രചന : നാരായൺ നിമേഷ് ✍

അവസാനത്തെ പകലാണ്.
കാലം ഉടുപ്പു മാറുന്ന കാലത്തിലെ
വിരസമായ മറ്റൊരു പകൽ !
മഞ്ഞുപെയ്യുന്ന സന്ധ്യ വരും.
നടപ്പാതയുടെ അരികിലായി നിന്ന്
ആളൊഴിഞ്ഞ ദീർഘാസനങ്ങൾ നെടുവീർപ്പിടും.
തിരിഞ്ഞു നോക്കിയാലും
ചെരിഞ്ഞു നോക്കിയാലും
നടന്നകന്നു പോകുന്നവരുടെ
മങ്ങിയ കാഴ്ചകളാണ് !
ഓർമ്മകൾക്കൊരു ചെറുകാറ്റിന്‍റെ പ്രകൃതം.
ശരിക്കുമൊരു മണിയനീച്ചയെപ്പോലെയത്
അനിയതമായി മൂളിപ്പാറുന്നുണ്ട്.
ഈയൊരു താൾ കൂടി എഴുതിയെടുത്തുവെച്ചാൽ
മറ്റൊരു കുറിപ്പുപുസ്തകം കൂടി തീരും.
ഇന്നത്തെയിരവിനെയാരും സ്വന്തമാക്കുന്നില്ല.
ഒരുപാതി തേങ്ങിയും മറുപാതി തപിച്ചും
അതിവിടെയലിഞ്ഞു തീരും,
അടയാളങ്ങളേതുമില്ലാതെ !
നവവാസരമൃദുമാത്രയില്‍
എല്ലാം മനോഹരം എല്ലാം പ്രിയങ്കരം !
കുളിച്ചു കുറിതൊട്ടു മുന്നിലെത്തുന്ന
ഒരു നല്ല നാളെയുടെ സംഗീതമാകാം.
സാനന്ദം സാദരം സസ്നേഹം നേരുന്നു
നവവത്സരാശംസകൾ !

By ivayana