രചന : ഷിഹാബ് സെഹ്റാൻ ✍
ചായം തേയ്ക്കാത്ത
വിണ്ടടർന്ന ഭിത്തിക്ക്
മുകളിലൂടെ പറന്നുപോകുന്ന
പക്ഷിക്കൂട്ടം.
.
അതിനുതാഴെ, ഇനിയും
നിലച്ചിട്ടില്ലാത്തൊരു
ഘടികാരത്തിൻ്റെ മിടിപ്പ്.
.
അതിനുതാഴെ, തേരട്ടകളെപ്പോലെ
ഇഴഞ്ഞുനീങ്ങുന്ന കുറെ
ഫോൺനമ്പറുകൾ.
(അവയെല്ലാം നിലവിലില്ലാത്തവയാണ്.
അല്ലെങ്കിൽ പരിധിക്ക് പുറത്തുള്ളവ.)
.
അതിനുതാഴെ പ്രാണികളെപ്പോൽ
പാറുന്നു കലണ്ടറിലെ അക്കങ്ങൾ.
(വർഷങ്ങളും, മാസങ്ങളും,
ചിലപ്പോൾ നിമിഷങ്ങൾ പോലും
എത്രയോ വ്യർത്ഥം. അപ്രസക്തം!)
.
അതിനുതാഴെ പുസ്തകങ്ങൾ,
വാലൻമൂട്ടകൾ,
ചിതൽപ്പുറ്റുകൾ…
(ഭൂതകാലത്തെ വിവരിച്ചു
തീർന്ന അക്ഷരങ്ങളുടെ ഊർധശ്വാസം!)
.
അതിനും താഴെ കറുപ്പ്.
ആഴക്കറുപ്പ്!!
അതിൻ്റെയുമറ്റത്തെ കോണിൽ
ഏകാന്തതയെക്കുറിച്ചുള്ള
കവിതയെഴുതാൻ മാത്രമായ്
ഒരു തൂലിക അവശേഷിക്കുന്നു!
⚫
