രചന : ബേബി മാത്യു അടിമാലി✍

ഇന്ന് ഈ പുൽമേടിന്റെ നെറുകയിൽ വാഗമര ചോട്ടിലിരുന്ന് സായന്തനത്തിന്റെ കുളിർ തെന്നൽ കൊള്ളുമ്പോൾ ശ്രീകുട്ടന്റെ ഓർമ്മകളിൽ ഇന്നലെകളുടെ വസന്തചിത്രങ്ങൾ അഭ്രപാളിയിൽ എന്നതു പോലെ തെളിയുകയായിരുന്നു.


താനും ശാരികയും എത്രയോ വട്ടം ഈ മരത്തണലിൽ വാഗ പൂക്കളുടെ സുഗന്ധമേറ്റ് അന്തിമാനത്തിന്റെ ചെങ്കതിർപ്രഭയിൽ തൊട്ടുരുമ്മിയിരുന്ന് എത്രയെത്ര സ്വപ്നങ്ങൾ കണ്ടു. എത്രയോ മോഹങ്ങളുടെ പൊൻതേരിലേറി . അവൾ പറയുമായിരുന്നു “എന്റെ ശ്രീയേട്ടാ ഈ മരത്തണലിൽനിന്നും ഒരിക്കലും ഇനിനമുക്ക് തിരികെപോകണ്ട “എന്ന് ” ഈ കുളിർ തെന്നലിൽ ശ്രീയേട്ടൻ അരുകിലുണ്ടെങ്കിൽ മരണം വരെ ഞാൻ ഇവിടെ ഇരിക്കാം ” എന്ന് . ” നിനക്ക് വട്ടാ പൊട്ടിപെണ്ണെ , വേഗം എഴുന്നേൽക്ക് എനിക്ക് പോയിട്ട് ഒത്തിരി ജോലിയുണ്ട് വീട്ടിൽ അമ്മ തനിച്ചേഉള്ളു എന്ന ഓർമ്മവേണം. ” ഇത്തിരി നേരം കൂടി ” യെന്ന അവളുടെ നിർബന്ധത്തിനു വഴങ്ങാതെ അവളുടെ കൈപിടിച്ചു വലിച്ച് താൻ പോവുകയായിരുന്നു. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ സുഖമുള്ള ഒരു നൊമ്പരം .


അച്ഛൻ ചെറുപ്പത്തിലെ നഷ്ടപ്പെട്ട തനിക്ക് എല്ലാം അമ്മയായിരുന്നു .
ഒത്തിരി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് അമ്മ തന്നെ വളർത്തിയതും പഠിപ്പിച്ചതും . തന്റെ വീടിന്റെ അടുത്തു തന്നെയായിരുന്നു ശാരികയുടെയും വീട് . അവളുടെ അച്ഛനമ്മമാർ അവളുടെ ചെറുപ്പത്തിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ മരിച്ചു പോയിരുന്നു . അങ്ങിനെ അനാഥയായ അവൾ അമ്മാവന്റെ സംരക്ഷണയിൽ അവരുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.


തന്റെ വീട്ടിൽ അമ്മയെ സഹായിക്കുവാൻ പലപ്പോഴും അവൾ വരുമായിരുന്നു. അമ്മയ്ക്കും അവളെ വലിയ ഇഷ്ടമായിരുന്നു. എല്ലാ ദുഃഖങ്ങളും അമ്മയോടായിരുന്നു അവൾ പങ്കുവെച്ചിരുന്നത്.
തന്റെ പഠനം കഴിഞ്ഞ് അധികം താമസിയാതെ തനിക്ക് കേരള പോലിസിൽ സെലക്ഷ്ൻ കിട്ടി. ആദ്യം നിയമന ഉത്തരവ് കൈയ്യിൽ കിട്ടിയപ്പോൾ പോകാൻ ഒട്ടും താൽപര്യം ഇല്ലായിരുന്നു. അമ്മയെ തനിച്ചാക്കി ഇതുവരെ മറ്റെങ്ങും താൻ പോയിട്ടില്ല. ഒരു ദിവസം പോലും അമ്മയേ പിരിയാൻ അത്ര വിഷമമായിരുന്നു. തന്റെ വിഷമം കണ്ടപ്പോൾ അമ്മ പറഞ്ഞു ” മോനേ ദൈവാനുഗ്രഹത്താൽ അമ്മയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ കുഞ്ഞിന് കിട്ടിയ ജോലിയാണ്. മോൻ ഇതിന് പോകാതിരിക്കരുത്. എന്നെ സഹായിക്കാൻ ശാരിമോള് ഇവിടെ ഉണ്ടല്ലൊ , സ്വന്തം മകളെ പോലെയാണ് അവളെനിക്ക് , മോൻ ധൈര്യമായി പോയി വരു” എന്ന് . ശാരിയും തന്നെ കണ്ടപ്പോൾ പറഞ്ഞു ” ശ്രീയേട്ടൻ ഒന്നും കൊണ്ടും വിഷമിക്കേണ്ട അമ്മയേ ഞാൻ പൊന്നുപോലെ നോക്കിക്കോളാം ” എന്ന് . അങ്ങിനെയാണ് ഞാനും അവളുമായി അടുത്തത്.

പരിശീലനത്തിന് പോകൻ ഒരു മാസം സമയം ഉണ്ടായിരുന്നു. ആ ഒരു മാസത്തിനിടയിൽ ഞങ്ങൾ വളരെ അടുത്തു. പല വട്ടം അമ്മ അറിയാതെ അവളുമായി ഈ കുന്നിൻ മുകളിൽ ഈ വാഗമരത്തണലിൽ ഇരുന്ന് ഞങ്ങൾ സ്വപ്നങ്ങൾ പങ്കു വെച്ചു. പിരിയാൻ നേരം വലിയ വിഷമം ആയിരുന്നു. പരിശീലനത്തിന് പോകുന്ന ദിവസം മനസിൽ നിറഞ്ഞ സങ്കടവും ചുണ്ടിൽ വരുത്തിയ പുഞ്ചിരിയുമായി അവര് തന്നെ യാത്രയാക്കി.


ആറു മാസങ്ങൾക്കുശേഷം ഇന്നലെയാണ് പരിശീലനം പൂർത്തിയാക്കി തിരികെ വന്നത്. ഒരു മാസത്തെ അവധിയുണ്ട്. ഞാൻ വന്നപ്പോൾ എന്തു സന്തോഷമായിരുന്നു അമ്മയ്ക്ക് . കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട്മൂടി തന്നെ . വിഭവ സമൃദ്ധമായ എന്റെ ഇഷ്ടഭക്ഷണം അവർ കരുതിയിരുന്നു എനിക്കുവേണ്ടി . അമ്മ പറഞ്ഞു ” കറികളെല്ലാം അവള് ഉണ്ടാക്കിയതാമോനെ . എനിക്ക് വയ്യാതായതു മുതൽ അവളാണ് അടുക്കളയിൽ പാചകത്തിന് എന്നെ സഹായിക്കുന്നത് “.


രാത്രിയിൽ കിടക്കാൻ നേരം അമ്മ തന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു ” മോനെ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ ” അമ്മയ്ക്കെന്നോട് എന്തു കാര്യം പറയണമെങ്കിലും മുഖവുരയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ” മോനെ ശാരി മോള് നല്ല സ്നേഹമുള്ള കുട്ടിയണ് അവളെ മരുമകളായല്ല എന്റെ മകളായി തന്നെ , നിന്റെ ജീവിത സഖിയായി നമുക്ക് നമ്മുടെ കൂടെകൂട്ടാം മോനെ ” എന്ന് . അമ്മയെ . കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ചുംബിച്ചു കൊണ്ട് താൻ പറഞ്ഞു അമ്മേ ഇത് ഞാൻ അമ്മയോട് അങ്ങോട്ട് പറയുവാൻ കരുതിഇരിയ്ക്കുകയായിരുന്നു .
പിന്നെയെല്ലാം പെട്ടന്നായിരുന്നു. അമ്മ അന്നു തന്നെ ശാരിയുടെ വീട്ടിൽ പോയി അമ്മാവനുമായി സംസാരിച്ചു. അവർക്ക് പൂർണ്ണസമ്മതം .


അതെ , ഇനിയെന്റെ ജീവിതം ശാരിയും അമ്മയും താനും അടങ്ങുന്ന കൊച്ചു കുടബം . വിവാഹത്തിനു ശേഷം അവളെയും കൂട്ടി ഈ കുന്നിൻ മുകളിൽ ഇനിയും വരണം അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ കുളിർതെന്നലും ചെങ്കതിർ പ്രഭ ചൊരിയും ത്രിസന്ധയുടെ സൗന്ദര്യം ആവോളം നുകരാൻ . മധുര വർണ്ണങ്ങളുടെ പുതിയ ജീവിതം ഞങ്ങൾക്ക് ഒരുമിച്ച് ആരംഭിക്കുവാൻ .

ബേബി മാത്യു അടിമാലി

By ivayana