രചന : ദിലീഷാ നിഷിത് ✍️
ഒഴുക്ക് നിലച്ചു പോയ പ്രണയനദിയുടെ
ജീവനാഡികൾ തളർന്നു പോകുന്നത് കണ്ടിട്ടുണ്ടോ..
ചേർത്തു പിടിച്ച കൈകളിൽ പടർന്നു കയറിയ
ഉന്മാദം വെറുമൊരു മരവിപ്പായി മാറുന്നത് അറിഞ്ഞിട്ടുണ്ടോ…
തിളക്കമുള്ള കണ്ണുകളിലെ നോട്ടങ്ങളിൽ
കണ്ണുനീര് പടരാതിരിക്കാൻ
സ്നേഹചുംബനത്തിന്റെ മധുരം മറന്നവളാണത്രെ…
കരയാതിരിക്കാനെന്നും..
കാമം മറക്കുന്നവന്റെ നെഞ്ചിൽ മുഖം ചേർത്തു
ശ്വാസം മറന്നവൾക്ക് എന്റെ മുഖമായിരുന്നോ…
അതെ,എന്നോ ഒരിക്കൽ ഇടകലർന്നു പോയ
ശ്വാസനിശ്വാസങ്ങളെ തിരിച്ചെടുക്കാനാവാതെ
ഞാനെന്നും പിടഞ്ഞു..
മറ്റൊരു പെണ്ണിന്റെ സ്വന്തമായ പുരുഷനെ പ്രണയിച്ച്…
അവന്റെ വാക്കിലും നോക്കിലും
സ്നേഹമളന്നു ഞാനെന്നും കാത്തിരുന്നു…
അകലങ്ങളിൽ മാത്രം അനുവദിച്ചു കിട്ടുന്ന
നോട്ടങ്ങളിൽ ഞാനെത്രയോ സ്വപ്‌നങ്ങൾ നെയ്തു..
ഒരേ മഴയിൽ നനഞ്ഞ്
ഒരു നദിയായ് ഒഴുകി…
വിവാഹിതരുടെ പ്രണയമാണ് എന്ന വാക്കിൽ,
സ്നേഹം തെറ്റല്ലെന്ന അവന്റെ അടിയുറച്ച
വിശ്വാസത്തിന്റെ അതിരുകളിൽ മാത്രമാണോ ഞാനെന്നും …
എന്നിട്ടുമെന്നിലെ പ്രണയം നിലച്ചുപോകുന്നു…
മൗനം മാത്രം നിറയുന്ന രാവുകളിൽ അവനെയോർത്ത് പെയ്യുന്ന കണ്ണുകൾ…
ഒരു സുഖമുള്ള നോവ് എന്നുമൊരു ലഹരിയാകാൻ
ഒരിക്കൽ കൂടി പ്രണയമറിയണം…
എന്നിലും നിന്നിലും എന്നും..
പ്രണയം വേദന മാത്രമാണ്.
