രചന : അനിഷ് നായർ✍
എൻ്റെ പ്രാർത്ഥനയ്ക്കുത്തരമാകുവാൻ
ബലിയായ് തെളിഞ്ഞവനേ
എന്നെന്നും ഞങ്ങളോടൊപ്പമിരിക്കാൻ
അപ്പമായ് തീർന്നവനേ.
ഞാൻ ചെയ്ത പാപങ്ങളെല്ലാമേൽക്കുവാൻ
കുരിശിൽ പിടഞ്ഞവനേ
യാതനയേറ്റുകൊണ്ടന്നു നീ താണ്ടിയ
പാതയെ നിത്യവുമോർത്തിരിക്കാം. (പല്ലവി)
എൻ്റെ വഴിയിലെ മുള്ളുകൾ പോലും
നീ പണ്ടേ ശിരസ്സാലെ സ്വീകരിച്ചു
അതിലൂറും രക്തകണങ്ങളാൽ നീയെൻ്റെ
പാപങ്ങളന്നേ ഏറ്റെടുത്തു
വഴി തെറ്റിയലയുന്ന ഞങ്ങളെയോർത്തെൻ്റെ
ഇടയനാം നീയെന്നും വേദനിക്കും
നല്ലിടയനാം നീയെന്നും വേദനിക്കും
ആ ദിവ്യകാരുണ്യം നിറഞ്ഞു നിൽക്കും
വീണുടയുന്ന കണ്ണീർ തുടച്ചു മാറ്റും
ഉരുകുന്ന കണ്ണീർ തുടച്ചു മാറ്റും
ഉരുകുന്ന കണ്ണീർ തുടച്ചു മാറ്റും. (അനുപല്ലവി)
ഒറ്റിക്കൊടുത്താലും ഒട്ടും വെറുക്കാതെ
തൻ്റെയാത്മാവിൽ ചേർത്തണയ്ക്കും
കുരിശിൽ കിടന്നു പിടയുന്ന നേരവും
വേദനിപ്പിച്ചോർക്കായി പ്രാർത്ഥിക്കും
ആണിപ്പഴുതുള്ള കൈകളാൽ നീയേതു
കാറ്റിലുമണയാതെ കാത്തു വെയ്ക്കും
കൊടുങ്കാറ്റിലുമണയാതെ കാത്തു വെയ്ക്കും
ആ ദിവ്യസ്നേഹം പൊതിഞ്ഞു നിൽക്കും
നമുക്കെല്ലാമെല്ലാം ഒരുക്കി വെയ്ക്കും
എല്ലാമെല്ലാം ഒരുക്കി വെയ്ക്കും
എല്ലാമെല്ലാം ഒരുക്കി വെയ്ക്കും. (ചരണം)
✍️
ജാതി മതങ്ങൾക്കപ്പുറം ചെന്നാൽ എല്ലായിടവും ദിവ്യമായ സ്നേഹം മാത്രമാണ്.
കുരിശിൻ്റെ വഴിയിൽ അപ്പംപോലെ ജീവനെ പകുത്തു നൽകിയ ഒരു സ്നേഹപ്രവാഹത്തെക്കുറിച്ചാണ് ഈ വരികൾ. വേദന ഏറ്റുവാങ്ങിയും വഴിതെറ്റിയവരെ തേടിയും ഒപ്പം നടന്ന ദൈവസാന്നിധ്യത്തെ
വാക്കുകളാക്കി എഴുതിയ ഒരു പ്രാർത്ഥന.
.ഈ ഗാനം വീണ്ടും നിശ്ശബ്ദമായി നിങ്ങളുടെ കാതുകളിലേക്ക് അയക്കുന്നു.
🥰🙏🥰🙏🥰🙏

