പതിനാല് വയസ്സുകാരിയായ മകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണുമായി, അധികസമയവും വാതിൽ അടച്ചിരിപ്പാണ് .
സാധാരണ ദിവസങ്ങളിലേതുപോലുള്ള കളിയോ,ചിരിയോ,സംസാരമോ ഒന്നുമില്ല.
കൂടുതൽ സമയവും മൊബൈൽ ഫോണിൽ തന്നെയാണ്.
ലോക് ഡൗൺ സമയത്താണ് പഠന ആവശ്യത്തിനായി ഫോൺ വാങ്ങി നൽകിയതാണ്. ഇപ്പോൾ അതില്ലാതെ പറ്റില്ലെന്നായി.
പഠനത്തിലൊക്കെ മോൾ മിടുക്കിയാണ്.
ഞങ്ങളുടെ രണ്ടാളുടെയും ആഗ്രഹം പോലെ ഞങ്ങൾക്ക് കിട്ടിയതാണ് ഞങ്ങളുടെ മോളെ, ഞങ്ങളുടെ നിധിയെ…
അവളാണ് ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൗനത്തിൽ ആയിരിക്കുന്നത്.
ലക്ഷ്മിയുടെ മനസ്സിൽ ആശങ്ക നിറഞ്ഞു.

സത്യം പറഞ്ഞാൽ സ്കൂളിൽ നിന്നും വരുന്ന മകളുടെ ബാഗൊക്കെ താൻ ചെക്ക് ചെയ്യാറുണ്ട്.പക്ഷേ അവൾ അതൊന്നും അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സത്യം പറയാമല്ലോ ഇപ്പോൾ മോശപ്പെട്ട വാർത്തകൾ മാത്രമേ നമ്മുടെ നാട്ടിൽ കേൾക്കാറുള്ളൂ. പൊന്നുപോലെ വളർത്തിക്കൊണ്ടു വരുന്ന മക്കൾ
ല ഹ രിക്കൊക്കെ അടിമപ്പെട്ടു പോകുന്ന വാർത്തകൾ നിരന്തരം കേൾക്കാറുള്ളത് കൊണ്ടാണ് ഞാൻ എന്റെ മകളെ നിരീക്ഷിക്കാറുള്ളത്.
എന്നാൽ അവൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്നൊരു പരാതി അവൾ ഇതുവരെയും പറഞ്ഞിട്ടില്ല. ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്ത് തന്നെയാണ് ഞങ്ങൾ അവളെ വളർത്തുന്നത്.

അങ്ങനെയുള്ള മകൾ പെട്ടെന്ന് ഒരു ദിവസം മൗനത്തിൽ ആയാൽ, ഏത് അമ്മയ്ക്കാണ് ആശങ്ക തോന്നാത്തത്?
നിധി കുളിക്കാൻ കയറിയ സമയത്ത് ലക്ഷ്മി അവളുടെ മുറിയിലേക്ക് ചെന്നു . ടേബിളിൽ ഇരിക്കുന്ന അവളുടെ ഫോൺ എടുത്തു.
ഫോൺ ഫോൺ ലോക്ക് ചെയ്തിരിക്കുകയാണ്.
ഇതെന്തുപറ്റി ഇപ്പോൾ ഇങ്ങനെ? കഴിഞ്ഞആഴ്ച്ച ഒന്നും ഫോൺ ലോക്ക് അല്ലായിരുന്നല്ലോ.
ലക്ഷ്മിയുടെ മനസ്സിൽ ആകെ ഒരു അസ്വസ്ഥത നിറഞ്ഞു.
ലക്ഷ്മി നിധിയുടെ സ്കൂൾ ബാഗ് എടുത്ത് പരിശോധിച്ചു നോക്കി. ഇല്ല അതിലൊന്നും ഒന്നും കാണാനില്ല.
ലക്ഷ്മിവേഗം മുറിവിട്ട് ഇറങ്ങി.

നിധി കുളിച്ചിറങ്ങി വന്നപ്പോൾ ലക്ഷ്മി അവളുടെ അടുത്തേക്ക് ചെന്നു.
മോളെ നീ സ്കൂൾ വിട്ടു വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ മോൾക്ക് സ്പെഷ്യലായി എന്തെങ്കിലും അമ്മ ഉണ്ടാക്കി തരണോ?
വേണ്ടമ്മ.
മോൾക്ക് ആകെ ഒരു ഉത്സാഹക്കുറവ് ആണല്ലോ എന്തുപറ്റി? ലക്ഷ്മി അവളുടെ നിറുകിൽ തലോടി.
ലക്ഷ്മി അവളുടെ മുഖത്തേക്ക് നോക്കി മകളുടെ ചുണ്ടുകളിൽ കറുപ്പ് പടർന്നിട്ടുണ്ടോ, അവളുടെ പല്ലുകൾക്ക് എന്തെങ്കിലും നിറവ്യത്യാസം ഉണ്ടോ? അവൾ സൂക്ഷിച്ചു നോക്കി.
എന്താ സൂക്ഷിച്ചു നോക്കുന്നത് ? നിധി അവളോട് ചോദിച്ചു.
ഒന്നൂല്ല മോളെ,മോളുടെ മുഖം മാറിയാൽ അമ്മയ്ക്ക് മനസ്സിലാവും എന്താ ഇന്ന് ടീച്ചർ വല്ല വഴക്കും പറഞ്ഞോ എന്റെ കുട്ടിയെ?
എന്റമ്മേ ഒന്നും ഉണ്ടായിട്ടില്ല.

എന്നാൽ മോൾ പഠിക്കാൻ ഉണ്ടെങ്കിൽ പഠിച്ചോ.അമ്മ പോയേക്കാം.ലക്ഷ്മി അവളുടെ മുറിയിൽ നിന്ന് ഇറങ്ങി.
കൂടുതൽ സംസാരിച്ച്‌ അവളെ മുഷിപ്പിക്കണ്ട. അവളുടെ പ്രായം അതാണ്‌.
എന്തായാലും അവളുടെ ഫോൺ ഒന്ന് നോക്കണം. ലക്ഷ്മി മനസ്സിൽ ഉറപ്പിച്ചു.
താൻ മുറിയിൽ ചെല്ലുന്നതും സംസാരിക്കുന്നതും ഒക്കെ അവളിൽ മുഷിപ്പ് ഉണ്ടാക്കുന്നത് ലക്ഷ്മി ശ്രദ്ദിച്ചു.
എങ്കിലും സദാസമയവും അവളുടെ ഒരു കണ്ണ് മകളിൽ ഉണ്ടായിരുന്നു. ഒരുദിവസംനിധി തിടുക്കത്തിൽ ഒരുങ്ങിയിറങ്ങി അച്ഛനൊപ്പം സ്കൂളിലേക്ക് പോകാനായി കാറിൽ കയറിയപ്പോഴാണ്, ടേബിളിൽ ഇരിക്കുന്ന അവളുടെ ഫോണിൽ ലക്ഷ്മി വെളിച്ചം കണ്ടത്. ലക്ഷ്മി ഓടിച്ചെന്ന് ഫോൺ എടുത്തു. ഫോൺ ലോക്ക് ആയിട്ടില്ല.
അവൾ ഫോൺ ഗാലറി തുറന്നു. ഫോണിൽ ഉള്ള ഫോട്ടോസിൽ അധികവും അവളും അവളുടെ അതേ യൂണിഫോം ഇട്ട ഒരു പയ്യനും ആണ്. പരസ്പരം കവിളുരുമ്മി ഇരിക്കുന്ന, ചുംബിക്കുന്ന, ചേർന്നിരിക്കുന്ന ഫോട്ടോസ്.
ലക്ഷ്മിയുടെ മുഖം കനത്തു

ഏതോ പുരുഷന്റെയും സ്ത്രീയുടെയുംഒക്കെ മോശമായ പല വീഡിയോസും മകളുടെ ഫോണിൽ കണ്ടതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു.
സാധാരണ ഗതിയിൽ കൂടുതലും ആൺകുട്ടികളാണ് കൗമാരം തുടങ്ങുമ്പോൾ
ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുക.
ഇതിപ്പോൾ തന്റെ മകൾ… അതും വെറും പതിനാല് വയസുകാരി..
ലക്ഷ്മി ഇസ്റ്റാഗ്രാമും ഫേസ്ബുക്കും ഒക്കെ നോക്കി. ഇൻബോക്സിൽ ചാറ്റ് ഒന്നുമില്ല. ഒരുപക്ഷെ അതൊക്കെ ഡിലീറ്റ് ചെയ്തതാകാം.
അവൾ വാട്സ്ആപ്പ് തുറന്നു.
ഒന്ന് രണ്ട് വോയിസ്‌ മെസ്സേജ് വന്ന് കിടപ്പുണ്ട്.

ഓപ്പൺ ചെയ്തിട്ടില്ല.നിധി മെസ്സേജ് കണ്ടിട്ടില്ല എന്ന് ലക്ഷ്മിക്ക് മനസിലായി. സ്കൂളിൽ പോകാനുള്ള തിടുക്കത്തിൽ അവൾ ശ്രദ്ദിച്ചില്ലായിരിക്കും.
ലക്ഷ്മി മെസ്സേജ് ഓപ്പൺ ചെയ്തു.
ഒരു ചെറുപ്പക്കാരന്റെ ശബ്ദമാണ്.
നമ്മൾ പറഞ്ഞത് പോലെ നടക്കണം.ബോഡി എങ്ങനെയെങ്കിലും ഞങ്ങൾ നശിപ്പിച്ചോളാം..
നീ അവളെ ഞങ്ങൾ പറയുന്നിടത്ത് എത്തിച്ചാൽ മതി.
ലക്ഷ്മി നടുങ്ങി പോയി.
ലക്ഷ്മിയെ കിലുകിലെ വിറച്ചു.
അവൾ അടുത്ത മെസ്സേജ് ഓപ്പൺ ചെയ്തു.

പറഞ്ഞത് പോലെ ചെയ്തില്ലെങ്കിൽ അറിയാമല്ലോ,നിനക്ക് തന്നെയാണ് അതിന്റെ കേട്.
ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്ത് ചെയ്യണമെന്ന് അറിയില്ല.
ലക്ഷ്മി തിടുക്കത്തിൽ മുറി വിട്ടിറങ്ങി.
ഫോണെടുത്തു രൂപേഷിനെ വിളിച്ചു.
ഏട്ടാ എവിടെയെത്തി?
മോളുടെ സ്കൂൾ അടുക്കാറായി.
ഏട്ടൻ വേഗം മോളെയും കൊണ്ട് തിരിച്ചു വാ..
എന്താ.. ലക്ഷ്മി.
ഏട്ടൻ കൂടുതൽ ഒന്നും ഇപ്പോൾ ചോദിക്കരുത്. വേഗം അവളെയും കൊണ്ട് തിരിച്ചു വാ.
രൂപേഷ് കാർ തിരിച്ചു.

എന്താ അച്ഛാ? നിധി ചോദിച്ചു.
നമ്മളോട് വീട്ടിലേക്കു ചെല്ലാൻ അമ്മ പറഞ്ഞു.
അതെന്താ?
അറിയില്ല.
അവർ വീട്ടിലെത്തി.
നിധിയെ കണ്ടതും അവളുടെ മുഖമടച്ച് ഒന്ന് കൊടുക്കാനാണ് ലക്ഷ്മിക്കു തോന്നിയത്.
എങ്കിലും പണിപ്പെട്ട് അവൾ ആ ചിന്തയെ അടക്കി പിടിച്ചു.
എന്താലക്ഷ്മി എന്താ തിരിച്ചു വരാൻ പറഞ്ഞത് ? രൂപേഷ് അവളുടെ അടുത്തേക്ക് ചെന്നു.
പറയാം ഏട്ടാ.
ലക്ഷ്മി നിധിയെ സോഫയിലേക്ക് പിടിച്ച് ഇരുത്തി.
ലക്ഷ്മിയുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു അവൾ നിധിയുടെ ഫോണെടുത്ത് വാട്സ്ആപ്പ് എടുത്ത്, വോയിസ് മെസ്സേജ് ഓപ്പൺ ചെയ്തു
മെസ്സേജ് കേട്ടതും രൂപേഷ് നടുക്കത്തോടെ നിധിയെ നോക്കി.
എന്തായിത്? ലക്ഷ്മിഅവളോട്‌ ചോദിച്ചു.

നിധി മിണ്ടിയില്ല
എടി…. എന്തായിതെന്ന്… ഒരു അലർച്ചയോടെ രൂപേഷ് അവളോട് ചോദിച്ചു
രൂപേഷ് പൊതുവേ ദേഷ്യക്കാരൻ ആണ്. ലക്ഷ്മി അയാളുടെ കൈകളിൽ പിടിച്ചു.
നിധി പേടിയോടെ രൂപേഷിനെ നോക്കി.
ലക്ഷ്മി പാടില്ലെന്ന് അർത്ഥത്തിൽ രൂപേഷിനെ നോക്കി തലചലിപ്പിച്ചു
ഇത് ദേഷ്യപ്പെടാനോ അടിക്കാനോ ഉള്ള സമയമല്ല.
രൂപേഷ് തലയ്ക്ക് കൈകൊടുത്ത് സെറ്റിലേക്ക് ഇരുന്നു.
ലക്ഷ്മി നിധിയുടെ അടുത്തിരുന്നു. പറ എന്താ ഇതിന്റെയൊക്കെ അർത്ഥം ?അച്ഛനും അമ്മയും നിന്റെ പൊന്നുപോലെയല്ലേ വളർത്തിയത്. നിനക്ക് തരാനുള്ള സ്നേഹം മറ്റാർക്കും പകുത്തു പോകാതിരിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒറ്റക്കുഞ്ഞു മാത്രം മതിയെന്ന് വച്ചത്
ഞങ്ങളുടെ സ്നേഹവും സമയവും പണവുംഒക്കെ നിനക്ക് വേണ്ടി മാത്രമാണ് ഞങ്ങൾചിലവാക്കിയത്.


എന്നിട്ട് , എപ്പോഴാണ് ഞങ്ങളുടെ സ്നേഹം പോരെന്നു നിനക്ക് തോന്നിയത്.എപ്പോഴാണ് നീ മറ്റൊരുത്തനുമായി ഇഷ്ട്ടത്തിലായത്?
നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അതൊക്കെ പോട്ടെ,ഈ പ്രായത്തിൽ എതിർലിംഗത്തിൽ പെട്ടവരോട് സ്നേഹം തോന്നുന്നത് സ്വാഭാവികമാണ് പ്രണയത്തിലാകുന്നത് തെറ്റാണെന്ന് അമ്മ പറയില്ല.
പക്ഷേ ആ വോയിസ് മെസ്സേജിൽ പറഞ്ഞു കേട്ടല്ലോ ആരെയോ കൊല്ലാൻ പോവുകയാണെന്ന്
അതെന്താ ?എന്താണെന്ന്….?
ലക്ഷ്മി നിധിയെ പിടിച്ചുലച്ചു
എന്താണെന്ന് പറയാൻ….. ലക്ഷ്മിയുടെ കണ്ണുകളിൽ നിന്നും ചുടുകണ്ണുനീർ ഒഴുകിയിറങ്ങി
അമ്മേ… എന്റെ കൂടെ പഠിക്കുന്ന ജഗത്ത് എന്റെ കൂട്ടുകാരി ഐറിനുമായി ഇഷ്ടത്തിലായിരുന്നു.
ഇപ്പോൾ കുറച്ചു ദിവസങ്ങളായി ഐറിൻ ജഗത്തിനോട് ഇഷ്ടമല്ലെന്ന് പറഞ്ഞു. ഇനി ഇഷ്ടം പറഞ്ഞു പുറകെ നടന്ന് ശല്യപ്പെടുത്തരുത് എന്നൊക്കെ അവൾ പറഞ്ഞു.
ജഗത് പറയുവാ ഈ ഭൂമിയിൽ നിന്നും അവളെ ഇല്ലാതാക്കണമെന്ന്
അവനെ ചതിച്ചതിലുള്ള പ്രതികാരം ചെയ്യണമെന്ന്
ഞാൻ ഒരുപാട് വട്ടം എതിർത്തു. അത് തെറ്റാണെന്ന് പറഞ്ഞു. പക്ഷേ അവർ സമ്മതിക്കുന്നില്ല
ഞാനവളെ അവർ പറയുന്ന സ്ഥലത്ത് എത്തിച്ചില്ലെങ്കിൽ ഞാനും റയാനും തമ്മിലുള്ള ഫോട്ടോസ് ഇന്റർനെറ്റിൽ ഇടുമെന്നാണ് അവർ പറയുന്നത്. റയാനും ജഗത്തും ബെസ്റ്റ് ഫ്രണ്ട്‌സാണ്.

റയാൻ ,ഫോണിൽ കണ്ട അവളുടെ കൂടെഫോട്ടോയിൽ ഉള്ള പയ്യൻ ആണെന്ന് ലക്ഷ്മി ഊഹിച്ചു.
എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലമ്മേ..
ലക്ഷ്മിയും രൂപേഷും വിറങ്ങലിച്ചിരുന്നു പോയി.
വെറും പതിനാല് വയസ്സുള്ള കുട്ടികൾ എന്തൊക്കെയാണ് ചെയ്തുകൂട്ടാൻ പോകുന്നത് ?അവരുടെ മനസ്സ് ഇത്രയധികം കഠിനമാണോ.
പ്രണയം വേണ്ടെന്നു പറഞ്ഞാൽ പോലും കൂടെയുള്ള ആളുടെ ജീവൻ എടുക്കാൻ പാകത്തിന് ഈ കുട്ടികളുടെ മനസ്സ് എങ്ങനെ ഇത്ര ക്രൂരമാകുന്നു.
തന്റെ മകളും അതിൽ പങ്കാളിയാവാൻ പോവുകയല്ലേ.
അതോർത്തതും ലക്ഷ്മി ഞെട്ടലോടെ രൂപേഷിനെ നോക്കി.

രൂപേഷിന്റെ മുഖം വലിഞ്ഞുമുറുകിയിരിക്കുകയാണ്. ഒറ്റ ദേഷ്യത്തിന് അയാൾ വേണമെങ്കിൽ നിധിയെ അടിച്ചു ശരിപ്പെടുത്തുമെന്ന് പോലും ലക്ഷ്മിക്ക് തോന്നി.
ഇല്ല. ഈ വിഷയം ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്.ദേഷ്യപ്പെട്ട് അവളെ അടിച്ചാൽ അവളെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും. 14 വർഷം പൊന്നുപോലെ വളർത്തിയ മകളാണ്.അവളെ നഷ്ടപ്പെടാൻ വയ്യ.
ലക്ഷ്മി രൂപേഷിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു കൊണ്ടിരുന്നു.ലക്ഷ്മിക്ക് മാത്രേ രൂപേഷിനെ ശാന്തനാക്കാൻ പറ്റൂ.
അല്പനേരം കഴിഞ്ഞപ്പോൾ രൂപേഷ് എഴുന്നേറ്റ് മുറിയിലേക്ക് പോയി.
ലക്ഷ്മിക്ക് നിധിയെ ഒറ്റയ്ക്കാക്കാൻ മനസ്സ് വന്നില്ല.,അവൾ എന്തെങ്കിലും കടുംകൈ ചെയ്തു പോകുമോ എന്ന് ലക്ഷ്മിക്കു വല്ലാത്ത ഭയമായിരുന്നു.
ലക്ഷ്മി അവളുടെ മുഖത്ത് തഴുകി. പതിയെ അവളുടെ തല തന്റെ തോളിലേക്ക് ചേർത്തുവച്ചു.

മോളെ ഇത് തെറ്റാണ്. ഒരിക്കലും നമ്മൾ തെറ്റിന് കൂട്ടുനിൽക്കരുത്.
എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല അമ്മേ നിധി വിങ്ങിപ്പൊട്ടി.
ഒന്നും ചെയ്യണ്ട. ഒരാപത്തും വരാതെ ഞാൻ നോക്കിക്കോളാം.
നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
ലക്ഷ്മി രൂപേഷിന്റെ അടുത്തേക്ക് ചെന്നു
രൂപേഷ് ഏട്ടാ…
എന്നാലും നമ്മുടെ മോൾ ഇങ്ങനെ വഴിതെറ്റിപ്പോയല്ലോ ലക്ഷ്മി. അത്രയധികം കരുതലോടെയും സ്നേഹത്തോടെയുംഅല്ലെ നമ്മൾ അവളെ വളർത്തിയത്.എന്നിട്ടും?
രൂപേഷേട്ടൻ വിഷമിക്കാതിരിക്ക്.
എന്നാലും ഇതെന്തൊരു ലോകമാ. ഈ കുട്ടികളുടെയൊക്കെ മനസ്സിൽ എന്താ ഇങ്ങനത്തെ ചിന്തകളൊക്കെ.
നമ്മുടെയൊക്കെ കാലത്ത് എന്തോരം പ്രണയങ്ങളും പ്രണയ നൈര്യാശങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്.എന്നാലും പ്രണയിച്ചിരുന്ന ആളെ ഒന്ന് നുള്ളി നോവിക്കാൻ പോലും നമുക്കൊന്നും തോന്നിയിട്ടില്ലല്ലോ.
എങ്ങനെയാണ് ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്
രൂപേഷേട്ടാ… ഇക്കാര്യം ജഗത്തിന്റെ മാതാപിതാക്കളെ അറിയിക്കണം . കൂടെ റയാന്റെ വീട്ടിലും അറിയിക്കണം.

നമ്മൾ അങ്ങനെ ചുമ്മാ ചെന്ന് പറഞ്ഞാൽ അവർക്ക് വിശ്വസിക്കാൻ തയ്യാറാകില്ല ലക്ഷ്മി.
രൂപേഷ് ഏട്ടാ, രൂപേഷ് ഏട്ടന്റെ സുഹൃത്ത് സിദ്ധാർത്ഥേട്ടൻ എസ് ഐ അല്ലേ നമുക്ക് സിദ്ധാർത്ഥേട്ടനോട് ഇക്കാര്യം പറയണം. സിദ്ധാർത്ഥേട്ടനെയും കൂട്ടി നമുക്ക് അവരെ കാണാം.
ശരി ഞാൻ ഏതായാലും സിദ്ധാർത്ഥിനോട് സംസാരിച്ചു നോക്കട്ടെ രൂപേഷ് പറഞ്ഞു.
പിറ്റേന്ന്. സിദ്ധാർത്ഥിനെയും കൂട്ടി ലക്ഷ്മിയും രൂപേഷും ജഗത്തിന്റെ വീട്ടിൽ ചെന്നു.
വിവരങ്ങൾ അറിഞ്ഞ ജഗത്തിന്റെ മാതാപിതാക്കൾ ഞെട്ടിപ്പോയി.
ഈശ്വരാ….ഇത്രയേറെ ക്രൂരതയോടെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു.
എന്താണ് ഒരു പോംവഴി.

എന്ത് പോം വഴി മറ്റുള്ളവർക്ക് ദോഷമായി നിൽക്കുന്ന നാശത്തിനെയൊക്കെ ജനിപ്പിച്ച കൈകൊണ്ട് തന്നെ ഇല്ലാതാക്കണം. ജഗത്തിന്റെ അച്ഛൻ രോഷത്തോടെ പറഞ്ഞു.
അരുത് ഇങ്ങനെ ഒന്നുമല്ല ഇപ്പോൾ സംസാരിക്കേണ്ടത്. ലക്ഷ്മി പറഞ്ഞു.
എന്റെ ഒരു കൂട്ടുകാരിയുണ്ട് കൗൺസിലർ നാദിറ. അവളുടെ ക്ലാസ്സ് കേള്‍ക്കുന്ന ഏതൊരു മനസ്സിലും സ്നേഹവും ദയയും ഒക്കെ ഉടലെടുക്കും.അവളോട് ഞാൻ പറയാം ഈ കുട്ടികൾക്ക് ഒരു ക്ലാസ് കൊടുക്കാം.
മാത്രമല്ല ഒരു കൗൺസിലിംഗ് കൂടി നൽകാം. ലക്ഷ്മി പറഞ്ഞു
അതെ,അത് തന്നെ നമുക്ക് നോക്കാം ജഗത്തിന്റെ അമ്മ പ്രതീക്ഷയോടെ പറഞ്ഞു.
അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല അടിച്ചു കാലും കയ്യും തല്ലിയൊടിക്കണം. എന്നിട്ട് ചെലവിന് കൊടുക്കണം ജഗത്തിന്റെ അച്ഛന്റെ രോഷം ഒഴിയുന്നില്ല.
എനിക്ക് അവൻ ഒരാളെ ഉള്ളൂ…ഇങ്ങനെ ഒന്നും പറയല്ലേ.. ജഗത്തിന്റെ അമ്മ കണ്ണീരോടെ അയാളോട് പറഞ്ഞു.


നാദിറയുടെ ക്ലാസ് കേൾക്കുന്ന ഏതൊരാളും എന്ത് ചെയ്യുമ്പോഴും ഒന്നുകൂടെ ചിന്തിക്കും.
നാദിറയെ അത്രയ്ക്ക് വിശ്വാസമാണ് ലക്ഷ്മിക്ക്.
ഇപ്പോൾ തൽക്കാലം ലക്ഷ്മി പറഞ്ഞത് പോലെ ചെയ്യാം. റയാന്റെ വീട്ടിലും, ഐറിന്റെ വീട്ടിലും കൂടെ കാര്യങ്ങൾ ധരിപ്പിക്കണം.സിദ്ധാർത്ഥ് പറഞ്ഞു

നാദിറയുടെ സംസാരം കേട്ട് കഴിഞ്ഞപ്പോൾ കുട്ടികളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു.
നാദിറ ജഗത്തിനും റയാനും പ്രേത്യേകം പ്രേത്യേകം കൗൺസിലിംഗ് നൽകി. നിധിയെയും,ഐറിനെയും വിളിച്ചു നദിറ സംസാരിച്ചു.
ഈ പ്രായത്തിൽ പ്രണയം തോന്നുന്നത് സ്വാഭാവികമാണെന്നും പക്ഷേ അതിനെയൊക്കെ അതിജീവിച്ച് നല്ല മിടുക്കരായി പഠിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ നിങ്ങളുടെ കടമ എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.
ഇവിടെ അവരെ മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞു എങ്കിലും എല്ലാവരിലും അത് സാധ്യമായി എന്ന് വരില്ല.


നിസ്സാരമായ എത്രയോ ചെറിയ പ്രശ്നങ്ങൾക്ക് വേണ്ടി ഒരു ജീവനെ ഇല്ലാതാക്കാൻ പോലും ഇപ്പോഴത്തെ കുഞ്ഞുങ്ങൾ ശ്രമിക്കുന്നു.
മക്കളുടെ ആവശ്യങ്ങളെല്ലാം നേടിക്കൊടുക്കാൻ മാത്രമല്ല മാതാപിതാക്കൾ ശ്രമിക്കേണ്ടത്. അവരെ നന്മയുള്ളവരാക്കി.അവർ സമൂഹത്തിനു ദോഷം ഉണ്ടാക്കാതെ, നീതിയുടെ പാതയിൽ വളർത്തിക്കൊണ്ടു വരിക എന്നത് മാതാപിതാക്കളുടെ കടമ തന്നെയാണ്.
മാനുഷിക മൂല്യങ്ങളെക്കുറിച്ച്, സ്നേഹത്തിനെ കുറിച്ച്,ഒന്നും ഇന്നത്തെ തലമുറയ്ക്ക് ചിന്തയില്ല. തിരക്കിൽ നിന്നും തിരക്കിലേക്ക് പായുന്ന മാതാപിതാക്കളാണ് അവർക്കുള്ളത്.
നമ്മുടെ കുട്ടികൾക്കായി നമുക്ക് സമയം മാറ്റിവയ്ക്കാം, നമുക്ക് അവരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാകാം. അല്ലാത്തപക്ഷം ഏതെങ്കിലും ല ഹ രിക്ക് അടിമപ്പെട്ടോ, അതുമല്ലെങ്കിൽ ഏതെങ്കിലും ക്രൂരകൃത്യങ്ങൾ ചെയ്തുകഴിയുമ്പോഴോ,പതം പറഞ്ഞു കരയാൻ മാത്രമേ കഴിയൂ…. ലോകം അപ്പോൾ കുറ്റപ്പെടുത്തുന്നത് നിങ്ങളെ കൂടിയാണ്…
❇️❇️❇️❇️❇️❇️❇️
ശുഭം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *