രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍
എന്തിനിങ്ങനെ തേച്ചു
മിനുക്കുന്നു രാപ്പകൽ
കറുത്ത മാനസത്തിൻ
ഉടമകളേ വൃഥാ …
എത്രവട്ടം നിത്യം മിനുക്കി
എടുത്താലുമാകുമോ
ഇടുങ്ങിയ മനസ്സതിൽ
മാറ്റമുണ്ടാകുമോ?
എവിടെ നിന്നിങ്ങനെ
പെരുപ്പിച്ചു കാട്ടുന്നു
ഇല്ലാത്ത കാര്യങ്ങൾ
മേമ്പൊടി ചേർത്ത് നീ
എന്നുമെന്തിനു വിളിച്ചു
പറയുന്നു ഉച്ചത്തിൽ
അസത്യം മറച്ചത് സത്യ
വേദാന്തമാക്കയോ?
എത്രകാലം ഒളിച്ചുവെക്കും
നിൻ നീച ചെയ്തികൾ?
ഇരുട്ടിൻ്റെ ഇടനാഴിയിലും
തെളിയുമാ നഗ്നസത്യം
എന്തുതന്നെ ചെയ്താലും
പുറത്തു വരുമല്ലോ
സത്യം സത്യമായി തിളങ്ങും
നക്ഷത്രമായ് !
എന്തിനു നൊണ്ടി നൊണ്ടി
നടക്കുന്നു വീണിട്ടും
വീണിടത്തും കിടന്നു
തുള്ളുന്ന നിൻ മനം?
എത്ര തിരിച്ചടികൾ
ഏറ്റിട്ടും പഠിക്കാതെ
തുടരുന്നതെന്തിനീ
നിഴൽനാടകം കഷ്ടമേ!
പറയുവാൻ പെരുമകൾ
ഇല്ലാത്ത വഴിയിൽ നിൻ
നിഴൽ വീണു കിടപ്പുണ്ട്
കണ്ണുതുറന്നു നോക്കുക
നിന്നെത്തന്നെ നീ
തിരിച്ചറിയുകയില്ല ഹേ
നിന്റെ ചെയ്തികൾക്ക്
പിന്തുണ ഇല്ലല്ലോ…..?
ആയിരം വട്ടം ഏറ്റു
പറഞ്ഞാലുമോർക്കുക
ആകില്ല സത്യം നാളെ
കുഴിച്ചിട്ടു മൂടുവാൻ
ആരുമറിയാതെ പൊട്ടി
മുളക്കുമെന്നതറിയുക
സത്യം…. സത്യം മാത്രമായ്
മണ്ണിതിൽ.

