രചന : കാഞ്ചിയാർ മോഹനൻ ✍
സത്യവുമസത്യവുമൊരിക്കലൊരു പുഴയുടെ,
തീരത്തു വച്ചൊന്നു കണ്ടുമുട്ടി.
സത്യം പറഞ്ഞൂ അസത്യമേ നീയെന്റെ
വില കളഞ്ഞെന്തിനു ജീവിക്കുന്നു.
ക്ഷുഭിതനായ് ചൊല്ലീ, അസത്യം ഞാനെപ്പൊഴും
ജനഹിതത്തോടൊപ്പം വാഴുന്നവൻ.
ഞാൻ ചിലയ്ക്കുമ്പോൾ നീ മൂകമാകുന്നത്
നിന്റെ കുറവുകൾ തന്നെയല്ലേ ?
സത്യം പറഞ്ഞൂ , ഞാനെന്തു പറഞ്ഞാലും
കപടമായ് നീയെന്റെ മുന്നിലില്ലെ’
എന്റെ നിലയും വിലയും നിനക്കില്ല,
യെങ്കിലും നീയെന്റെ മുന്നിലെന്തേ ?
ബലമെനിക്കാണെന്നു സമ്മതിക്കില്ലെങ്കിൽ
ബലമൊന്നു നോക്കാം അസത്യം ചൊല്ലീ,
ഈ പുഴയക്കരയിൽ നിന്നക്കരനീന്തിയാൽ
സത്യമേ നീ തന്നെ ഉത്തമർണ്ണൻ .
ഇരുവരും സമ്മതിച്ചക്കരെനീന്തിയൊ
ന്നിക്കരെയെത്തുവാൻ വാതു വച്ചു.
സത്യം,വിവസ്ത്രനായ് പുഴ നീന്തിയകലുമ്പോൾ
അസത്യം മാ വസ്ത്രം ധരിച്ചു നീങ്ങി.
സത്യമൊന്നക്കരെപ്പോയിത്തിരിച്ചെത്തി
നോക്കുമ്പോൾ തന്നുടെ വസ്ത്രമില്ല.
അസത്യം ആ വസ്ത്രം ധരിച്ചു പുറപ്പെട്ടു,
സത്യമായ് നാട്ടിൽ നിറഞ്ഞു നിന്നു.
സത്യം അസത്യത്തിൽ വസ്ത്രമണിഞ്ഞില്ല
നഗ്നനായ് സത്യം അലഞ്ഞു നാട്ടിൽ.
ഞാനാണു യാഥാർത്ഥ്യ സത്യമെന്നെല്ലാരേം
കേണു പറഞ്ഞു നടന്നുനീങ്ങി……
അങ്ങിനെ കിട്ടി, യഥാർത്ഥ സത്യത്തിന്
നഗ്നസത്യം എന്ന പേരു തന്നെ
നഗ്നനായിന്നുമാ സത്യം നടക്കുന്നു
സത്യമായ് സത്യം വെളിപ്പെടുത്താൻ ?

