രചന : റുക്‌സാന ഷമീർ ✍
ഉയരങ്ങളിലേക്കു കുതിയ്ക്കുന്ന
കാലത്തിൻ വേഗതയിൽ
ഹൃദയങ്ങളെല്ലാം തലകീഴായി
മറിഞ്ഞിരിയ്ക്കുന്നു …
കലികാലത്തിൽ
ഉറഞ്ഞു തുള്ളുന്ന പനിച്ചൂടിൽ
ഹൃദയങ്ങളെല്ലാം മരവിച്ച്
കരിനീലവിഷംപുരണ്ടിരിയ്ക്കുന്നു …
അലക്കി വെളുപ്പിയ്ക്കാതെ
ഹൃദയങ്ങൾ മുഷിഞ്ഞുനാറാൻ
തുടങ്ങിയിരിയ്ക്കുന്നു …
അലക്കി വെളുപ്പിച്ച ഹൃദയമുള്ളവന്റെ
കണ്ണുകൾക്ക് തിളക്കം കൂടുന്നുണ്ട്
മണ്ണിലെ കാഴ്ചകൾ സർവ്വം കാണാനുള്ള
കാഴ്ചയുമേറുന്നുണ്ട് ….
അവന്റെ കാലുകളിൽ
സ്വാർത്ഥതയുടെ ചങ്ങലകളില്ല
പ്രശസ്തിയ്ക്കു പാത്രമാകാതെ
അണിയറയിൽ അവന്റെ കരങ്ങൾ
സഹായ ഹസ്തങ്ങളാകുന്നുണ്ട് …
അവന്റെ ചിന്തകളിൽ നാളെയുടെ സ്വപ്നങ്ങളില്ല
നാളെക്കായ് ഒന്നും പെറുക്കിക്കൂട്ടി വെക്കുന്നില്ല …
നോവുന്ന കാഴ്ചകൾ
അവന്റെയുള്ളം പൊള്ളിയ്ക്കുന്നുണ്ട്
തെരുവിലേക്കവൻ ഇറങ്ങിച്ചെന്ന്
മുഷിഞ്ഞ മനുഷ്യരുടെ നീറുന്ന ഹൃദയത്തിൽ
തെളിനീരുറവ ഒഴുക്കിവിടുന്നുണ്ട് …
ശ്വാസം മുട്ടിയ്ക്കുന്ന മോഹങ്ങൾ
അവനിലേക്കു വിരുന്നു വരാറില്ല …
ആവലാതികളില്ലാതെ, സ്വപ്നങ്ങളില്ലാതെ
അവന്റെ ഹൃദയം എന്നെന്നും
സ്വതന്ത്രമാണ് …..!!
എങ്ങും പറന്നുയരുന്ന
ദേശാടന പക്ഷികളെ പോലെ ….
സ്വതന്ത്രമാണ്….!!

