രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
പൊൻപുലരിയേകുവാനുള്ളിലിന്നുണരുന്ന,
രമ്യപ്രഭാനന്ദമാം ഗ്രാമ്യ ഹൃദയമേ,
നിസ്തുല സ്നേഹോദയത്തിൻ പ്രതീകമേ,
ഭക്ത്യാർദ്ര ഹൃത്തുണർത്തുന്നയെൻ ശാലീന-
ചിത്രമായുണരുന്നു ലളിതാർദ്ര ബാല്യകം.
വ്യതിരിക്തമാകയാലോരോ പ്രഭാതവും
കരളിൽപ്പകർത്തുന്നു രമ്യ പ്രഭാഷിതം
ഗ്രാമ്യമാം കാവ്യ പ്രപഞ്ചമേ, നിൻ വരം
നീരദാനന്ദമായുണരുന്ന സുസ്മിതം.
ജീവിതാനന്ദ കർമ്മങ്ങൾക്കഴിഞ്ഞുദയ-
ജീവനോത്സാഹം തരുന്ന മന്ദസ്മിതം
കനകവസന്തമായ് പകരുന്ന വാസരം
കമ്രനക്ഷത്രമാക്കുന്നഭയ കാവ്യകം.
ഹൃത്താലെഴുതുന്നതിൻ സ്നേഹസ്പന്ദനം
കൃത്യമുണർത്തുന്നു ഗ്രാമാർദ്ര വന്ദനം
ചന്ദനക്കുറിയണിയിക്കുന്നു രമ്യകം
ചന്തമോടോതുന്നു സ്നേഹാഭിനന്ദനം.
തലവരയ്ക്കുള്ളിൽ രചിക്കുന്ന ഗ്രാമ്യകം
നിലവറയ്ക്കുള്ളിൽ നിറയ്ക്കുന്നതിൻ വരം
പൊൻകതിരെന്നുമെൻ കനിവിൻ പ്രദീപകം
കറന്നുകൈമാറും കിടാവിൻ മധുസ്മിതം.
എന്നുമെന്നുള്ളിൽത്തിളങ്ങുന്ന താരകം
നിർമ്മലാനന്ദമേ,നീ തന്നെ ജീവകം
വേലികളില്ലാതിരുന്നതാമാർദ്രകം
ചേലിൽ വളർത്തിയന്നാനന്ദ ജീവിതം.
അയലത്തുമകലത്തുമൊരു പോലുണരുന്ന-
യാരമ്യ കാവു പോലാർദ്ര നന്മദ്രുമം
നന്മോദയത്തിൻ മഹാരണ്യ കാവ്യമേ,
നവവർണ്ണ തൂലികയേകുന്നുമാർദ്രകം.
തുമ്പക,ളിമ്പമോടുയരും തുളസിയും തൊടികളു,
മരുവിപോലൊഴുകും പുലരിയും
വർണ്ണാഭകാലം പകർത്തിയെൻ ഹൃത്തിലും
നൃത്തമാടിച്ചുദയ ചിത്രമായുള്ളിലും.
എത്ര ചേതോഹരമാകുന്നു സ്മരണകൾ
മിത്രമേ,യോർക്കുന്നുണർവ്വിൻ കവിതകൾ
കൂട്ടുചേർന്നാടി രസിച്ച പൊന്നോണവും
ചാട്ടവാറില്ലാത്ത യാ,നല്ല കാലവും.
ചാട്ടുളിപോലുള്ളയമ്മതൻ നോട്ടവും
നോട്ടിൻ മഹിമയറിയാത്ത നേട്ടവും
ചിട്ടയോടിന്നുമോതുന്നുദയ ഹൃത്തടം
വൃഷ്ടി വർഷിക്കുന്നു ജന്മനന്മാർദ്രകം
ഗ്രാമ്യതേ,നിന്നിൽ ലയിച്ചയീ കാവ്യകം
സർഗ്ഗ സൗഭാഗ്യമാ, മാരമ്യ സൗഭഗം
നിന്നെഞാനാർദ്രമായ് പ്രണയിച്ചിടുന്നതാ-
ണിന്നും ശുഭരമ്യ കാവ്യസൗരഭ്യവും..
