രചന : ബാബുരാജ് കടുങ്ങല്ലൂർ ✍
നിൻ്റെ നേർത്ത് മെലിഞ്ഞ് വെളുത്ത വിരലുകളാലാണ്
നീയെനിക്കൊരു കവിതയെഴുതിയത്!?
സൂക്ഷ്മമായ ഒരു ഋതുവിനെ വര- യ്ക്കാൻ നീ മറന്നിട്ടില്ലായിരുന്നു !
നിൻ്റെ വസന്തത്തിനും ശിശിര-
ത്തിനും ഇടയിലേക്കാണ് അത്
കടന്ന് വന്നത് !
ഒരു ഗ്രീഷ്മം………
ഊർജ്ജ പ്രവാഹങ്ങൾ പോലെ
ഒരു സൂര്യാംശം നിൻ്റെ വീറ്റ് പാട-
ങ്ങളിൽ മയങ്ങി കിടന്നിട്ടില്ല!
അങ്ങിനെയല്ല………
അത് നിൻ്റെ അകക്കാമ്പിൽ
പ്രണയത്തിൻ്റെ വേരുകളിൽ തീ
പടർത്തി നിന്നെ ഉന്മാദിനിയാക്കി –
യിരുന്നു !!
♦️
ഇനി നിൻ്റെ അധരങ്ങൾ……..?
പച്ചനിറമുള്ള കാടിൻ്റെ വന്യതയുടെ
ഒരു മണമായിരുന്നു അവറ്റകൾക്ക് !
ചെറുനാരകത്തിൻ്റെ പുളിവാണ്
നിൻ്റെ യാമത്തിനെന്ന് ഈ
അധരങ്ങളാണ് മൊഴിഞ്ഞത്!
നീയെനിക്കിപ്പോൾ ഒരു
ശീതോഷ്ണ ഭൂമിക !
എൻ്റെ വികൃതികളുടെ ഗന്ധമാണ്
ഇന്ന് നിൻ്റെ കാറ്റുകൾക്ക് പാട്ട് !!
ഇനിയും നീ വരച്ചു കൊണ്ടിരിക്കണം !!
പ്രണയത്തിൻ്റെ തോറ്റംപാട്ടും –
മുറിഞ്ഞ് അത് നിൻ്റെ വ്യഥകളിൽ
വീണ് കരയണം!?
♦️
ഇല കൊഴിഞ്ഞ മരമാണെനിക്ക്
നീയെന്ന ഗ്രീഷ്മം…..!
നിൻ്റെ കൊലുന്നനെയുള്ള
വിരലുകൾ എൻ്റെ ഹൃദയത്തിലെ
കരിമുകിലുകളെ വരയ്ക്കുമോ?
അന്ന് കാറ്റാടികൾ ഒരു കഥ
പറയും?
ഒരു കടൽ വറ്റി അതൊരു ഉപ്പിൻ്റെ
മലയായി മാറിയെന്ന് പറയും!?
ഇപ്പോൾ എൻ്റെ നക്ഷത്രങ്ങളെ
നോക്കു?
നിൻ്റെ കണ്ണുകളിപ്പോൾ എൻ്റെ
ഹൃദയത്തിലേക്ക് സൗരയൂഥത്തി –
ൻ്റെ ചുട്ട നീറ്റൽ പടർത്തുന്നുണ്ട് !
കത്തിയൊടുങ്ങിയ പ്രണയത്തിൽ
ഇനി ബാക്കിയെന്തുണ്ടെന്നോ?
♦️
നിൻ്റെ നേർത്ത് മെലിഞ്ഞ് വെളുത്ത വിരലുകളാലാണ്
എൻ്റെ കൂടുപേക്ഷിച്ച മരങ്ങളെ
വരച്ചത് !!
ഗ്രീഷ്മമിറങ്ങി കരിഞ്ഞു തുടങ്ങിയ
കാടുകൾ…….
പൂക്കളുടെ സുഗന്ധം കരിയുമ്പോൾ
ഈറൻ വറ്റിയ ഹൃദയത്തിൽ
നിന്നും ഞാൻ നിനക്കിനി പ്രണയ-
മെന്നൊരു പേരിടും?
The Love OF Summer……..
നമുക്കിനി ഇരുണ്ട കവാടങ്ങൾക്കകത്ത് മാത്രമാണ്
സ്വപ്നമെന്ന മരുഭൂമികൾ?!
ചുട്ടു തിന്നാൻ മാത്രം അസ്ഥികൾ
പൊടിഞ്ഞ ഒരു കാട് !!
അധരങ്ങൾ…….
നാരകമരത്തിൻ്റെ പുളിയറിവ് |
ഇപ്പോഴും……….
ചുട്ടു നീറി കിടപ്പുണ്ട് – നിൻ്റെ
അഗ്നികാണ്ഢത്തിലെ പ്രളയം !!
♦️♦️♦️♦️♦️♦️
( ഈ കവിത റഷ്യൻ എഴുത്തു കാരനായ വേര -പാവ്ലോവക്ക്
സമർപ്പിക്കുന്നു)

