രചന : നളിനകുമാരി വിശ്വനാഥ് ✍

സങ്കല്പത്തിലൊരു രക്ഷാകേന്ദ്രമുണ്ടെനിക്ക്,
സങ്കടം വന്നാൽ ഓടിയണയാൻ
ഒരു മടിത്തട്ട്.
തനിച്ചായെന്നൊരു തോന്നലിൽ
ഒട്ടിച്ചേർന്നിരിക്കാൻ കൊതിച്ച്,
ചേർത്തുപിടിക്കാൻ ആ കൈകൾ
ഉണ്ടെന്നൊരു തോന്നലിൽ
ആശ്വസിച്ചിരിക്കും ഞാൻ.
അസുഖങ്ങളിൽ പിടയുമ്പോളും
തണുപ്പിൽ ചൂളിവിറയ്ക്കുമ്പോളും
ആ കൈകളുടെ തലോടൽ കൊതിച്ച്
ആ കൈകൾക്കുള്ളിലേക്ക്
ആ പുതപ്പിനുള്ളിലേക്ക്
നുഴഞ്ഞുകയറും ഞാൻ.
സങ്കടങ്ങളും സന്തോഷങ്ങളും
മനസ്സിൽ തോന്നുന്നതെന്തും
അപ്പപ്പോൾ തുറന്നു പറയാനൊരാൾ,
സംശയങ്ങൾ ചോദിക്കാൻ
പരിഭവം പറയാൻ,
ദേഷ്യം വന്ന് വഴക്കടിക്കാൻ
എന്തിനുമേതിനും ഓടിച്ചെല്ലാൻ ഒരിടം…
ആ ഒരിടമാണ് നീയെന്റെ കണ്ണാ,
ആ ഒരിടമാണ് നീ.
നീയറിയുന്നോ കണ്ണാ
എന്തിനുമേതിനുമെപ്പോഴും
എന്റെ രക്ഷാകേന്ദ്രം നീ.
നീ… എന്റെ ദൈവം!

നളിനകുമാരി വിശ്വനാഥ്

By ivayana