രചന : ദീപക് രാമൻ ശൂരനാട്.✍
മനുജരല്ല,മനുജരല്ല,മനുജരല്ല നമ്മള്
മനസിനുള്ളിൽ ഇന്നും ആ ശിലായുഗ നിവാസികൾ,
മനുജരാകാൻ നമ്മൾ ഇനിയും ഏറെ ദൂരം താണ്ടണം
മനസിനുള്ളിൽ നിന്നും ആ ശിലായുഗം
കളയണം…
അരിയെടുത്ത മധുവിനും
തൊഴിൽ തിരഞ്ഞ രാമനും
വിധിയെഴുതി നമ്മൾ വീണ്ടും
ആദിമ മനുഷ്യരായ്…
ജാതിയല്ല മതവുമല്ല ആശയങ്ങളല്ല നാം
ചോരയാൽ പൊതിഞ്ഞു വച്ച
മാംസപിണ്ഡമാണ് നാം…
നിനക്കുമുണ്ട് വേദന എനിക്കുമുണ്ട് വേദന
അറുത്തിടുമ്പോൾ ഇറ്റുവീഴും
ചോര പോലും ഒരു നിറം…
എനിക്കുമുണ്ട് ഉറ്റവർ, നിനക്കുമുണ്ട് ഉറ്റവർ,
പിടഞ്ഞു നാം ഒടുങ്ങിടുമ്പോൾ
ജീവിതം തകർന്നവർ…
മനുഷ്യരാകണം മനുഷ്യരാകണം
മനസ്സുമാറി നമ്മൾ പച്ച മനുജരാകണം…
നീ വിളിച്ച ദൈവവും ഞാൻ വിളിച്ച ദൈവവും
കാണുകില്ല കണ്ണുനീര്-കേൾക്കുകില്ല രോദനം …
നാം ഉതിർത്ത കർണ്ണുനീർ- ഗളമടഞ്ഞ രോദനം,
നമ്മളാണറിഞ്ഞതെങ്കിൽ നമ്മൾ തന്നെ ഈശ്വരൻ…
നിയമമില്ല നികുതിയില്ല നാം പിറന്ന മാത്രയിൽ
ചരാചരങ്ങളും സഹോദരങ്ങളന്ന് ഭൂമിയിൽ
ദേശമില്ല-ഭാഷയില്ല നാം പിറന്ന മണ്ണില്
അതിരു കെട്ടി വേർതിരിച്ചതരചരെന്ന
കൂട്ടര്…
സ്വതന്ത്രമായ് പറക്കുവാൻ,
അതിരുകൾ കടക്കുവാൻ,
പറവയായ് ജനിച്ചുവെങ്കിലെന്ന് ഞാൻ കൊതിച്ചുപോയ്…
മതിലുകൾ പടുത്തുയർത്തി,
ചിറകുകൾ അരിഞ്ഞുവീഴ്ത്തി, ബന്ധനത്തിലാക്കി നമ്മെ
അരചരെന്ന കൂട്ടര്…
അറിവ് നേടി ഉയരമേറെ
കീഴടക്കി നമ്മള്-
അകലെയുള്ള ഗോളമാകെ ജീവകണിക
പരതി നാം
അരികിൽ നിൽക്കും നമ്മളെ നാം മറന്ന് പോയവർ.
മനുഷ്യരല്ല, നമ്മൾ രണ്ട് കാലിൽ വാഴും ജീവികൾ,
പരിണമിച്ച് പരിണമിച്ച് മർത്യ രൂപമായവർ,
മനസിനുള്ളിൽ ഇന്നും ആ ശിലായുഗ നിവിസികൾ,
വേട്ടയാടി പച്ചമാംസം ആർത്തിയോടെ തിന്നവർ,
ഇലയിറുത്ത് മറപിടിച്ച് നഗ്നത മറച്ചവർ,
മനുഷ്യരല്ല,മനുഷ്യരല്ല,മനുഷ്യരല്ല നമ്മള്
മനസിനുള്ളിൽ ഇന്നും ആ ശിലായുഗ നിവാസികൾ…
ഇലകൾ മാറ്റി തുണികളാക്കി
പരിഷ്കൃത സമൂഹമായ്,
അതിരുകൾ പിടിച്ചടക്കാൻ
ആയുധങ്ങൾ കൂട്ടി നാം…
തലക്കുമീതെ ആണവ
പോർമുന നിരത്തിവച്ച്
വിരൽ ഞൊടിച്ച് ആത്മഹത്യ
വിലകൊടുത്ത് വാങ്ങി നാം..
പരിണമിച്ച് പരിണമിച്ച്
പലതുമിന്ന് നേടി പക്ഷേ,
മനസിനുള്ളിൽ ഇന്നും ആ
ശിലായുഗ നിവാസികൾ …
വേട്ടയാടി പച്ചമാംസം ആർത്തിയോടെ തിന്നവർ
മനസ്സിനുള്ളിൽ ഇന്നും ആ
ശിലായുഗ നിവാസികൾ..

