രചന : ഷബ്നഅബൂബക്കർ✍

ചെഞ്ചായം പൂശിയ ഒത്തിരി
ഭാവങ്ങളുടെ വൈകാരികമായ
പകർന്നാട്ടങ്ങളുണ്ട്
ഓരോ ജീവിതത്തിലും…
കൊഞ്ചി ചിരിച്ചോടി നടന്നവളുടെ
നീട്ടിപ്പിടിച്ച കുഞ്ഞിളം
കൈകുമ്പിളിൽ നിറയെ
കളങ്കമില്ലാത്ത സ്നേഹത്തിന്റെ
മഞ്ചാടി ചുവപ്പ്..
കൈകോർത്തു കലപില കൂട്ടി
കടന്നുപോയ പാടവരമ്പിൽ
എളിമയുടെ ചേറിൻ ചുവപ്പ്…
കഥകൾ പറഞ്ഞും തല്ലുകൂടിയും
കളിച്ചും ചിരിച്ചും പങ്കുവെച്ച
മിഠായി മധുരങ്ങൾക്കിന്നും
സൗഹൃദത്തിന്റെ
തേൻനിലാവിൻ ചുവപ്പ്…
വേർതിരിവിന്റെ വയറ്റുനോവിനെന്നും
അശുദ്ധിയാൽ ഒറ്റയാക്കപ്പെട്ടതിന്റെ
മടുപ്പിക്കുന്ന കട്ട ചുവപ്പ്…
മെയ്യും മനസ്സും ഒപ്പത്തിനൊപ്പം
കുതിച്ചോടുമ്പോൾ കടമിഴിനോട്ടം കൊണ്ട് കിതപ്പുയർത്തി ഹൃദയം കവർന്നവളുടെ
കവിൾ ചുഴിയിൽ പ്രണയത്തിന്റെ
വാക ചുവപ്പ്…
വിപ്ലവം മുറുകെ പിടിച്ച
മുഷ്ടിയുടെ കരുത്തിൽ
കൊടിയുടെ നിറത്തെ ചൊല്ലി
തമ്മിൽ തല്ലി ചത്തവന്റെയും
കൊന്നവന്റെയും ദേഹം മുഴുവൻ
കെട്ടടങ്ങാത്ത പകയുടെ
കനൽ ചുവപ്പ്…
മനസ്സിനെ ഉഴുതുമറിച്ച് വിരഹത്തിന്റെ
വിത്തു പാകിയ വിരസതയിൽ
പൂത്തു വിടർന്നതൊക്കെയും
ഭ്രാന്ത് മണക്കുന്ന ചെമ്പരത്തി ചുവപ്പ്…
കെട്ടിമുറുക്കിയ പൊൻതാലിയുടെ
ആലിംഗനത്തിനും ചുംബനങ്ങൾക്കും
മാറിമാറിയുന്ന ഓരോ ഭാവങ്ങൾക്കും
കരുതലിന്റെയും പങ്കുവെക്കലിന്റെയും
പനിനീർ ചുവപ്പ്…
നിരാശയുടെ ഒറ്റവരിക്കും
ആനന്ദത്തിന്റെ മറുവരികൾക്കും
കാത്തിരിപ്പിന്റെ നീളൻ ചുവപ്പ്…
അസ്ഥി നുറുങ്ങുന്ന നോവിലും
ഉയർന്നു കേട്ട ഇളം കരച്ചിലിനൊപ്പം
പുഞ്ചിരി പൊഴിക്കുമ്പോൾ
ഒഴുകിപടർന്നതൊക്കെയും
സംതൃപ്തിയുടെ കടും ചുവപ്പ്…
പ്രവാസം കട്ടെടുത്ത
യൗവ്വനത്തിന്റെ നട്ടുച്ച പനിയിൽ
കുത്തി നിറച്ച സിറിഞ്ചുകളിലൊക്കെയും
സമ്മർദ്ദത്തിന്റെയും പ്രമേഹത്തിന്റെയും
മടിപിടിച്ച ഹൃദയ ചുവപ്പ്…
ചേർത്തു നിർത്തുന്നൊരു കരമെങ്കിലും
തന്റെ ജീവാംശങ്ങളിൽ കണ്ടെടുക്കാനാവാതെ
നിരാശ ബാധിച്ച ജീവിതസായാഹ്നത്തിൽ ഉമ്മറപടിയിൽ ചാരിയിരുന്നു ചവച്ചരച്ചു നീട്ടി
തുപ്പിയതിനൊക്കെയും സങ്കടത്തിന്റെയും പ്രതിഷേധത്തിന്റെയും മുറുക്കാൻ ചുവപ്പ്…
വെട്ടിപിടിച്ചതും തട്ടിപ്പറിച്ചതും
തൊട്ടുനോക്കാനാവാത്തവിധം
ഇട്ടെറിഞ്ഞോടേണ്ടി വന്നവന്റെ
തണുത്തുറഞ്ഞ നെഞ്ചിലമർന്നത്
നിസ്സഹായതയുടെ ചെങ്കല്ലിൻ ചുവപ്പ്…
പ്രാർത്ഥനയുടെ മൂന്ന് പിടി
മണ്ണെറിഞ്ഞു തിരിച്ചു നടക്കുന്ന
ഓരോ മനസ്സിലും ശൂന്യതയുടെ
ഇരുട്ടിനെ ഓർമ്മപെടുത്തുമാ
പുതു മണ്ണിൻ ചുവപ്പ്.

ഷബ്നഅബൂബക്കർ

By ivayana