രചന : അഷ്‌റഫ് കാളത്തോട് ✍

ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ്
കാട്ടിൽ നടക്കുന്ന ഓരോ കൊലയും,
നേരെമറിച്ച് നാട്ടിൽ നടക്കുന്ന കൊലകളിൽ അധികവും
എന്ത് വിശ്വസിച്ചു എങ്ങനെ വിശ്വസിച്ചു
എന്തിനു വിശ്വസിച്ചു എന്നതിനെ ചൊല്ലിയാണ്!
എന്നിട്ടും വിശ്വാസത്തിനു കോട്ടമോ
പതനമോ ഉണ്ടാകുന്നില്ല..
കൊലകളും കൊള്ളിവെപ്പുകളും പരിഹാരവുമാകുന്നില്ല..
ലോകത്ത് ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്,
ജീർണിച്ചു വീഴാറായ അമ്പലങ്ങളും, പള്ളികളും, ചർച്ച്കളും ഉണ്ട്.
ആ ദേവാലയങ്ങൾ പുനരുദ്ധരിക്കുന്നതിനെകുറിച്ചോ
അവിടെ വസിക്കുന്നവരുടെ കഷ്ടപ്പാടുകളെ കുറിച്ചോ
ആർക്കും വേവലാതിയില്ല!
വിശ്വാസം എന്തുമാകട്ടെ, ദൈവീക ഭവനങ്ങൾ
ശാന്തിയുടെ പിശാഗോപുരങ്ങളാണ്!
അവിടെ സമാധാനത്തിന്റെ മാലാഖാമാരാണ് ഉള്ളത്.
ദിനം പ്രതി ഉയരുന്ന അവശ്യവസ്തുക്കളുടെ വിലക്കയറ്റവും
തൊഴിലില്ലായ്മയും, നമുക്ക് മുൻപിൽ ചുടല നൃത്തം ചെയ്യുന്നുണ്ട്.
ദാരിദ്ര്യം ഉയർന്നുയർന്നു നേപ്പാളിനെ കടത്തി വെട്ടുമ്പോഴും
നമുക്ക് വേണ്ടത് പ്രതിമകളാണ്.
ദാരിദ്ര്യം തൂത്തു മാറ്റിയതിനു ശേഷം, തൊഴിലില്ലായ്മ
പരിഹരിച്ചതിനു ശേഷം പ്രതിമകൾ നിർമ്മിക്കട്ടെ!
മോശം ആളുകളുടെ അക്രമം കൊണ്ടല്ല,
നല്ല ആളുകളെ നിശബ്ദമാക്കുന്ന ഭീകരത
കൊണ്ട് തന്നെയാണ് ഇനിയും നമ്മുടെ
ഭൂതകാലത്തെ മാറ്റാൻ കഴിയാതെ പോകുന്നത്!
യാഥാർത്ഥ്യത്തെ നിർവചിക്കുന്നതിലേക്ക്
അഭിപ്രായങ്ങൾക്കു ഉയരാൻ കഴിയുന്നില്ല
എന്നതാണ് സമകാലീന സത്യമായി മാറുന്നത്.
മരണത്തിനു ശേഷം നമ്മൾ എങ്ങനെ ആകും
എന്ന ആകുലതയെക്കാളും മരണത്തിനു മുൻപ്
എങ്ങനെ ആകണം എന്ന വിചാരങ്ങളാണ് എരിയേണ്ടത്!
ജീവിതത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കാത്ത
ഒരു വ്യക്തിയും ഈ ലോകത്ത് ഉണ്ടാകില്ല.
അതിനാൽ, കഷ്ടപ്പാടുകൾ ഒരു പാഠം പഠിപ്പിക്കുന്ന
അനുഭവമായി നാം കാണേണ്ടതുണ്ട്.
വലിയ കഷ്ടപ്പാടായി തോന്നുന്നതാണ് ചിലർക്ക് നിസ്സാരമാകുന്നത്..
തിന്മയുടെ മാറ്റിനനുസരിച്ചല്ല ദുരിതം അളക്കേണ്ടത്,
അനുഭവിക്കുന്നവന്റെ രോഷത്തിൽ നിന്നാണ്.
അതിനെയാണ് പലപ്പോഴും ഭീകരമെന്നും
ഭീതിതമെന്നും വ്യാഖ്യാനിക്കുന്നത്..
ഏത് സാഹചര്യത്തെയും നേരിടാൻ കൂടുതൽ ധൈര്യവും ദൃഢനിശ്ചയവും പീഡിതർ നേടുന്നതിനെ ഭയപ്പെടുന്ന
നാസിസവും ഫാഷിസവും ചാവുകടലിലേക്ക് ഒഴുകിപ്പോയ
ചരിത്രങ്ങളാണ്‌ എപ്പോഴും പീഡിതർക്കുള്ള ഊർജ്ജം!
ക്ഷമയും സ്ഥിരോത്സാഹവും അവർ പരിശീലിക്കുന്നത് വിധി ഏൽപ്പിക്കുന്ന കഷ്ടപ്പാടുകൾ നീക്കുവാൻ വേണ്ടിത്തന്നെയാണ്. അപ്പോഴും സമാധാനത്തെ അവർ സ്വപ്നം കാണുന്നുണ്ട്..
നീതി ഉറപ്പാണെങ്കിൽ ഭരിക്കുന്നവന്റെ മതം ആർക്കും പ്രശ്നമാകില്ല!
ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പാണെങ്കിൽ
പ്രാർത്ഥനാലയങ്ങൾ സംരക്ഷിക്കപെടുന്നുണ്ടെങ്കിൽ
മതഭ്രാന്തിന്റെ നാട്ടിൽ ജീവിക്കുന്നതിൽ എന്തിനു ഭയക്കണം!
ആർക്കും എല്ലാവരും എല്ലാകാലത്തും ശത്രു ആയിരിക്കണമെന്നില്ല..
“അയ്യോ എല്ലാം പോയല്ലോ” എന്നു വിധിയെ കുറ്റപ്പെടുത്തുകയുമില്ല..
പോയത് തിരിച്ചുപിടിക്കാനുള്ള കഠിന പ്രവർത്തനത്തിലാണ് മുഴുകുക..
അത് തന്നെയാണ് മുസോളിനിയടക്കമുള്ളവരുടെ
പതനത്തിനു കാരണമായതും!
ഇതെല്ലാം ചില പൊതു നിരീക്ഷണങ്ങൾ മാത്രമാണ്‌.
കാഴ്ച്ചയിൽ നിന്നും തെന്നി മാറി വളരെ ദൂരെ,
ഊഞ്ഞാലാടുന്ന വീണ്ടും കാഴ്ചയിലേക്ക് തിരിച്ചെത്തുന്ന
ആ എന്തോ ഒന്ന് തന്നെയാണ് നമ്മളെ അലട്ടുന്നത്..
ദൈവത്തിൻ്റെ ദുരൂഹതയെ കുറിച്ചല്ലായിരുന്നു മനുഷ്യൻ്റെ ദുരിതങ്ങളിലായിരുന്നു ബുദ്ധന്റെ വേവലാതികൾ
പന്നി മാംസം വിശിഷ്ടമാകുന്നവർ അത് ഭക്ഷിക്കട്ടെ!
കള്ളിൽ അനുഗ്രഹം കാണുന്നവർക്കു വേണ്ടി
സർക്കാർ പാർലറുകൾ ഉയരട്ടെ!
ജീവിതത്തിൽ ജാഗ്രത പാലിക്കുന്നവർക്കു അതൊന്നും
ഒരു പ്രശ്നമാകുകയില്ല..
എങ്കിൽ പിന്നെ ശത്രുക്കൾ എല്ലാകാലത്തും ശത്രുക്കളായിരിക്കില്ല.

അഷ്‌റഫ് കാളത്തോട്

By ivayana