രചന : തോമസ് കവാലം ✍

(ജോഷിമഠിലെ നിസ്സഹായരായ
ജനങ്ങളെ ഓർത്ത് അവർക്ക്
വേണ്ടി ഈ കവിത ഞാൻ
സമർപ്പിക്കുന്നു.)

നിലച്ചിരുന്നുപോയി ഞാനും
തല പെരുത്തതുപോലവിടെ
വലവിരിച്ചാ വിധി ക്രൂരം
തുലച്ചെൻ ലോല ജീവിതവും.

മനസ്സ് തകർന്നു കണ്ണാടിപോൽ
മണ്ണു വിണ്ടുകീറി യേറെദൂരം
കണ്ണുനീരൊഴുക്കി പാവം ജനം
വിണ്ണിനെ പഴിക്കുന്നീ പതിതർ.

നരക വാതിലിൻ വിള്ളലുപോൽ
തുറന്നു ഭൂമി തരിച്ചുനിന്നു
മരണമണിമുഴക്കി വിണ്ണ്
ചേലിൽ ചിരിച്ചമർന്നു മന്ന്‌.

ജനിച്ച മണ്ണവർ വിട്ടുപോയി
മരിച്ചു മരിച്ചിടാത്ത ഞാനും
ചുമട് ചുമരിൽ വച്ചുപോയി
ചൂഴുന്നേഴ വിദ്രുതം ഞാൻ.

അന്നമൂട്ടും ധരണിയെന്നും
മന്നിനെ വിണ്ണാക്കുന്ന ദേവി
എന്നെന്നുമംബയായവളോ
കൊന്നുകുഞ്ഞിനെ തിന്നിടുന്നോ?

ക്ഷണേന മനുഷ്യനീധരയാം
രണാങ്കണത്തിൽപ്പെട്ടുഴലൂ
തീ നാമ്പുപോലെയുള്ള ക്ഷോഭം
തുടച്ചുനീക്കേ മനുഷ്യഗേഹം.

പുലം കുഹരമാക്കിയപോൽ
പൂലം പലായനത്തിലായി
മാലവും മറഞ്ഞു ഗർത്തമായി
കുലവും മുടിഞ്ഞപോലെയായി.

ദുർബലയാകും ധര നിശബ്ദം
ദയതേടുന്നു, മണ്ഡൂകംപോലെ
മർത്യദുരയിൽ വിലപിക്കുന്നു
ആർദ്രത തേടുന്നാകാംക്ഷയോടെ.

തോമസ് കവാലം

By ivayana