ചെറുകഥ : തോമസ് കാവാലം ✍

“ചേച്ചി, ചേട്ടൻ ആശുപത്രിയിലാന്ന് ,”അനൂഷ ആകാംക്ഷയോടും വ്യസനത്തോടും പറഞ്ഞു.
“എന്ത്, ചേട്ടനോ? എന്തുപറ്റി?”ഐശ്വര്യ ആശ്ചര്യത്തോടെ ചോദിച്ചു.
“കല്ലേറിൽ നെഞ്ചിനു പരിക്കേറ്റു”, അനൂഷ കരച്ചിലിന്റെ വക്കത്തായിരുന്നു.
“കല്ലേറോ? നെഞ്ചിനോ?”
അപ്പോഴാണ് ഐശ്വര്യയ്ക്ക് അന്നത്തെ ഹർത്താലിന്റെ കാര്യം ഓർമ്മവന്നത്.സംസ്ഥാനത്തെ ഒരു പ്രമുഖ സംഘടന പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.എന്തോ സാമ്പത്തിക ക്രമക്കേട്ടു പറഞ്ഞു ദേശീയഏജൻസി സംഘടനാ നേതാക്കന്മാർക്ക് എതിരെ കേസെടുത്തത്രേ.
“ഏതാശുപത്രിയിലാ,മോളേ?ആരാ നിന്നോടികാര്യം പറഞ്ഞത്?” ഐശ്വര്യ ചോദിച്ചു.
“ഇതാ ഇപ്പോ ഒരു ചേട്ടൻ ഇവിടെ വന്നുപറഞ്ഞിട്ട് ഉടൻ പോയി. ബൈക്കിലാ വന്നേ. ജില്ലാ ആശുപത്രിയിലെന്ന പറഞ്ഞെ.”
അനൂപ് അവരുടെ പ്രിയപ്പെട്ട സഹോദരനായിരുന്നു. അവന് പോലീസിൽ ജോലികിട്ടിയപ്പോൾ ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നമാണ് യഥാർഥ്യമായത്. അച്ഛനും അമ്മയും പത്തിനെട്ടിലെ വെള്ളപ്പൊക്കത്തിൽ മരിച്ചുപോയതാണ്. പിന്നെ ഏറ്റവും മൂത്തയാൾ എന്നനിലയിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഐശ്വര്യയുടെ തലയിൽ വന്നുവീണു. താഴെയുള്ള രണ്ടുപേർക്കുവേണ്ടി ജീവിതം മാറ്റിവെച്ചു. നിസ്വാർത്ഥമായി ജീവിച്ചു, വിവാഹപ്രായം കടന്നു.
ഒരിക്കൽ താനും അനൂപും തമ്മിൽ ഒരു വാക്കുതർക്കം ഉണ്ടായത് അവൾ ഓർത്തു.അന്ന് അവൻ ജോലിക്കു കയറിയിട്ടേയുള്ളു.ആനൂപ് പ്രൊബേഷനിൽ ആയിരുന്നു. പോലീസ്സിലെ ഒരു വിഭാഗം ശമ്പളം കൂട്ടികിട്ടാനും മറ്റ് അനൂകൂല്യങ്ങൾക്കുമായി സമരത്തിലായിരുന്നു.
“എന്താ നീ സമരം ചെയ്യുന്നില്ലേ?”
അവൾ ചോദിച്ചു.
“സമരം!ഇന്നലെവരെ തൊഴിലില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇന്നു സമരം ചെയ്യുക. എന്തൊരു വിരോധാഭാസം.”, ആനൂപ് എതിർപ്പ് പ്രകടിപ്പിച്ചു.
“അതു നീ പ്രൊബഷനിൽ ആയതുകൊണ്ടല്ലേ. ഇതൊന്നു കഴിയട്ടെ നീയും ഒരു സംഘടനയിൽ അംഗമാകും,”ഐശ്വര്യ പറഞ്ഞു.
“ഇല്ല ചേച്ചി, ഞാൻ ഒരു സംഘടനയിലും അംഗമാകില്ല. എന്റെ ജോലി ആത്മാർത്ഥതയോടെ ചെയ്യും. യൂണിയൻ പ്രവർത്തനം പുറത്തു നിർത്തും”, അവൻ പറഞ്ഞു.
“അതൊക്കെ ഇപ്പോൾ പറയും. മൂക്കുമ്പോൾ എല്ലാവനും കിമ്പളം വാങ്ങിക്കും. ഞാൻ കേട്ടിരിക്കുന്നത് ഒരു പോലിസ് സ്റ്റേഷനിൽ ആരുകൈക്കൂലി വാങ്ങിയാലും അത് എല്ലാവരുമായി പങ്കുവെക്കുമെന്നാണ്. അതിന് എല്ലാവരും ഒറ്റകെട്ടാണ്. അല്ലെങ്കിൽ ഒറ്റപ്പെടും.”
“അതൊക്കെ പഴയ കഥ. ഇന്നെല്ലാം നീറ്റാണ്”, അനൂപ് തട്ടിവിട്ടു.
“ഏതായാലും കണ്ടറിയാം”,ഐശ്വര്യപ്രതീക്ഷ പ്രകടിപ്പിച്ചു. അവൾക്കു അവന്റെ ആദർശത്തിൽ അഭിമാനം തോന്നി.പക്ഷെ അവൻ ഒറ്റപ്പെടുമോയെന്ന ആശങ്ക അവളെ ഭയപ്പെടുത്തിയിരുന്നു.
“മോളേ അനൂഷ,റെഡി ആയിക്കോ. നമ്മുക്ക് ആശുപതിയിലേക്ക് പോകാം”, അതു പറഞ്ഞു കൊണ്ട് ഐശ്വര്യ സ്വയം വസ്ത്രം മാറാൻതുടങ്ങി. ഓലകൊണ്ടു മറച്ച ആ ഒറ്റമുറിവീടിന്റെ അടുക്കള ഭാഗത്തു നിന്നു അനൂഷയും തുണിമാറി.
ആശുപതിയിലെത്തിയ ഐശ്വര്യ അനൂപ് ഐ സി യു വിലാണെന്ന് മനസ്സിലാക്കി അങ്ങോട്ട്‌ ചെന്നു. അവിടെ രണ്ടു പോലീസ്സുകാർ വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.ഐശ്വര്യയെ അവർ കണ്ടില്ല. അവർ ഗൗരവതരമായ എന്തോ ചർച്ചചെയ്യുകയായിരുന്നു.
“എന്താ അവന്റെ ഭാവി! ഒരുപക്ഷെ ജീവൻ തിരിച്ചു കിട്ടിയാലും സെർവിസിൽ തുടരാനാകുമോ?” ഒരാൾ ആരാഞ്ഞു.
“എല്ലാവർക്കും അയാൾ കണ്ണിലെ കരടായിരുന്നു,”മറ്റെയാൾ പ്രതികരിച്ചു.
“ഒരു പക്ഷവും ചേരാതെ നിന്ന് എല്ലാവരെയും വെല്ലുവിളിച്ചപ്പോൾ ഇതോർത്തുകാണില്ല.”
“ഇതല്ലേ നമ്മൾ എപ്പോഴും ഭരണപക്ഷ സംഘടനയിൽ നിൽക്കുന്നത്.”
അതു പറഞ്ഞിട്ട് അയാൾ ഒരു വല്ലാത്ത ചിരി ചിരിച്ചു. എന്നിട്ട് നോക്കിയത് ഐശ്വര്യയുടെയും അനൂഷയുടെയും നേരെയാണ്.
അവൾ അതിശയത്തോടെയും ദുഖത്തോടെയും രണ്ടു പോലീസ്കാരേയും മാറി മാറി നോക്കി. എന്നിട്ട് ഒരു പ്രതിമപോലെ അവിടെ നിന്നു.
“ആരാ, എന്തുവേണം”, ഒരു പോലീസ്സുകാരൻ ചോദിച്ചു.
“ഞാൻ അനൂപിന്റെ സഹോദരിയാണ്.”
“ഇന്നു കാണാൻ പറ്റുമെന്നു തോന്നുന്നില്ല. അല്പം സീരിയസ് ആണ്. അകത്ത് മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്.”
“മൊഴിയോ?”അവൾ ചോദിച്ചു.
“ഹ, മരണമൊഴി!!എന്താ സംഭവിച്ചതെന്ന് അറിയണമല്ലോ.”
“കൂടെനിന്ന പോലീസ്സുകാരനെ ആക്രമിച്ചെന്ന കേട്ടത്. ആക്രമികളെ അമർച്ചചെയ്യാൻ അയാൾ തോക്കെടുത്തത് ഇയാൾക്കിഷ്ടപ്പെട്ടില്ല. പിന്നെ തമ്മിൽ അടിച്ചു. മറ്റേയാളെ ഇയാൾ ആക്രമിച്ചു. ഇയാൾ ഹർത്താൽ അനുകൂലിയായിരുന്നു.ഇയാൾ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെയാളാണെന്നാ സംസാരം.”
“ഇല്ല. ഒരിക്കലും അതു ശരിയല്ല. അവൻ അത്തരക്കാരനല്ല.”
ഐശ്വര്യയ്ക്കു ഇടയ്ക്കുകയറി പറയണമെന്ന് തോന്നി. പക്ഷെ, സഹോദരന്റെ ജീവൻ അപകടത്തിലാണല്ലോ എന്നോർത്തപ്പോൾ ദുഃഖവും ആകാംക്ഷയും അവളെ കീഴടക്കി.
“ഇനിയിപ്പം ശരിയല്ലെങ്കിലും ജീവിതം തീർന്നില്ലേ!”പോലീസ്സു കാരൻ നിസ്സംഗ ഭാവത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു.
ആ സമയത്ത് ഏതാണ്ട് അറുപതുവയസ്സു പ്രായമുള്ള ഒരു സ്ത്രീ അവിടെയ്ക്ക് പാഞ്ഞു വന്നു. അവരുടെ കൂടെ ഏകദേശം പത്തുവയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വന്നപാടെ അവർ അലമുറയിട്ടു കരയാനും പറയാനും തുടങ്ങി.
“എവിടെ ആ സാർ.!എന്റെ കൊച്ചുമകളെ രക്ഷിച്ച പോലീസ്സുകാരൻ മാലാഖ. അയാൾ ഇല്ലായിരുന്നെങ്കിൽ എന്റെ ഈ കുഞ്ഞിനെ ഹർത്താലനുകൂലികൾ കൊന്നേനെ. ഈ കുഞ്ഞിന്റെ നേരെ വന്ന വലിയൊരു കല്ല് ആ സാർ നെഞ്ചുകാട്ടി തടഞ്ഞു.ഞങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് ഹർത്താലുകാരുടെ പിടിയിൽ പെട്ടത്. ആ സാർ ഞങ്ങളെ രക്ഷിച്ചു.”ആ സ്ത്രീ അപ്പോഴും പറഞ്ഞതുതന്നെ വീണ്ടും ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.
ഐ സി യു വിന്റെ വാതിൽക്കൽ പെട്ടെന്ന് ജനംകൂടി. അവിടെ നിന്ന പോലീസ്സുകാർ ഇതെകേട്ട് സ്തബ്ധിച്ചു നിന്നു. ഐശ്വര്യയുടെ കണ്ണിൽകണ്ണീർ പൊടിഞ്ഞു.അവൾ അനൂഷയെ കെട്ടിപ്പിടിച്ചു കരഞ്ഞു.അവർക്ക്‌ അവനെക്കുറിച്ച് അഭിമാനം തോന്നി.
“അനൂപ് നീ മരിക്കില്ല. ഒരിക്കലും മരിക്കില്ല.”ഐശ്വര്യയുടെ മനസ്സു മന്ത്രിച്ചു.
ഐ സി യു വിൽനിന്നും വന്ന ഡോക്ടർ ചെറുതായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

തോമസ് കാവാലം

By ivayana