രചന : സഫു വയനാട് ✍

വരൂ…
നിങ്ങൾക്കെന്റെ ഷഹിൽസയിലെ
ഒറ്റ മുറി കാണേണ്ടേ….
എന്റെ മാത്രം എഴുത്തുകാരനെ
കുറിച്ച് കേൾക്കേണ്ടേ….
അദ്ദേഹത്തെ കാണാൻ മാത്രം
കണ്ണ് തുറക്കുന്ന നീല ചായം പൂശിയ
ഈ ചുമരുകൾ തൊടേണ്ടേ…..
നിഗൂഡ്ഢമാം മിഴികളും
തീരാത്ത മൊഴികളും
വറ്റാത്ത കഥകളുമായ്
എത്ര ഋതുക്കളാണെന്നോ
അയാളെന്റെ ആത്മാവുമായ്
നിർത്താതെ ഇണചേർന്നത് ….
നിലാവും നക്ഷത്രവും
മഞ്ഞും മഴയും വെയിലും
ആ നിർത്താപെയ്ത്തിനു
മടിക്കാതെ കാവലിരുന്നത്
എത്ര കാലങ്ങളാണ്…
ആ പെയ്ത്തിനു ശേഷം
ഷഹിൽസയുടെ
ഋതുക്കൾക്കെല്ലാം
എന്റെ എഴുത്തുകാരന്റെ
നിറമാണ്…
അവിടുത്തെ
രാത്രികൾക്കെല്ലാം
അവന്റെ വിയർപ്പിന്റെ
മണമാണ്….
ഹോ കഥകളുടെ മണം…
കുന്തിരിക്കത്തിൽ
കുഴച്ചെടുത്ത അത്തറിന്റെ
മത്തു പിടിപ്പിക്കണമണം..
നിങ്ങൾക്ക് പരിചയമുണ്ടോ
എന്റെ എഴുത്തുകാരനെ..?
മുൻപ് നിങ്ങളോട് ഞാൻ പറഞ്ഞിരുന്നുവോഅദ്ദേഹത്തെ
കുറിച്ച്..??
ഇല്ല..കേട്ടുകാണില്ലാ…പറഞ്ഞുംകാണില്ലാ…
കാരണം ഞാൻ പോലും ആസ്വദിച്ചു
തീർന്നിരുന്നില്ലായിരുന്നുവല്ലൊ അദ്ദേഹത്തെ…
മുപ്പത്തി മുക്കോടി
ഹൃദയമിടിപ്പുകൾക്കും
മുന്നൂറു ദിനങ്ങൾക്കും
മുപ്പത് വിനാഴികൾക്കുമപ്പുറം
എത്ര വൈകിയാലും ഈ നീല മുറി
വരണ്ട പ്രകാശത്തെ എന്റെ നിശ്വാസങ്ങൾക്കൊപ്പം പുറം തള്ളി
അയാൾക്കായി മാത്രം ഉറങ്ങാതിരിക്കുമായിരുന്നു ..
ഓരോ വരവിലും പുതിയകഥകൾക്കായ്
വിശന്നു വലഞങ്ങനെ
പലഹാര പൊതിക്കു കാത്തു നിൽക്കണ
കുട്ടിയെ പോലെ വെളിച്ചം കെടുത്താതെ ഉറങ്ങാതിരിക്കുമായിരുന്നു …
വന്നപാടെ മുഷിഞ്ഞ വസ്ത്രങ്ങൾ
അഴിച്ചുമാറ്റി അറേബ്യൻ ഗന്ധം
വമിക്കുന്ന സിഗരറ്റ് ന്റെ ലഹരി
നുണഞ്ഞു ഇളം ചൂടാർന്ന
നെഞ്ചിലേക്കെന്നെ വലിച്ചിട്ടു
അയാൾ പുതിയ കഥ പറയും..
ഇടവേളകളിൽ
അയാളെന്റെ മുടിച്ചുരുളുകൾ
വകഞ്ഞു മാറ്റി പിൻ കഴുത്തിലെ
മറുകിനെ പ്രണയിച്ചു തുടങ്ങും
ഗയാൽ ….
നിന്റെ അടുത്ത
പുസ്തകത്തിൽ
നമ്മെ കുറിച്ചെഴുതിക്കൂടെ…
നമ്മുടെ പ്രണയത്തെ കുറിച്ച്…
എനിക്കുറപ്പുണ്ടെടൊ ..
സാഹിത്യ ശാഖികളിൽ
ഏറ്റവും മികച്ച പ്രണയ
കാവ്യമാകുമതെന്ന്…..
അധീനാ…..
നീ വായിച്ചിട്ടില്ലേ ലൈലയെയും ഖൈസിനെയും
ലീലയെയും മദനനെയും…?
നിനക്കറിയില്ലേ
ഷാജഹാനെയും മുന്താസിനെയും
അത്രമേൽ വിശുദ്ധമായ
കൊടുമുടികളിലൂടെ കയറിയിറങ്ങിയ
വിശ്വ വിഖ്യാത പ്രണയ ശാഖികൾ…
സ്നേഹിച്ചു സ്നേഹിച്ചൊടുക്കം
നഷ്ടപ്പെടലിന്റെ രുചികളെ
മരിക്കുവോളം മോന്തിക്കുടിച്ചവരെ
പോലെ ആവണോ നിനക്ക്…
നമ്മളങ്ങനെ അല്ലല്ലോ ഗയാൽ .
നമുക്കൊരുമിച്ചു കൂടെ എന്നെങ്കിലും…
എന്റെ ഉയർപ്പിടപ്പിലെ മുപ്പത്തിമുക്കോടി
അണുക്കളും നമ്മുടെ പ്രണയത്തിന്റെ
പരിസമാപ്തിക്കായി മുറവിളി കൂട്ടുന്നുവല്ലോ പ്രിയനേ….
ഹൃദയ പുഷ്പം പൂത്തു വിടരുന്നുവല്ലോ..
എന്നും പുഷ്‌പ്പിച്ചു നിൽക്കുന്ന നാമിടങ്ങളെ കുറിച്ചെഴുതൂ.. ..
നിനക്ക് ഭ്രാന്താണ് പെണ്ണെ…..
അയാള് പൊട്ടി ചിരിച്ചുകൊണ്ട്
നെഞ്ചിലേക്ക് വീണ്ടും വീണ്ടുമെന്നേ
വലിച്ചടുപ്പിച്ചു..
അധീനാ….
ഡിസംബർ മാസത്തിലെ പ്രഭാതങ്ങൾ പോലെ
ചുവന്ന ആകാശത്തിന് കീഴിലേ കടല്
പോലെ
മഴയുള്ള രാത്രികളിലെ കരിമ്പടം പോലെ
നിന്റെ പ്രണയം എത്ര മനോഹരമാണ്.
പെണ്ണെ …..
ആ മധുര മർമ്മരങ്ങൾക്കിടക്കെപ്പോഴോ
നിദ്രയാ നാല്മിഴികളെ വിഴുങ്ങി…
ആരാത്രി പുലർന്നതിൽ പിന്നേ
ഞാനദ്ദേഹത്തെ കണ്ടിട്ടേയില്ല…
തിരഞ്ഞു പോകാൻ കൃത്യമായ
ഒരു മേൽവിലാസം പോലുമില്ലായിരുന്നു
എന്നിൽ….
വല്ല അപകടവും പറ്റിയിരിക്കുമോ….
അറിയില്ല….
എല്ലായിപ്പോഴും ഞാനും എന്റെ ഒറ്റമുറിയും
ആ കഥകൾക്കായ് വിശന്നു വലഞ്ഞിരിപ്പാണ്….
ഏകദേശം രണ്ടര വർഷങ്ങൾക്കപ്പുറം
ആണ് മുറി ക്ലീൻ ചെയ്യാൻ വന്ന
ഹിന്ദിപെൺകുട്ടി ഒരു മഞ്ഞ പത്രത്തിന്റെ
മുൻപേജിൽ തലേക്കെട്ടോടു കൂടി
കണ്ട അദ്ദേഹത്തിന്റെ വലിയ ചിത്രത്തോടൊപ്പമുള്ള വിയോഗവാർത്ത എന്നെ കാണിച്ചത്…
ജഹിൽസയിലെ പാവപ്പെട്ടവരുടെ
പടത്തലവന്നായിരുന്നു അദ്ദേഹമെന്നും
അപ്രതീക്ഷിതമായി ചാവേറുകളുടെ
ആക്രമണം അദ്ദേഹത്തിന് തടുക്കുവാൻ കഴിഞ്ഞില്ലെന്നും ചതിയിലൂടെ അവർ അവനെ വകവരുത്തിയെന്നുമായിരുന്നു വാർത്ത…
വിശ്വസിക്കാനായില്ല എനിക്ക്…
ജഹിൽസയിലെ ഓരോ
മലയിടുക്കുകളിലും പ്രതിധ്വനിക്കും
വിധം ഭ്രാന്ത് കേറി ഞാൻ
അലറി വിളിച്ചുകരഞ്ഞു…
ആ നോവിൽ മനം നൊന്ത്
വരാന്ദ്യങ്ങളിലെ വയലറ്റ് പൂക്കൾ
പോലും കരിഞ്ഞുണങ്ങി…
യാഥാർഥ്യത്തെ ഉൾകൊള്ളനാവാതെ
ഞാൻ മരവിച്ചിരുന്നു…
പ്രണയ ലാവകൾ ഉരുക്കി പണിത
എന്റെ പ്രപഞ്ചം അവസാനിച്ചിരിക്കുന്ന
തായി എനിക്ക് തോന്നി..
ഈ മുറിക്കുള്ളിൽ ഞാൻ മറ്റാരോ ആയി മാറി…
ഭ്രാന്തിന്റെ ജല്പനങ്ങളിൽ നൊന്ത്‌
എന്റെ വയലറ്റ് ഹൃദയം ഉപ്പ് മാങ്ങാ
പോൽ ചുരുങ്ങികൊണ്ടിരുന്നു
എന്റെ എഴുത്തു നിലച്ചു…
കൈകാലുകൾ കുഴഞ്ഞു..
ഇടത് കൈ വിയർത്തൊഴുകി….
ജഹിൽസയുടെ നിശ്വാസങ്ങളിൽ
പൂനിലാ മഴ പെയ്യുന്ന രാവുകളിൽ
എന്റെ എഴുത്തുകാരൻ ഇന്നും
എന്നെ തേടി വരാരുണ്ട് എന്ന് നിങ്ങളോട് പറയാനാണ് എനിക്കിഷ്ടം….
ആ ഇടനെഞ്ചിലേക്കെന്നെഒട്ടിച്ചു വെക്കാറുണ്ട്…
അദ്ദേഹത്തിന്റെ കഥരുചിയിൽ ഞാൻ
വീണ്ടാമതും മരിച്ചു വീഴാറുണ്ട്….
ഗയാൽ…
ഗസലിനേക്കാൾ എൻ കാതുകളിൽ
മധുരിമ നിറച്ചവനെ…
കുളിർമഴ മേഘമായ് എൻ അകരസങ്ങളിൽ
കിനിഞ്ഞിറങ്ങിയവനെ…
നിന്റെ പ്രണയം ഇന്നും സുന്ദരമാണ്.
കൈ ഇല്ലാത്തവർ പരസ്പരം കെട്ടി
പുണരുമ്പോലെ…
കണ്ണില്ലാത്തവർ പരസ്പരം ചിത്രങ്ങൾ
നെയ്യുമ്പോലെ…
കയ്യും വായും ഇല്ലാത്ത കവി തന്റെ പ്രേയസിക്കായ് എഴുതി ഉരുവിടുന്ന പ്രണയകവിതകൾ പോലെ…
ഈ കാലങ്ങൾ അസ്തമിച്ചുതീർന്നാൽ നമുക്കൊന്നുകൂടി കാണണം ഗയാൽ..
നാം മാത്രം നിറയുന്ന ജെൽഹിൽസയുടെ
വീഥികളിൽ അന്നെൻ സിദ്ർ തളിർത്തു പുഷ്‌പ്പിക്കും
അപ്പോഴെന്റെ ചുണ്ടിൽ നീ തുരുതുരെ
ചുംബിക്കണം…
പിൻ കഴുത്തിലെ മറുകിൽ നിർത്താതെ
പെയ്യണം…
ആചൂടിലെൻ ഓരോ അണുവിലും ഫെലനൊപ്സിസ് പൂക്കൾ പൊട്ടിവിടരണം
പുഴകളും അരുവിയും ആകാശത്തിലൂടെ
ഒഴുകണം…
ശംസും ഖമറും ഒന്നിച്ചുദിക്കണം…
സസ്യ ലതാതികൾ നൃത്തം ചവിട്ടണം
മരിച്ച പൂമ്പാറ്റകൾ നക്ഷത്രങ്ങളായ്
പുനർജനിക്കണം
പ്രപഞ്ചമാകെയും ചുവന്നു തുടക്കണം.
മാനം നിറയെ വസന്തം പൂക്കണം
മണ്ണിലും വിണ്ണിലും നാം മാത്രം നിറയണം….
അവിടെ..നമ്മുക്കായ് പാടുന്ന
യാമ കിളികളെ സാക്ഷി നിർത്തി നീ നിൻ
ഹൃദയ പുസ്തകത്തിലെ നമ്മെക്കുറിച്ചെഴുതിയ കഥക്കൂട്ട് എനിക്കായ് തുറന്നു കാണിക്കണം…
ഞാനാ സാമുദ്രാതിർത്തിയിൽ നിനക്കൊപ്പം മുങ്ങിമരിക്കട്ടെ….

By ivayana