പോസ്റ്റ്മോർട്ടം വിദഗ്ധരാണവർ.കൊറോണയ്ക്കു മുൻപും അവർക്ക് മാസ്കുകളുണ്ട്.
സാറ ചിന്തിച്ചതിങ്ങനെയാണ്:
തങ്ങൾ കടുപ്പമുള്ള ചായയും ലൈറ്റ് ചായയും ഓർഡർ ചെയ്തപ്പോൾ ആ സപ്ലയർ യുവാവ് പ്രപഞ്ചോൽപ്പത്തി പോലുള്ള ഗാഢമായ സമസ്യകളിലോ അഗ്നിപർവ്വതങ്ങളിൽ സ്കേറ്റിങ്ങ് നടത്തുന്ന സാഹസിക ഭാവനയിലോ ആകാം. തികച്ചും അന്യമനസ്കനായി അയാൾ തൻ്റെ മുമ്പിൽ ലൈറ്റ് ചായ വച്ചതാകാം.
കൈകളുടെ
ചായത്തെരഞ്ഞെടുപ്പൊന്നു യാദൃച്ഛികമായി മാറിയാൽ കടുപ്പം കുറഞ്ഞ ചായ വറീതിൻ്റെ മുമ്പിലെത്താവുന്ന, അതോടെ ഇപ്പോൾ അതിലാരോപിക്കുന്ന ആൺ / പെൺ മുൻ വിധികൾ പിറക്കുക പോലും ചെയ്യാത്ത ഒന്ന് . പ്രൊഫഷണലായ ശ്രദ്ധക്കുറവ് ആരോപിക്കാവുന്ന ഉപഭോക്തൃ അവകാശ വിഷയത്തെ മറ്റൊരു രാഷ്ട്രീയ വിതാനത്തിൽ വിഹരിക്കാൻ അനുവദിക്കുന്നത് ഒട്ടും ന്യായമല്ല.
5)
സാറയും ഒരു ട്രാൻസ്ജെൻ്ററുമാണ് ടേബിളിനു ഇരുപുറമിരിക്കുന്നതെങ്കിൽ കടുപ്പമുള്ള ചായ ആ സുഹ്യത്തിൻ്റെ മുമ്പിലായിരുന്നു വച്ചിരുന്നതെങ്കിൽ തങ്ങളുടെ വ്യാഖ്യാനങ്ങളെന്തൊക്കെയാവുമെന്ന സങ്കീർണ്ണ രാഷ്ട്രീയ ഭാവനകളിൽ
സാറ ഏഴു മിനിറ്റോളം ഗാഢമായി മുഴുകി.
6)
മൂന്നാം ലോക രാജ്യങ്ങളിലെ ഫെമിനിസ്റ്റുകൾ സൈദ്ധാന്തികമായും മൂർത്ത ജീവിതത്തിലും നേരിടേണ്ടി വരുന്ന ഈദൃശമായ, നിലവാരശൂന്യമായ ,യൂറോപ്പിനെ അപേക്ഷിച്ച് നൂറ്റാണ്ടുകൾ പിറകിൽ നിൽക്കുന്ന അവസ്ഥകൾ കാരണമാണ് ലോക നിലവാരത്തിലുള്ള ഫെമിനിസ്റ്റു ചിന്തകർ നമുക്കുണ്ടാകാത്തത് .
സെക്ഷ്വൽ കൺസൻ്റിനെക്കുറിച്ച് പാശ്ചാത്യ ലോകം ദശാബ്ദങ്ങൾക്കു മുമ്പ് ചിന്തിച്ച പ്രാഥമിക തലത്തിലുള്ള തത്വങ്ങൾ
ചർച്ച ചെയ്യേണ്ടി വരുന്നതു പോലുള്ള ദു:ഖകരമായ അവസ്ഥ കേരളത്തിലെ സ്ത്രീവാദികൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.
7)
ഇനി അഥവാ നിലനിൽക്കുന്ന പൊതുബോധം തന്നെയാണ് ആ സപ്ലയർ യുവാവിനെ ഭരിച്ചിരുന്നതെങ്കിലോ?
സാറ അങ്ങനെയും ചിന്തിച്ചു.
സഹസ്രാബ്ദങ്ങളായുള്ള ആൺകോയ്മാധാരണകളിൽ നിന്നുമുരുവം കൊണ്ട ആ സപ്ലയർ യുവാവിൻ്റെ ,
രാഷ്ട്രീയമായി വിട്ടുവീഴ്ചയില്ലാത്തതെങ്കിലും അത്രയ്ക്കും സാമാന്യവും താരതമ്യേന ലഘുവുമായ വീഴ്ചയ്ക്ക് അയാളെ ഭർത്സിക്കുന്നത് കടന്ന കൈയ്യല്ലേ? അയാളൊരു ദുർബലനായ ആൺ പ്രതിനിധി മാത്രമല്ലേ? ലിംഗസമത്വത്തെക്കുറിച്ചുള്ള സർവ്വ ചോദ്യങ്ങൾക്കും മറുപടി പറയാനുള്ള ഭാരം അയാളുടെ തലയിൽ കെട്ടിവയ്ക്കാമോ?
കൂടിയ ആൺ പ്രഭുക്കൻമാർ കോടതികളിലും പോലീസിലും നിയമസഭയിലും സംസ്കാര മണ്ഡലങ്ങളിലും നിർബാധനിർലജ്ജം പുളഞ്ഞ് നടക്കുമ്പോൾ രണ്ടാം കിട പൗരനായ ഈ തൊഴിലാളിയോട് ചുരലുള്ള സ്കൂൾ ടീച്ചറെപ്പോലെ പെരുമാറുന്നത് ധാർമികമായി തെറ്റല്ലേ?
ഈ വക ചിന്തകളിലൂടെ കടന്നുപോയതിനു ശേഷം പരമാവധി കുറ്റവിചാരണയുടെ ടോൺ ഇല്ലാതെ സാറ ആ ചോദ്യം ചോദിക്കുക തന്നെ ചെയ്തു.
കാര്യമൊന്നും പിടികിട്ടിയില്ലെങ്കിലും പൊറുക്കാൻ വയ്യാത്ത ഒരപരാധം തനിക്കു സംഭവിച്ചു എന്ന തിരിച്ചറിവോടെ ആ യുവാവ് കടുപ്പമുള്ളത് സാറയുടെ മുമ്പിലേക്കും ലൈറ്റ് ചായ വറീതിൻ്റെ മുന്നിലേക്കും വിനയ പുരസ്കരം നീക്കിവച്ചു പ്രായച്ഛിത്തം ചെയ്തു.
ആ നേരമത്രയും സാറയുടെ നിലപാടിനൊപ്പം ഉറച്ചു നിന്ന വറീത് പൊടുന്നനെ ‘ചായ തണുത്തു ‘ എന്ന് നീരസത്തോടെയും നഷ്ടബോധത്തോടെയും മന്ത്രിച്ചു.
സാറ സപ്ലയർ യുവാവിനോട് രണ്ടു ചായ, കടുപ്പമുള്ളത് തനിക്ക് കടുപ്പം കുറഞ്ഞത് വറീതിന് എന്ന് വിശദാംശ വ്യക്തതയോടെ പുഞ്ചിരിച്ചു കൊണ്ട് ഓർഡർ ചെയ്തു.
സ്വയം തിരുത്താനവസരം കിട്ടിയതിൻ്റെ ആഹ്ലാദത്തിലും ഉപഭോക്താക്കൾക്ക് സംതൃപ്തിയുണ്ടായാൽ ലഭിക്കുന്ന ടിപ്പിനെ സ്വപ്നം കണ്ടും ആ ബീഹാറി, മുസ്ലിം യുവാവ് അടുക്കളയിലേക്ക് ഓടി.
വറീത് സാറയുടെ കൈപ്പടത്തിനു മീതെ കൈ വച്ചു.

By ivayana