രചന : ഉണ്ണി കെ ടി ✍
എന്‍റെ ജനലോരത്ത് ഇപ്പോഴും
നിലാവ് വീഴുന്നുണ്ട്…..,
നിഴലും, വെളിച്ചവും സമം
ചാലിച്ചെടുത്ത നിലാവ്…!
നിശാഗന്ധിപൂക്കും യാമത്തിലെ
മന്ദാനിലന്‍ സുഗന്ധ സാന്ത്വനം
പോലെ തഴുകിയെത്തുന്നു…,
താഴ്വാരങ്ങളിലെ
വൃക്ഷശാഖികളില്‍
ഇണക്കിളികള്‍
കൊക്കുരുമ്മുന്നുണ്ടാവും.
ഓര്‍മ്മയുടെയും, മറവിയുടെയും
ഇടനിലങ്ങളില്‍, ഈ നിലാത്തോട്ട-
ങ്ങളില്‍ പ്രണയത്തിന്‍റെ മുന്തിരി-
ച്ചാറുനിറച്ച ചഷകവുമായി
നീയുമെന്നൊപ്പമുണ്ടായിരുന്നതല്ലേ…,
വിടപറയാന്‍ മൊഴികള്‍ തിരഞ്ഞ്
പിന്നീട് നീ പതറുമ്പോള്‍
പ്രണയാക്ഷരങ്ങളെ അതിവ്യയം
ചെയ്തതിന്‍റെ നോവ് നിന്‍റെ
അപൂര്‍ണ്ണവാക്യങ്ങളില്‍ ഞാനൊട്ടും
പണിപ്പെടാതെ വായിച്ചെ-
ടുക്കുന്നുണ്ടായിരുന്നു….,
വഴിപിരിയുംമുന്‍പേ
വേദനയും വേദാന്തവും
സമരസപ്പെടുത്തി
നീയെന്നെ സാന്ത്വനി-
പ്പിക്കുമ്പോള്‍നിഴലും,
വെളിച്ചവും സമം ചാലിച്ച
നിലാവ് നരച്ചു നിറം
മങ്ങിയത് ഞാന്‍ മാത്രമേ
അറിയുന്നുണ്ടായിരുന്നുള്ളൂ…,
അനാദികാലങ്ങളിലൂടെ
തിരസ്കാരങ്ങളുടെ
തീക്ഷണതകളില്‍
നിസ്സംഗതയോടെ, നേട്ട-
നഷ്ടങ്ങളുടെ ഇരുകര-
ദൂരങ്ങള,ളക്കാതെ
ഞാന്‍ നീന്തിക്കയറിയ
ആഴിപ്പരപ്പുകള്‍ക്കു
മുകളില്‍ സമരസപ്പെടാത്ത
നിലാക്കാലങ്ങളുടെ
ഭൂമികയില്‍ നിഴല്‍ച്ചിത്രങ്ങളെത്ര
തെളിഞ്ഞുമാഞ്ഞു…?!
അന്നു,മിന്നും നിറം മങ്ങാതെ-
യോര്‍മ്മയില്‍
നഖക്ഷതങ്ങളാല്‍ക്കോറിയിട്ട
പ്രണയാക്ഷരങ്ങള്‍
പരാതിചൊല്ലാതെ,
പരിഭവിയ്ക്കാതെ
പരസ്പരം പ്രണയിക്കുന്നു.
പാതിരാക്കാറ്റിനൊപ്പമണയും
നിന്നോര്‍മ്മകള്‍
തന്‍ സുഗന്ധവും, കുളിരും
നുകര്‍ന്നീ ജാലക കാഴ്ച്ചകളില്‍,
രാക്കിളിപ്പാട്ടിനൊപ്പ-
മിന്നും പ്രണയി ഞാനെന്‍റെ
ഹൃദയമുരളി ചുണ്ടോടു
ചേര്‍ത്തു പാടുന്നു, നീ മറന്നൊരാ
പ്രണയഗീതം………!
ഇപ്പോഴും എന്‍റെ ജനലോരത്ത്
നിലാവ് നിഴലും, വെളിച്ചവും
സമംചേര്‍ത്ത് വെറുതെ
കാത്തുനില്‍പ്പുണ്ട്,
പിന്മടങ്ങും മുന്‍പെ-
യൊരിക്കല്‍ക്കൂടി
നിന്‍റെ കൊലുസ്സിന്‍റെ-
യൊച്ചയ്ക്കായ്
കാതോര്‍ക്കുംപോലെ…..!

