ന്യൂയോർക്ക്: കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലോകം  കേട്ടുകേൾവിയില്ലാത്ത ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് മഹാമാരി ലോകത്തെ ഇന്ന് കീഴ്മേൽ മറിച്ചിരിക്കുകയാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തോട് ഗവർണർ ആദ്യമായാണ് ഓൺ ലൈനിൽ ആശയ വിനിമയം നടത്തുന്നത്.
ഭാരതീയരെ സംബന്ധിച്ച് ഇപ്പോൾ നമ്മൾ കടന്നുപോകുന്ന സമയം ആഘോഷങ്ങൾക്കോ ഉത്സവ വേളകൾക്കോ ഉള്ളതല്ല. കാരണം കോവിഡ് മഹാമാരിക്ക് പുറമേ കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി ഇന്ത്യ ഭീകരവാദത്തിന്റെ ഭീഷണമായ മുഖം കണ്ടു കൊണ്ടിരിക്കുകയാണ്. പുറമെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും നിലനിർത്താൻ അതിർത്തിയിൽ വീരജവാൻമാർക്ക് ജീവത്യാഗം ചെയ്യേണ്ടിയും വന്നിരിക്കയാണ്. രാജ്യത്തോടും രാജ്യ രക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച ജവാൻമാരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രാർത്ഥനയോടെ കഴിയേണ്ട വേളയാണിതെന്നു  അദ്ദേഹംഓർമിപ്പിച്ചു.

 ഈ കോവിഡ് കാലത്ത് കേരളത്തിലെ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും അവരുടെ നിസ്വാർത്ഥ സേവനത്തിന്റെ മഹിമയിൽ സ്വദേശത്തും വിദേശത്തും പ്രശംസിക്കപ്പെടുകയാണ്. വിലമതിക്കാത്ത സേവനമാണ് അവർ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും കാനഡയിലും അനുഷ്ഠിച്ചു വരുന്നത്.
 കേരളീയ സംസ്കാരത്തെയും കേരളീയരെയും പ്രതിനിധീകരിക്കുന്ന ഫൊക്കാന എന്ന ഈ മലയാളി സംഘടന രൂപീകൃതമായിട്ട് 35 വർഷം കഴിഞ്ഞുവെന്നത് സന്തോഷകരമായ അറിവാണ്. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നാവും സേവകനുമായ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സന്നദ്ധ സേവനങ്ങളിലും ഫൊക്കാന സ മൂഹത്തിന് ഒട്ടേറെ സഹായങ്ങളാണ് ചെയ്തു വരുന്നത്. ഇത് ശ്ലാഘനീയമാണ്. ഭാരതത്തിന്റെ അഭിമാനമായ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ അമേരിക്കൻ സന്ദർശന വേളയിൽ ഫൊക്കാനയുടെ ചടങ്ങിലും പങ്കെടുത്തു വെന്നത് ഫൊക്കാനയുടെ സൗഭാഗ്യമാണെന്ന്  ഗവർണർ പറഞ്ഞു.

  കോവിഡാനന്തര ലോകം എങ്ങനെയാകുമെന്ന് പ്രവചിക്കുക ഇപ്പോൾ അസാധ്യമാണ്. സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികളെ നമുക്ക് അഭിമുഖീകരിക്കേണ്ടിവന്നേക്കാം. നഷ്ടങ്ങൾ വിലമതിക്കാനാവത്തതാണ് . ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളുടെ സുഗമമായ ജീവിതത്തിന് വേണ്ടി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതും നടപ്പിലാക്കുന്നതും. മാറുന്ന സാഹചര്യത്തിന് അനുസൃതമായി പരസ്പരം സഹായമാകാനും താങ്ങാകാനുമാണ് നമ്മൾ ശ്രമിക്കേണ്ടത്.

  ആർഷ  ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും ഉദ്ഘോഷിക്കുന്നതും അന്യനെ നമ്മളിൽ തന്നെ ദർശിക്കാനും ചരാചരങ്ങളിലും ഈശ്വര ചൈതന്യം കണ്ടെത്താനുമാണ്. കേരളത്തിൽ നിന്നുള്ള മഹാ ഗുരു ആദി ശങ്കരനും കപിലമഹർഷിയും സ്വാമി വിവേകാനന്ദനും ഉദ്ഘോഷിച്ചിട്ടുള്ളത് സമാനമായ ദർശനം തന്നെയാണ്. ഭഗവത് ഗീതയും മറ്റൊന്നല്ല സാക്ഷ്യപ്പെടുത്തുന്നത്. ഭാരത ദർശന ങ്ങളുടെ പൊരുൾ തന്നെ അഹം ബ്രഹ്മാസ്മി അഥവാ തത്വമസി എന്നാണ്.

 പേശിബലത്തിലോ , സാമ്പത്തിക ശക്തിയിലോ, ബുദ്ധി പ്രഭാവം കൊണ്ടോ അല്ല ഭാരതത്തിലെ ആത്മീയാചാര്യൻമാർ സമൂഹത്തിൽ പരിഷ്ക്കരണങ്ങൾ നടപ്പാക്കിയത്. അവർ മാറ്റം സാധ്യമാക്കിയത് അവരുടെ ആത്മബലം കൊണ്ടായിരുന്നു. കോവിഡാനന്തരം ലോകം പുതിയൊരു ജീവിത ക്രമത്തിലേക്ക് വരുമ്പോൾ ഭാരതത്തിന്റെ സനാതന മൂല്യങ്ങളെയായിരിക്കും ദിശാബോധത്തിനായി ലോക രാഷ്ട്രങ്ങൾ അവലംബിക്കുക. ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വത്തിനും സഹിഷ്ണുതയ്ക്കും ശക്തി പകരുന്നത് രാഷ്ട്രത്തിന്റെ പാരമ്പര്യവും പൗരാണികതയുമാണ്. നേതൃത്വത്തിനായ് ലോക രാഷ്ടങ്ങൾ ഇന്ത്യയെ ആയിരിക്കും ഉറ്റു നോക്കുക.

പുതിയ ലോക സൃഷ്ടിയിൽ കേരളീയർക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്. കേരളീയരുടെ കഠിനാദ്ധ്വാനവും സ്വീകാര്യതയും ലോകം മുഴുവൻ അറിയുന്ന വസ്തുതയാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും കേരളീയരായ പ്രവാസികൾ വലിയ പങ്കാണ് വഹിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.ഈ കാലത്തെയും നാം അതിജീവിക്കുമെന്ന് പറഞ്ഞ ഗവർണർ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ സ്വാഗതം ആശംസിച്ചു.
യു എസ് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് കൃഷ്ണകിഷോർ,ജോയിന്റ് സെക്രട്ടറി ഡോ.സുജ ജോസ്  എന്നിവർ  മോഡറേറ്ററായി പ്രവർത്തിച്ചു.ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖപ്രസംഗം നടത്തി . ട്രസ്റ്റി ബോർഡ്” അംഗം മാമൻ സി ജേക്കബ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാൻ, ഫൊക്കാന മുൻ പ്രസിഡന്റ് മൻമഥൻ നായർ , വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ തങ്കം അരവിന്ദ്, ഫൊക്കാന നാഷണൽ കോർഡിനേറ്റർ പോൾ കറുകാപള്ളി ൽ , ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് പ്രസിഡന്റ് ജോർജ് കാക്കനാട് , ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി, അനുപമ വെങ്കിടേഷ്, കൺവൻഷൻ ചെയർ പേഴ്സൺ ജോയി ചേക്കപ്പൻ, ലോക കേരള സഭ അംഗം ഷിബു പിള്ള , നൈന പ്രസിഡന്റ് ആഗ്നസ് തേരടി, ഫൊക്കാന വിമൻസ് ഫോറം ചെയർ  ലൈസി അലക്സ് , ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം  സണ്ണി ജോസഫ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ  മുൻ പ്രസിഡന്റ് ജോഷ്വ  ജോർജ് എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.
ഡോ. രഞ്ജിത് പിള്ള , സുരേഷ് തുണ്ടത്തിൽ എന്നിവർ  കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിച്ചു.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ നന്ദി രേഖപ്പെടുത്തി.

By ivayana