രചന : ദിവ്യ സി ആർ ✍️
നിന്നിൽ തുടങ്ങി,
നിന്നിൽ കറങ്ങി,
നിന്നിൽ നിന്നൂർന്നിറങ്ങു-
വാനാവാതെ
പട്ടുപോകുന്നു ഞാൻ!
വേദനകളെ പ്രണയിച്ചവന്റെ
പ്രാണൻ പകുത്തെടുത്ത്
ഒറ്റക്കയറിലവശേഷിപ്പിടാതെ;
നോവുകളുടെയാഴം തേടിയങ്ങനെ
പട്ടുപോകുന്നു ഞാൻ!
നോക്കിന്റെ വാക്കുകൾ-
ക്കുത്തരം കിട്ടാതെ
ചേർത്തു ചേർത്തുവച്ച
വിഹ്വലതകൾ പങ്കിടാതങ്ങനെ
പട്ടുപോകുന്നു ഞാൻ!
വിട്ടുപോയൊരില പോലെ
എത്രയെത്ര ചേർത്തിട്ടും
നിറം പോരാതെ, പകരമാകാതെ
നീയെന്നെ വിട്ടുപോകുമ്പോഴൊക്കെയും
ഒറ്റമരമായിങ്ങനെ
പട്ടുപോകുന്നു ഞാൻ..!

