വാഹനാപകടത്തില്‍ മരിച്ച നടൻ സന്തോഷ് കെ നായരെ കുറിച്ച്‌ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച്‌ പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കല്‍.
അദ്ദേഹത്തിന് തന്നെ കുറിച്ച്‌ തെറ്റിദ്ധാരണയുണ്ടെന്നും അത് മാറ്റാൻ കഴിയാത്തതിനാല്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ അവസാനമായി കാണാനോ താൻ പോകുന്നില്ലെന്നും സിദ്ധു പനയ്ക്കല്‍ കുറിച്ചു. വളരെ സങ്കടകരമായ ഒരു വാർത്ത ശ്രവിച്ചുകൊണ്ടാണ് ഇന്നലത്തെ ദിവസം തുടങ്ങിയത്. നടൻ സന്തോഷേട്ടന്റെ മരണം. സന്തോഷേട്ടനുമായി 38 വർഷത്തെ പരിചയമുണ്ട്. ഞാൻ വർക്ക് ചെയ്ത കുറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുറേ വർഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂർ ഇരിങ്ങാപുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഞാൻ പോയിട്ടുണ്ട്. ഏകദേശം 10 മാസങ്ങള്‍ക്ക് മുമ്പ് രാത്രി 10 മണി കഴിഞ്ഞ സമയത്ത് എനിക്കൊരു ഫോണ്‍ വന്നു. ഒരു പ്രൊഡക്ഷൻ കമ്പനിയില്‍ നിന്നാണ്. സന്തോഷേട്ടനെ പരിചയമുണ്ടോ എന്നാണ് ചോദ്യം.

പരിചയമുണ്ടെങ്കില്‍ അദ്ദേഹത്തെ ഒന്ന് വിളിച്ച്‌ ഒരു കാര്യം ചോദിക്കണമെന്ന് എന്നെ ഏല്‍പ്പിച്ചു. ആ കമ്പനിയുടെ ഒരു ഷൂട്ടിംഗ് നടക്കുകയാണ്. വരാമെന്ന് ഏറ്റിരുന്ന ആർട്ടിസ്റ്റിന് പെട്ടെന്ന് വരാൻ പറ്റാതെയാവുകയും നാളെ ഷൂട്ടിംഗ് നടക്കണമെങ്കില്‍ മറ്റൊരാളെ കണ്ടെത്തുകയും വേണം. അവർ ആലോചിച്ചപ്പോള്‍ സന്തോഷേട്ടനാണ് അതിന് പറ്റിയ ആള്‍. അവർ വിളിച്ചു… പക്ഷെ ഫോണ്‍ എടുക്കുന്നില്ല. അതാണ് എന്നെ ആ ദൗത്യം ഏല്‍പ്പിച്ചത്. ഞാൻ വിളിച്ചു… രാത്രി പത്തരയ്ക്ക് സന്തോഷേട്ടൻ ഫോണ്‍ എടുത്തു. ഞാൻ കാര്യം പറഞ്ഞു. ഞാൻ വർക്ക് ചെയ്യുന്ന സിനിമയല്ല. സന്തോഷേട്ടനെ അവർ വിളിച്ചിട്ട് എടുക്കുന്നില്ല അതുകൊണ്ട് എന്നെ ഏല്‍പ്പിച്ചതാണ്. ഞാൻ ആ കമ്പനിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന് നമ്പർ കൊടുക്കും അവർ വിളിക്കും. കാര്യങ്ങള്‍ നിങ്ങള്‍ തമ്മില്‍ സംസാരിച്ചോളൂ. നാളെ ഷൂട്ടിംഗ് ആയതുകൊണ്ട് ഇന്ന് തന്നെ പുറപ്പെടേണ്ടി വരും. അദ്ദേഹം സമ്മതിച്ചു. ഞാൻ ആ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന് നമ്പർ കൊടുക്കുകയും ചെയ്തു.

പിറ്റേന്ന് ഉച്ചയോട് കൂടി എനിക്ക് സന്തോഷേട്ടന്റെ രണ്ട് ശബ്ദ സന്ദേശങ്ങളാണ് വരുന്നത്. അതില്‍ ഒന്ന് ഇങ്ങനെയായിരുന്നു. നീ ഇനി എന്നെ വിളിക്കരുത്. നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു. രണ്ടാമത്തെ ശബ്ദ സന്ദേശം കേട്ടപ്പോള്‍ എനിക്ക് നെഞ്ചില്‍ ഒരു നീറ്റലുണ്ടായി. അത് ഒരു അറം പറ്റിയ വാക്കായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. എന്റെ പട്ടട കാണാൻ പോലും നീ വരരുത്. എന്നെ ആക്കാൻ വേണ്ടി വിളിക്കരുത്. ഇതെന്താണ് സംഭവം എന്ന് എനിക്ക് മനസിലായില്ല. ഞാൻ ആ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വിളിച്ചു. അയാള്‍ പറഞ്ഞു ഞങ്ങള്‍ ഇന്നലെ സന്തോഷേട്ടനെ വിളിച്ച്‌ സംസാരിച്ചിരുന്നു. അദ്ദേഹം പുറപ്പെടാൻ റെഡിയുമായിരുന്നു. വേറെയും ചില കാരണങ്ങള്‍ കൊണ്ട് പിറ്റേന്ന് ആ ഷൂട്ടിംഗ് നടത്താൻ പറ്റാതെ വന്നു. അത് സന്തോഷേട്ടനെ അറിയിക്കുകയും ചെയ്തു. സന്തോഷേട്ടനെ കളിയാക്കാൻ വേണ്ടി ആ രാത്രി വിളിച്ചതാണ് എന്നാണ് അദ്ദേഹം ധരിച്ചതെന്ന് തോന്നുന്നു. ഞാൻ വർക്ക് ചെയ്യാത്ത എനിക്കൊരു ബന്ധവുമില്ലാത്ത സിനിമ. ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാൻ പോയതാണ് ഞാൻ.

അത് സന്തോഷേട്ടനെ കളിയാക്കാൻ വേണ്ടി മനപൂർവം ചെയ്തതാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. ഞാനുമായി നല്ല സൗഹൃദമുള്ള ആളായിരുന്നു അദ്ദേഹം. വർഷങ്ങളായി അദ്ദേഹം എന്റെ നാടായ ഗുരുവായൂരില്‍ ആണ് താമസിക്കുന്നത്. കുറച്ചുകാലമായി അദ്ദേഹം ഞാൻ വർക്ക് ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചിട്ടെങ്കിലും ഗുരുവായൂരില്‍ വച്ച്‌ പലപ്പോഴും കാണാറുണ്ട്. നല്ല പരിചയമുള്ള ഒരാള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്റെ പട്ടട കാണാൻ പോലും നീ വരരുത് പറഞ്ഞപ്പോള്‍ അത് എനിക്ക് വലിയ സങ്കടമായി. അതിനുശേഷം ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഇന്നലെ ഈ വാർത്ത കേട്ടപ്പോള്‍ എന്റെ വാട്സാപ്പില്‍ കിടക്കുന്ന ആ വോയിസ് ഞാൻ ഒന്നുകൂടി കേട്ടു. ഇന്ന് ഞാൻ ഗുരുവായൂർ ഉണ്ട്. ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല. കാണാൻ പോയാല്‍ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപെട്ടെന്ന് വരില്ല. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ സന്തോഷേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *