രചന : ഒ.കെ.ശൈലജ ടീച്ചർ ✍

വൃശ്ചികക്കുളിരിന്റെ ആലസ്യത്തിൽ പുതപ്പ് ഒന്നുകൂടി തലവഴി മൂടിപ്പുതച്ചു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. അപ്പോഴാണ് ഫോൺ ബെല്ല് കേൾക്കുന്നത്.
ശ്ശോ …. വയ്യ
ആരാണാവോ തണുത്ത വെളുപ്പാൻ കാലത്ത് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ”
സ്വയം പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് ഫോണെടുത്തു.
“ഓ അമ്മയാണല്ലോ എന്തിനായിരിക്കും അതി രാവിലെ വിളിക്കുന്നത്”
“ഹലോ അമ്മേ …. അമ്മ ഉറങ്ങാതെയിരിക്കുകയാണോ ? എന്താ വിശേഷം അതി രാവിലെ വിളിക്കാൻ”
” മോളേ നീ വേഗം ഇങ്ങോട്ടു വാ….എന്താണെന്നറിയില്ല അച്ഛന് തീരെ വയ്യ. ഡോക്ടറെ കാണിച്ചെങ്കിലും ഭേദമാകുന്നില്ല”
“, ശരി അമ്മേ …ഞാൻ ഇവിടെ ഹരിയേട്ടനേയും മക്കളേയും പറഞ്ഞ യച്ചിട്ട് ഉടനെയെത്താം. അമ്മ പ്രയാസപ്പെടാതെ. സമാധാനമായിട്ടിരിക്കൂ”
“ദീപേ എന്താ കാര്യം ? ആരാ വിളിച്ചത് ?”
“അമ്മയാണ് ഹരിയേട്ടാ …ഞാൻ നിങ്ങൾക്കുള്ള ഫുഡ് ഉണ്ടാക്കി വെച്ചിട്ട് വേഗം പോകാൻ നോക്കട്ടെ”
” ഞാൻ കൂടെ വരണോ . അച്ഛന്റെ സ്ഥിതി വീണ്ടും വഷളായിക്കാണും . അല്ലാതെ അമ്മ ഇത്ര രാവിലെ വിളിക്കില്ലല്ലോ”
ഹരി പറയുന്നതൊന്നും ദീപയുടെ കർണ്ണങ്ങളിൽ പതിയുന്നുണ്ടായിരുന്നില്ല. അവളുടെ കൈകാലുകൾ അതിവേഗം ചലിച്ചു കൊണ്ടിരുന്നു. അതിനേക്കാൾ വേഗത്തിൽ ചിന്തകളുടെയൊരു പ്രവാഹം തന്നെയായിരുന്നു മനസ്സിലേക്കോടിയെത്തിക്കൊണ്ടിരുന്നത്.


നേര്യമംഗലം ഗ്രാമത്തിലെ സൂര്യനായി രുന്നു ശിവപ്രസാദ് . രാവെന്നോ പകലെന്നോ ഇല്ലാതെ ജനസേവനം നടത്തിയിരുന്ന യുവാവ്.
ജാതിമതഭേദമെന്യേ . രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് അവരുടെ ആവശ്യങ്ങളും . പരാതികളും പ്രശ്നങ്ങളും കണ്ടറിഞ്ഞ് പരിഹരിക്കുന്ന മനുഷ്യ സ്നേഹി.
സ്വന്തം കുടുംബത്തിനേക്കാളും .തന്റെ ആരോഗ്യത്തേക്കാളും പ്രാധാന്യം കൊടുത്തത് തന്റെ ഗ്രാമത്തിന്റെ വികസനത്തിനു വേണ്ടിയായിരുന്നു.
എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രി .


ഇരുന്ന് വായിക്കാൻ സൗകര്യമുള്ള ധാരാളം പുസ്തകശേഖരമുള്ള വായനശാല
കോളേജ് . അങ്ങനെയെന്തെല്ലാം . നാടിന്റെ മുഖഛായ തന്നെ മാറി.
പരാതികളും പരിദേവനങ്ങളുമായി അതിരാവിലെ തന്നെ വീട്ടിലെത്തുന്നവർക്കു കൂടി ചായയുണ്ടാക്കി പലപ്പോഴും ചായ കുടിക്കാതെ തിരക്കിട്ട ജോലികളിലേർപ്പെട്ടു തളരുന്ന തന്റെ ഭാര്യയുടെ പരാതിയോ പരിദേവനമോ കേൾക്കാൻ അഛനറിയാതെ പോയിരുന്നു.


നിശ്ശബ്ദം എല്ലാം സഹിച്ചു കൊണ്ടു ഭർത്താവിന്റെ ഇഷ്ടങ്ങൾക്കപ്പുറമൊരു ലോകമില്ലായിരുന്നല്ലോ തന്റെ അമ്മയായ പ്രഭ ടീച്ചർക്ക്.
സാവിത്രിയോ , ശീലാവതിയോ . ആയിരുന്നു പ്രഭ ടീച്ചറെന്നു തോന്നിപ്പോകുന്നുവെന്ന് പലരും പറയുന്നത് കേൾക്കുമ്പോഴും ആ ഇട നെഞ്ചിലെ കനൽ ചൂട് തൊട്ടറിയാതെ പാതിരാത്രി കഴിഞ്ഞു വന്നു ക്ഷീണത്താലുറങ്ങുന്ന അഛന്റെ കാൽ തടവിക്കൊണ്ട് ഉറങ്ങാതെ നേരം വെളുപ്പിക്കുന്ന അമ്മയെ കാണുമ്പോൾ മനസ്സ് നോവാറുണ്ട്.
പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഇത്രയേറെ സ്നേഹവും, സഹനവുമുള്ള ഭാര്യയെ കിട്ടിയ തന്റെ അച്ഛൻ എത്ര ഭാഗ്യവാനാണ്
പല പല ആരോഗ്യ പ്രശ്നങ്ങളും വന്നു. അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോകുന്തോറും . അമ്മയുടെ ആരോഗ്യത്തെക്കുറിച്ചോ വീട്ടുകാര്യങ്ങളെക്കുറിച്ചോ അറിയാനോ, അന്വേഷിക്കാനോ സമയമില്ലാതെ പോകുന്ന അഛന് നിഴലായെന്നും അമ്മ നടന്നു.


നാടിന്റെ നട്ടെല്ലായ ശിവ പ്രസാദിനെ ആദരിക്കാനായി നടത്തിയ ചടങ്ങിൽ സസന്തോഷം പങ്കെടുക്കുമ്പോഴും ഊന്നുവടിയായി തന്റെ അമ്മയുണ്ടായിരുന്നെങ്കിലും ആ ചടങ്ങിനു ശേഷം ശിവപ്രസാദിന് നടക്കാൻ തീരെ പറ്റാതായി.
മാസങ്ങളോളം നീണ്ട ചികിത്സയും . വിശ്രമവും പരിചരണവും കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനായില്ല.
ജനങ്ങൾ ഒന്നടങ്കം പ്രാർത്ഥിക്കുകയും . വന്നു കണ്ട് വിവരങ്ങളന്വേഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രഭ ടീച്ചർക്ക് ഇരുപത്തി നാലു മണിക്കൂറിനിടയിലൊന്നു ഉണ്ണാനോ, ഉറങ്ങാനോ എന്തിനധികം പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ കഴിഞ്ഞിരുന്നില്ല. ആ പാവം ഭർത്താവിന്റെ സമീപത്ത് തന്നെയിരിക്കുമെപ്പോഴും . എന്ത് വേണം എങ്ങനെ വേണമെന്ന് ചോദിച്ചു ചെയ്തു കൊടുത്തു കൊണ്ട്.
കഴിഞ്ഞ ദിവസത്തെ ചെക്കപ്പിൽ ശിവ പ്രസാദിന്റെ കാര്യത്തിൽ അവസാനമായി ഒരു തീരുമാനം ഡോക്ടർ നിർദ്ദേശിച്ചപ്പോൾ പതി വ്രതയായ ആ സാധു അക്ഷരാർത്ഥത്തിൽ തളർന്നു പോയി.


രാവിലെ എഴുന്നേൽക്കാനാവുന്നില്ല. നാട്ടുകാർക്കും .തന്റെ സഹോദരങ്ങൾക്കും വേണ്ടി രാപകലില്ലാതെ ഓടിയ തന്റെ പ്രിയതമന്റെ കാലുകൾ !!
ഈശ്വരാ ….. പരോപകാരിയായ മനുഷ്യനെ പരീക്ഷിക്കുകയാണോ ?
കാൽപാദത്തിനു മുകളിലേക്ക് പഴുപ്പ് കയറിയത് കൊണ്ട് ശസ്ത്രക്രിയ അല്ലാതെ മറ്റൊരു വഴിയില്ലെന്നു ഡോക്ടർ ഉറപ്പിച്ചു പറഞ്ഞപ്പോൾ ആ തീരുമാനത്തോട് യോജിക്കാനോ , യോജിക്കാതിരിക്കാനോ ആവാതെ ഇടറുന്ന മനസ്സോടെ വിളിച്ചതായിരുന്നു മോളെ . മക്കളെ വിഷമിപ്പിക്കാതെ എല്ലാം ഒററയ്ക്കു താങ്ങി ആ പാവത്തിന്റെ കൈകാലുകളും തളർന്നു പോയിരുന്നു.
: ” അമ്മേ ചായ തരാമോ. എനിക്ക് പോകാൻ സമയമായി”
ഗോകുൽ അടുക്കളയിൽ വന്നു പറഞ്ഞപ്പോഴാണ് അവൾ ചിന്തകളുടെ ലോകത്തു നിന്നു തിരിച്ചെത്തിയത്.


“മോനേ ചായയൊക്കെ നിങ്ങൾ എടുത്തു കൂടി ച്ചോളൂ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്.”
“എന്താ അമ്മേ …. അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ. സുഖമില്ലേ അമ്മക്ക് ?”
” ഒന്നുമില്ലടാ …. അമ്മൂമ്മയുടെ ഫോൺ ഉണ്ടായിരുന്നു. അച്ഛാ ഛന് തീരെ വയ്യ. ഞാനൊന്നു പോയിട്ടു വരട്ടെ. നിങ്ങളച്ഛനും മക്കളും കാര്യങ്ങളൊക്കെ വേണ്ടത് പോലെ ചെയ്യണം കേട്ടോ”
“നീ പോയ്ക്കോ. അവിടെയെത്തിയിട്ട് വിളിക്കൂ. ഞാൻ കൂടെ വരണമെങ്കിൽ . വല്ലതും കഴിച്ചിട്ട് വേണേ പോകാൻ .” ഹരിയേട്ടൻ പറഞ്ഞെങ്കിലും
ഒന്നും കഴിക്കാനൊന്നും അവൾക്ക് പറ്റുന്നില്ലായിരുന്നു. അച്ഛന്റെ കാര്യമോർക്കുന്തോറും . ദയനീയമായ അമ്മയുടെ മുഖം തന്നെ മനസ്സിൽ നിറയുന്നു.
പെട്ടെന്ന് തന്നെ അവൾ വീട്ടിൽ നിന്നും ഇറങ്ങി.
വൃശ്ചികക്കാറ്റിനപ്പോൾ ഒട്ടും തന്നെ കുളിരില്ലായിരുന്നു.

ഒ.കെ.ശൈലജ ടീച്ചർ

By ivayana