രചന : മംഗളാനന്ദൻ ✍️
അറിയില്ലെനിക്കിന്നുമിവിടെ ഞാനാരെന്നു
വെറുതെ സ്വയം തിരയുന്നു.
നരനായി മണ്ണിൽ പിറന്നതിൻ ശരിയായ
പൊരുളെനിക്കിന്നുമജ്ഞാതം.
ജനിമൃതിയ്ക്കുള്ളിലെ സ്ഥലകാല സീമയിൽ
ഇനിയും കെടാത്തൊരു നാളം,
തലയിലഹംഭാവമെന്ന ഭാരം പേറി
അലയുന്ന ബുദ്ധിവിഹീനൻ,
അനുദിനം മൃതിഭയം വച്ചുപുലർത്തുന്ന
മനുജകുലത്തിൽ പിറന്നോൻ,
അറിയില്ലെനിയ്ക്കിന്നുമിവിടെ ഞാനാരെന്ന്
വെറുതെ തിരഞ്ഞു നടപ്പൂ.
പല വ്യവസ്ഥിതികളുഴുതുമറിച്ചിട്ടു
ഫലമൊന്നും കൊയ്യാത്ത മണ്ണിൽ
തലമുറകളായ് നിത്യയാതന പേറുന്ന
കുലമിന്നും ജീവിച്ചിടുന്നു.
അഭിജാതരല്ലാത്തയവരിലൊരുത്തനാ-
ണഭയം തിരയുന്ന ഞാനും!
നരനിന്നു വൈരി നരനാണെന്നെസത്യമെൻ
പരിചിന്തനത്തിലറിയുന്നു.
വിലയിടിഞ്ഞീടും ചരക്കായ് മനുഷ്യൻ്റെ
നില പരിതാപമീ നാളിൽ
അപരൻ്റെ സ്വാസ്ഥ്യം കെടുത്തുന്ന ജീവിതം
അപജയം മാത്രമാണെന്നാൽ,
നരനെന്നുമീമണ്ണിൽ വംശഹത്യയ്ക്കുള്ള
വിരുതുകൾ നേടുന്നുവല്ലോ.
അനുതാപമില്ലാത്ത ഹീനചിത്തങ്ങളിൽ
കനലായി സ്വാർത്ഥമുണരുമ്പോൾ,
ഇവിടെയീമണ്ണിലെയായുധത്തിൻ ബലം
അവനെ സമ്രാട്ടാക്കി മാറ്റും.
അനുതാപമറിയാത്ത സാമ്രാജ്യമോഹിതൻ
മനമെത്രമാത്രം കഠോരം!
അവനിയിൽ മൃത്യുവിൻ വിത്തുകൾ വിതറുവാൻ
അവനഗ്നിബാണം തൊടുക്കും!
കരുണതന്നുറവുകൾ വറ്റുന്ന ലോകത്തു
മരണം ജയം വരിക്കുന്നു.
പടവെട്ടി നേടിയതൊക്കെയും വഴിവക്കിൽ
വെടിയുന്നു നാമന്ത്യ നാളിൽ.
അലയുന്ന മർത്ത്യനു തണലായി മാറുന്ന
അലിവിൻ്റെ ബോധി തേടുമ്പോൾ,
അവസാനമന്തരാത്മാവുണർത്തിക്കുന്നു,
ഇവിടെയെൻ ജന്മമണുമാത്രം.
ചിതമായ് തിരിച്ചറിയുന്നു ജന്മാന്തര-
സ്മൃതികളിൽ നിന്നു ഞാൻ മുക്തൻ!
അതുകൊണ്ടു മറ്റൊരു നാകവുംനരകവും
ക്ഷിതിയിലെനിക്കില്ല നേടാൻ.

