വായിക്കാനാളില്ലാത്ത
കവിതകൾ
എന്റെ ചങ്ങാതിമാർ
കൂടുകൾ വേണ്ടെന്ന് വെച്ച്
മേഘങ്ങൾക്കിടയിലലയുന്ന
പക്ഷികൾ
എന്റെ ചിറകുകൾ
കഴുത്തറുത്തിടുമെന്നറിഞ്ഞിട്ടും
കാറ്റിനെ പ്രണയിക്കുന്ന ഇലകൾ
എന്റെ കണ്ണാടികൾ
കരയുടെ കരവലയത്തിലൊതുങ്ങാനാവാതെ
തിരിച്ചുപോകുന്ന
കരയുന്ന തിരകൾ
എന്റെ ചുണ്ടുകൾ
നിറം മായാതിരിക്കാൻ
ചിറകുകൾ കവിതകൾക്ക്
മുറിച്ചു നൽകിയ ശലഭങ്ങൾ
എന്റെ കാമിനിമാർ
പ്രണയനദികളിലെ
ഭ്രാന്ത്‌ കുടിച്ച് ചുവന്ന് തുടുത്ത
ചെമ്പരത്തിക്കാടുകൾ
എന്റെ സ്വപ്‌നങ്ങൾ
വെയിലേറ്റ് കരിഞ്ഞുണങ്ങിയിട്ടും
തണലായ്‌ നിവർന്നു നിന്ന
കാട്ടുമരത്തിന്റെ വേരുകൾ
എന്റെ ഹൃദയഞരമ്പുകൾ…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *