രചന : രാഗേഷ് ✍️
“അനധികൃതമായി ഗോതമ്പുണ്ടകൾ ഉണ്ടാക്കുന്നു,
ലോക വിശപ്പിന് ഭീഷണിയാകുന്ന തരത്തിൽ ഗോതമ്പു കൊയ്തിറക്കുന്നു “.
അണ്ണൻ
പടക്കപ്പൽ എന്റെ അടുക്കളയ്ക്കു ചുറ്റും
അണി നിരത്തുന്നു
“അർമദ അർമദ”യെന്ന് അണ്ണൻ അട്ടഹാസം!
ഞാനപ്പോൾ ആഭ്യന്തര വിശപ്പ് മാറ്റാൻ
ഉപ്പുമാവ് ഉണ്ടാക്കുന്ന തിരക്കിൽ
പ്രപഞ്ചത്തിൽ കൊയ്യുന്ന
മുഴുവൻ ഗോതമ്പിന്റെ ഒടുവിലെ മണിയും തപ്പി
അണ്ണന്റെ പ്രപഞ്ചാരംഭത്തിലേയുള്ള യാത്ര
എന്റെ അടുക്കള മുറ്റത്ത് എത്തി നിൽക്കുന്നു.
അർമദകളിൽ പൊക്കി വച്ചിരിക്കുന്ന
കൂറ്റൻ പുട്ട് കുറ്റികൾ…
ഞാൻ :അണ്ണാ എനിക്ക് വിശക്കുന്നു,
ഞാൻ ഉപ്പുമാവ് തിന്നട്ടെ
അണ്ണൻ :നീ ഗോതമ്പുണ്ടകൾ ഉണ്ടാക്കുന്നത് നിർത്തുക
ഞാൻ :ഇവിടെ ഉപ്പുമാവാണ്, ഗോതമ്പ് ഇല്ല
അണ്ണൻ :നീ ഗോതമ്പ് സംപുഷ്‌ടീകരിക്കുന്നു
ഞാൻ :റവ വറുക്കുന്നു
അണ്ണനും സംഘവും അടുക്കള ആക്രമിച്ചു തിരച്ചിലോടു തിരച്ചിൽ
എന്റെ ഉപ്പുമാവിൽ ഷൂ പാടുകൾ,
കുനിച്ചു നിർത്തി ആസനത്തിൽ വിരലിട്ട്
ഗോതമ്പ് പൊടികൾ തിരയുന്നു.
അടുക്കള മുച്ചൂടും നശിപ്പിച്ച്,
എന്റെ ഉപ്പുമാപാത്രം തട്ടി മറിച്ച്,
എന്റെ വിശപ്പിനെ പുകച്ച്
അണ്ണനും അണ്ണന്റെ അർമദയും
ഒന്നും കിട്ടിയില്ലെന്ന്..!
അവർ “ഗോതമ്പ്,ഗോതമ്പ്” എന്ന്
ലോകം അവരോടു “ഗോ ഗോ “എന്ന്.
സമുദ്രത്തിൽ യുദ്ധത്തിനായി അണിനിരത്തിയിരിക്കുന്ന കപ്പലുകളുടെ ഒരു വലിയ കൂട്ടത്തെയാണ് പൊതുവെ അർമദ (Armada) എന്ന് വിളിക്കുന്നത്. സ്പാനിഷ് ഭാഷയിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്.

