വാക്കനൽ

അൻപതു വയസ്സു കഴിയുമ്പോൾ
നിങ്ങൾ മറ്റൊരാളാകും
കൈക്കുമ്പിൾ വെള്ളത്തിൽ നിന്ന്
ഓരോ തുള്ളിയും ഊർന്നു പോകുന്നത്
ഞെട്ടലോടെ അറിയും
ഒരിക്കൽ പറിച്ചെറിഞ്ഞ വേരുകളെ
വെമ്പലോടെ തിരയും
ഓർമ്മയുടെ മിനുത്ത വെള്ളാരൻകല്ലുകൾ
ഏതേതു പുഴയിലേതെന്ന് അമ്പരക്കും
പകൽക്കിനാക്കളുടെ മധുരച്ചിമിഴുകൾ
തുറക്കാനാകാതെ വേവലാതിപ്പെടും
കാണാത്ത കാഴ്ച്ചകൾക്കായ്
കണ്ണടകൾ തേടും
കേൾക്കാത്ത സ്വരങ്ങൾക്കായ്
കാത് കൂർപ്പിക്കും
നുകരാത്ത രുചികൾക്കായ്
നാവ് മോഹിക്കും
എങ്കിലും അരയാലിലകളിൽ തട്ടി
കടന്നുവരുന്ന കുഞ്ഞിക്കാറ്റിന്റെ
ആത്മകഥാരഹസ്യം നിങ്ങളന്നറിയും…..
തൃഷ്ണകളുടെ നിസ്സാരതയറിഞ്ഞ്
അനാസക്തിയുടെ ശാന്തിതീരത്ത്
പിറവികൊണ്ട കുളിർക്കാറ്റിൽ
നിങ്ങളുടെയുള്ളിലും ഒരു ബുദ്ധൻ ചിരിക്കും….

By ivayana