നാല് തൂണുകളുടെ ഉത്തരവാദിത്തമാണ് ഈ പോരാട്ടം.
ലഹരി ഒരു ചങ്ങലയാണ്. ആ ചങ്ങല പൊട്ടിക്കാൻ നാല് കണ്ണികൾ ഒരുമിച്ചു ചേർന്നു പ്രയത്നിക്കണം.അതായത് കുടുംബം, അധ്യാപകർ, സമൂഹം, ഗവൺമെന്റ്. ഇതിലൊരാൾ പിടിവിട്ടാൽ പോരാട്ടം തോൽക്കും.

കുടുംബം
കുട്ടി നല്ലശീലങ്ങളറിയേണ്ടതും പാലിക്കേണ്ടതും വീട്ടിൽനിന്നാണ്. തെറ്റായ ശീലങ്ങൾ പാടില്ല എന്ന് കേൾക്കേണ്ടതും അവിടെ നിന്നാണ്.എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ടു തളരുമ്പോൾ ചേർത്തുപിടിക്കേണ്ടതും വീടാണ്.
കുടുംബത്തിന്റെ ഉത്തരവാദിത്വം.
തന്റെ കുട്ടിയുമായിതുറന്നു സംസാരിക്കുക. കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കി, കുട്ടിയെ നേർവഴിയിലേക്കു നടക്കാൻ ശീലിപ്പിക്കുക. തെറ്റു വരുകയാണെങ്കിൽ ക്രൂരമായിശിക്ഷിക്കരുത്ദിവസവും 15 മിനിറ്റ് മക്കൾക്കായി മാറ്റിവെച്ച്
അവരോടൊപ്പമിരുന്ന് സംസാരിക്കുക. സ്കൂളിലെ കാര്യം, കൂട്ടുകാരുടെ കാര്യം ചോദിച്ചറിയുക. “നിനക്കെന്താണ് മാർക്ക് കുറഞ്ഞത്” എന്നല്ല, “നിനക്ക് എന്തെങ്കിലും വിഷമമുണ്ടോ” എന്ന് ചോദിക്കുക.

മാതാപിതാക്കൾ മാതൃകയാകുക. കുട്ടികൾ കാൺകെ അച്ഛൻ വീട്ടിൽ മദ്യപിക്കുമ്പോൾ മകനോട് “ലഹരി ഉപയോഗിക്കരുതെന്ന് പറയുന്നതിൽ അർത്ഥമില്ല. നിങ്ങളാണ് അവരുടെ ആദ്യ ഹീറോ. തന്റെ കുട്ടിയോടൊപ്പം തന്നെ രക്ഷിതാക്കളുടെ മനസ്സും സഞ്ചരിക്കണം നല്ലൊരു സുഹൃത്തായിട്ട്.
ലക്ഷണങ്ങൾ തിരിച്ചറിയുക.
പെട്ടെന്നുള്ളദേഷ്യം, ഉറക്കം തെറ്റുക, പണം കാണാതാവുക, കണ്ണ് ചുവക്കുക, പഠനത്തിൽ പിന്നോക്കം, പുതിയ കൂട്ടുകെട്ട്, മുറിയിൽ അടച്ചിരിപ്പ്. ഇത് കണ്ടാൽ, രക്ഷിതാക്കൾ വളരെ നയപരമായി ഇക്കാര്യംകൈകാര്യം ചെയ്യണം. അല്ലാതെ, ഈ ലക്ഷണങ്ങൾ കണ്ടയുടനെ , അവരോട് ക്രൂരമായി സംസാരിക്കുകയോ, ശിക്ഷിക്കുകയോ അല്ല വേണ്ടത്. ഉടനെ കർശനമായ നിയന്ത്രണമേർപ്പെടുത്താതെ “നമുക്ക് ഡോക്ടറെ കാണാം” എന്ന് പറഞ്ഞ് സമാധാനപരമായികൈകാര്യം ചെയ്യണം.
വേണ്ടെന്നുപറയാൻ പഠിപ്പിക്കുക “ഡാ, ഒന്ന് അടിച്ചുനോക്കടാ” എന്ന് കൂട്ടുകാരൻ പറഞ്ഞാൽ “വേണ്ട, എന്ന് പറയാൻ പരിശീലിപ്പിക്കുക.

സ്നേഹം കൊടുക്കുക,അവരെ കേൾക്കുക . അവർക്കെന്തും തുറന്നുപറയുവാനുള്ള സ്വാതന്ത്ര്യം നല്കണം. അവർ പറയുന്നതെന്തും ഉടനടി വാങ്ങിക്കൊടുക്കുന്നതല്ല സ്നേഹം. കുട്ടിയുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ന്യായമാണോ എന്ന് ശരിക്കാലോചിച്ചിട്ടു വേണം നടപ്പിലാക്കിക്കൊടുക്കാൻ . ന്യായമല്ലാത്ത ആഗ്രഹമാണെങ്കിൽ അത് അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം സ്നേഹത്തോടെ . ഇനി ശാസിക്കേണ്ടതാണെങ്കിൽ അതുമാകാം. ശാസനയിലും സ്നേഹം ഉണ്ടാകണം.

ഒരുമിച്ച് കളിക്കാൻ പോകുക, യാത്രകൾ പോകുക. വീട്ടുകാര്യങ്ങൾ ചെയ്യുക. ഭക്ഷണം ഉണ്ടാക്കുക. ഈ വിധത്തിൽ അവരുടെ സമയം വേണ്ടവിധത്തിൽ ചെലവഴിക്കാം. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനമേകി പ്രോത്സാഹിപ്പിക്കാം. അവർക്കിഷ്ടമുള്ള സമ്മാനങ്ങൾ നല്കാം.
എന്നോടൊപ്പം എല്ലാ കാര്യത്തിനും എന്റെ കുടുംബമുണ്ട് എന്ന ആത്മവിശ്വാസം കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധാലുക്കളായിരിക്കണം. അല്ലാതെ, കുറേ പണം, മൊബൈൽ ഫോൺ ,ഡ്രസ്സ്, വാഹനം, മധുര പലഹാരങ്ങൾ എന്നിവ വാങ്ങിക്കൊടുക്കലാണ് സ്നേഹം, മാതാപിതാക്കളുടെ ഉത്തരവാദിത്വം എന്നു കരുതുകയല്ല വേണ്ടത്.
അച്ഛനുമമ്മയും അവരവരുടേതായ ഇഷ്ടങ്ങൾക്കു പിറകെയോ തിരക്കുകൾക്കിടയിലോ ആകുമ്പോൾ കുട്ടികൾ സുഖ സൗകര്യങ്ങൾക്കു നടുവിൽ ഒറ്റപ്പെടുന്നു.
സ്നേഹശുന്യമായ ഗൃഹാന്തരീക്ഷം അവരെ അസ്വസ്ഥരാക്കുന്നു. ഇതിൽ നിന്നും ഒരു മോചനം അവർ ആഗ്രഹിച്ചു പോകുന്നു. ഈ സാഹചര്യവുംഏകാന്തതയുമാണ് ലഹരിയുടെ ഏറ്റവും വലിയ ചൂണ്ട.

കുടുംബത്തിന്റെ പരിഗണനഷ്ടപ്പെട്ടാൽകുട്ടി ആശ്വാസം തേടി പുറത്തേക്ക് പോകും. അവിടെ ലഹരി കാത്തുനിൽപ്പുണ്ട് എന്ന ബോധം ഓരോ രക്ഷിതാവിനും ഉണ്ടായിരിക്കേണ്ടത് നിർബ്ബന്ധമാണ്.
അധ്യാപകർക്കും വ്യക്തമായ ഉത്തരവാദിത്വമുണ്ട്.
6 മണിക്കൂർ കുട്ടികൾ അദ്ധ്യാപകരുടെ കൂടെയാണ്. വീട്ടിൽ അറിയാത്തത് ക്ലാസ് മുറിയിൽ അധ്യാപകൻ അറിഞ്ഞിരിക്കണം. പഠനത്തോടൊപ്പം കുട്ടിയുടെ സ്വഭാവരൂപീകരണത്തിനും പ്രാധാന്യമുണ്ട്.
അധ്യാപകർ
പോലീസാകരുത്, ഡോക്ടറാകുക ക്ലാസിൽ ഉറങ്ങുന്ന കുട്ടിയെ “മടിയൻ” എന്ന് മുദ്രകുത്തി ആക്ഷേപിക്കാതെ, അതിന്റെ കാരണം സൗഹൃദപരമായി അന്വേഷിക്കണം.
രാത്രി എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുക.
ശരിയായ കാരണം കണ്ടെത്തുക.
സ്ക്കൂളിൽ
ക്ലബ്ബുകൾ സജീവമാക്കുക

ലഹരി വിരുദ്ധ ക്ലബ്ബ്, SPC, NCC, NSS. ഇത് വെറും പ്രഹസനമാകരുത്.
എല്ലാ മാസവും ഓരോ പരിപാടി നടത്തുക കുട്ടികൾക്ക് വേദി കൊടുക്കുക. പാഠപുസ്തകത്തിന് പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകുക.
വിവിധ വിഷയങ്ങൾ രസകരമായി അവതരിപ്പിച്ച് പഠനത്തിൽ താല്പര്യം വളർത്തുക. അവരുടെ അഭിരുചികൾ കണ്ടെത്തി, അതിലേക്കു അവരെ നയിക്കുക.
വിശ്വാസം നേടുക
“സാറിനോട്/ടീച്ചറോട് എന്തും പറയാം” എന്ന വിശ്വാസം കുട്ടിക്ക് ഉണ്ടാക്കുക. രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പ് കൊടുക്കുക.
കുട്ടിയിൽ മാറ്റം കണ്ടാൽ ഉടൻ രക്ഷിതാവിനെ സ്വകാര്യമായി വിളിച്ച് സംസാരിക്കുക. കുറ്റപ്പെടുത്താതെ, കൂടെ നിൽക്കുക.

സ്പോർട്സ്, ആർട്സ്, സയൻസ് ക്ലബ്ബ്. അവനവന്റെ കഴിവുകളിൽ വളർന്നു വരുവാൻ പ്രോത്സാഹനവും പിന്തുണയും നല്കുക. കലാകായിക മത്സരങ്ങളിൽ വിജയം നേടുമ്പോൾ ലഭിക്കുന്ന കയ്യടിയാണ് ഏറ്റവും അഭിമാനവും ആനന്ദവും ലഭിക്കുന്ന ലഹരി എന്ന് അവർ തിരിച്ചറിയണം’
താൻ അംഗീകരിക്കപ്പെടുന്നതാണ് അവന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. ഇതിലും വലുതല്ല ഒരുലഹരിയുമെന്ന് അവർക്ക് ബോദ്ധ്യപ്പെടണം. അങ്ങനെ അവർക്ക് താല്പര്യമുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമ്പോൾ , അവരുടെ മനസ്സ് ആ വഴിയിൽ നിന്നും വ്യതിചലിക്കില്ല.

അധ്യാപകർ മൗനം പാലിച്ചാൽസ്കൂൾ മതിൽക്കെട്ടിനുള്ളിൽ വെച്ച് തന്നെ ഒരു തലമുറ നശിക്കും.
സമൂഹത്തിനും ഗൗരവമേറിയ ഉത്തരവാദിത്വമുണ്ട്. വിടും സ്ക്കൂളും കഴിഞ്ഞാൽ കുട്ടികൾ സമൂഹത്തിന്റെ ഭാഗമാണ്.ആ ബോധം സമൂഹത്തിന് ഉണ്ടായേ പറ്റൂ.
“എന്റെ മോൻ അല്ലല്ലോ” എന്ന് കരുതുന്നിടത്താണ് സമൂഹം തോൽക്കുന്നത്. ഇന്ന് അയൽവീട്ടിലെ കുട്ടി, നാളെ നമ്മുടെ വീട്ടിലെ കുട്ടി.
സമൂഹം എന്ത് ചെയ്യണം
ഒറ്റപ്പെടുത്തരുത്, ചേർത്തുപിടിക്കുക ലഹരിക്ക് അടിമയായ ഒരാളെ “അവൻ നശിച്ചവൻ” എന്ന് പറഞ്ഞ് മാറ്റിനിർത്തിയാൽ അവൻ വീണ്ടും ലഹരിയിലേക്ക് പോകും. ചികിത്സ കഴിഞ്ഞ് വരുന്നവന് ഒരു ജോലി കൊടുക്കുക. ഒപ്പം ഇരിക്കാൻ സ്ഥലം കൊടുക്കുക. അംഗീകരിക്കുക.
അയൽപക്കത്ത് ലഹരി വിൽപ്പന കണ്ടാൽ 1933ൽ വിളിച്ച് പറയുക. “പോലീസിന്റെ പണി അല്ലേ” എന്ന് കരുതരുത്. നാളെ നിങ്ങളുടെ മകനാണ് ആ വാങ്ങുന്നവൻ. പേര് വെളിപ്പെടുത്താതെ വിവരം നൽകാം.

മാതൃക സൃഷ്ടിക്കുക
ക്ലബ്ബ് ഉദ്ഘാടനത്തിനും മറ്റ് ആഘോഷങ്ങൾക്കും
മദ്യം വിളമ്പുന്നത് നിർത്തുക. ഉത്സവപറമ്പിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കാതിരിക്കുക. “ആണാണെങ്കിൽ അടിക്കെടാ” എന്ന പ്രയോഗം നിർത്തുക.
കൂട്ടായ്മകൾഉണ്ടാക്കുക
റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, ക്ലബ്ബ്. ഇവയെല്ലാം ചേർന്ന് “ലഹരിമുക്ത വാർഡ്” പ്രഖ്യാപിക്കുക. രാത്രികാല പട്രോളിംഗ് നടത്തുക.
നാടകം, ഫ്ലാഷ് മോബ്, ചുവരെഴുത്ത്. “ലഹരി വേണ്ട” എന്ന സന്ദേശം വീടുകളിൽ എത്തിക്കുക.
മത-സാമുദായിക നേതാക്കൾക്കും ഇതിലൊരു ഉത്തരവാദിത്വമുണ്ട്. പള്ളികളിലേയും, ക്ഷേത്രങ്ങളിലേയും
പ്രസംഗത്തിലും പ്രാർത്ഥനാ യോഗത്തിലും ലഹരിക്കെതിരെ ശക്തമായി സംസാരിക്കുക.
സമൂഹം കണ്ണടച്ചാൽ പോലീസിന് മാത്രം ഈ യുദ്ധം ജയിക്കാൻ കഴിയില്ല.
ഗവൺമെന്റിന്റെനിയമവും നയവും
നിയമം ഇല്ലെങ്കിൽ, പണമില്ലെങ്കിൽ, ഇച്ഛാശക്തി ഇല്ലെങ്കിൽ ബാക്കി മൂന്ന് കൂട്ടരും തോൽക്കും.
ഗവൺമെന്റ് എന്ത് ചെയ്യണം?
സപ്ലൈ ചെയിൻ തകർക്കുക

  • ഡ്രോൺ, AI, സൈബർ പട്രോളിംഗ് ഉപയോഗിച്ച് ലഹരിക്കടത്ത് തടയുക.
  • കോസ്റ്റ് ഗാർഡ്, നേവി, എക്സൈസ്, പോലീസ്. ഇവരുടെ ഏകോപനം ശക്തമാക്കുക.
  • NDPS കേസുകൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതി. 6 മാസത്തിനകം വിധി.
  • ലഹരി കടത്തുകാരുടെ സ്വത്ത് മുഴുവൻ കണ്ടുകെട്ടുക. ജപ്തി ചെയ്യുക.
    ഡിമാൻഡ് കുറയ്ക്കുക
  • 5-ാം ക്ലാസ് മുതൽ ലഹരി വിരുദ്ധ പാഠം നിർബന്ധമാക്കുക.
  • എല്ലാ സ്കൂളിലും ഫുൾടൈം കൗൺസിലർ നിയമിക്കുക.
  • മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക. ഡ്രൈ ഡേ എണ്ണം കൂട്ടുക. ബെവ്കോ ഔട്ട്ലെറ്റ് എണ്ണം കുറയ്ക്കുക. വരുമാനം കുറഞ്ഞാലും ജീവൻ വലുതാണ്.
  • സിനിമയിൽ പുകവലി, മദ്യപാന സീനുകൾക്ക് മുന്നറിയിപ്പ് മാത്രം പോരാ. ഗ്ലോറിഫിക്കേഷൻ പാടില്ല എന്ന് നിയമം കൊണ്ടുവരുക.
    ചികിത്സ ഉറപ്പാക്കുക

  • എല്ലാ താലൂക്ക് ആശുപത്രിയിലും ഡി-അഡിക്ഷൻ സെന്റർ, OST ക്ലിനിക്ക്.
  • വിമുക്തി മിഷന് കൂടുതൽ ഫണ്ട്. 14405 നമ്പർ 24 മണിക്കൂറും പ്രവർത്തിപ്പിക്കുക.
  • ചികിത്സ കഴിഞ്ഞവർക്ക് തൊഴിൽ ഉറപ്പ് പദ്ധതി. കെ-ഡിസ്ക്, കുടുംബശ്രീ വഴി.
  • ആരോഗ്യ ഇൻഷുറൻസിൽ ലഹരി ചികിത്സ ഉൾപ്പെടുത്തുക. അതിനായി
    ബജറ്റ് മാറ്റിവെക്കുക
    ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഒരു രൂപ ചെലവാക്കുമ്പോൾ ഏഴ് രൂപയുടെ സാമൂഹ്യ-സാമ്പത്തിക നഷ്ടം ഒഴിവാക്കാം എന്ന് WHO പറയുന്നു. അതിനാൽ ആരോഗ്യ-വിദ്യാഭ്യാസ ബജറ്റിന്റെ 5% എങ്കിലും ഇതിനായി നീക്കിവെക്കണം.
    ഗവൺമെന്റ് അലംഭാവം കാണിച്ചാൽ ലഹരി മാഫിയയാണ് നാട് ഭരിക്കുന്നത് എന്ന് വരും.
    കുടുംബം
    സ്നേഹം കൊണ്ടും
    അധ്യാപകർ അറിവ് കൊണ്ടും.
    സമൂഹം കരുതൽ കൊണ്ടുംകാക്കണം.
    ഗവൺമെന്റ് നിയമം കൊണ്ട് ലഹരി മാഫിയയെ നശിപ്പിക്കണം.
    നാലുപേരും കൈകോർത്താൽ മാത്രം ഈ മഹാമാരിയെ തോൽപ്പിക്കാം. അല്ലെങ്കിൽ നമ്മൾ തോൽക്കും, നമ്മുടെ മക്കൾ തകരും.
    ഈ ജൂൺ 26, നാല് തൂണും ഒരുമിച്ച് നിന്ന് ശപഥം ചെയ്യാം: “ലഹരിമുക്ത കേരളം, ലഹരിമുക്ത ഇന്ത്യ.”
ഒ.കെ.ശൈലജ ടീച്ചർ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *