രചന : കുന്നത്തൂർ ശിവരാജൻ✍
പുലർച്ചെ വസുമതിയുടെ അലർച്ച കേട്ടാണ് അയാൾ ഉണർന്നത്. ശബ്ദം ഭാനുവിന്റെ വീട്ടിൽ നിന്നാണ്.
തോട്ടുവരമ്പിനോട് ചേർന്നാണ് ആ വീട്.
ഇപ്പോൾ എന്തുണ്ടായി?
രണ്ടു നാളെ ആയുള്ളൂ പുഞ്ചക്കൊ യ്ത്തിനു ഭാനുവിനോടൊപ്പം വസുമതിയെ കണ്ടിട്ട്. അവർക്ക് പ്രായം അറുപതു ആയിക്കാണും. എങ്കിലും ചുറുചുറുക്കുണ്ട്.
ഭാനുവാണ് കറ്റ ചുമന്നത്.
ഇന്ന് പാടം നിറയെ മഞ്ഞ് മൂടി കിടക്കുന്നു.
നല്ല തണുപ്പുണ്ട്.
അയാൾ ഒരു കമ്പിളി പുതച്ച് പാടവരമ്പിലൂടെ നടന്നു.
ജലം ഒഴുകുന്ന കിലുക്കം തോട്ടിൽ നിന്നും ഉയരുന്നുണ്ട്.
ഇന്നലെ വസുമതി പറഞ്ഞത് ഓരോന്നായി അയാളുടെ മനസ്സിലേക്ക് തിക്കിത്തികട്ടി വന്നു…
‘ നാരായണേട്ടാ ഞാൻ ഇന്നലെ ഇങ്ങ് പോന്നു. ഭാർഗവിക്കും മക്കൾക്കുംഎന്നെ വേണ്ടാതായി.
എന്റെ മുതല് കൊള്ളായിരുന്നു. നന്ദികെട്ട വർഗ്ഗം ‘
വസുമതി തന്റെ ജ്യേഷ്ഠത്തിയുടെയും മക്കളുടെയും കാര്യമാണ് പറയുന്നത്.
വസുമതിക്ക് മക്കളില്ല.തന്റെയും തന്റെ ഭർത്താവിന്റെയും പേരിൽ ഉണ്ടായിരുന്നതൊക്കെ ഭാർഗ്ഗവി കരഞ്ഞും പറഞ്ഞും എഴുതി വാങ്ങിച്ചു മൂന്ന് പെൺമക്കളെ കെട്ടിച്ചു.ഒന്നും തരപ്പെട്ടിട്ടില്ല. കുടിയും മുച്ചീട്ടു കളിയും തമ്മിൽ തല്ലും കേസുമായി നടക്കുന്ന മൂന്നെണ്ണമാണ് മരുമക്കളായി വന്നത്.
‘ നാരായണേട്ടാ എന്റെ ഭാനുമോന് എവിടുന്നേലും ഒരു പെൺകൊച്ചിനെ കണ്ടുപിടിക്കണം.’
‘ അതിന് അവന് നാൽപതിനുമേൽ പ്രായം വന്നില്ലേ?’
‘ പ്രായം എന്തിനു നോക്കുന്നു? നല്ല ശീലമല്ലേ? കുടുംബം പോറ്റില്ലേ?’
‘ അതിന് അവനും കൂടി തോന്നണ്ടേ?ഞാൻ എത്രയെണ്ണം പറഞ്ഞിരിക്കുന്നു.വന്നുവന്ന് അവന് കല്യാണക്കാര്യം കേൾക്കുന്നതേ ഇഷ്ടമല്ല.’
‘ അതു മാറി. അടുത്ത ചിങ്ങത്തിൽ പെണ്ണിനെ കെട്ടാമെന്ന് അവൻ എനിക്ക് വാക്ക് തന്നു. ഞാൻ അവനെ കൊണ്ടു സത്യം ചെയ്യിച്ചു.’
‘ ഒക്കെ ശരിയാണ്.അവന് ഒരു നല്ല മനസ്സ് ഉള്ളതുകൊണ്ടാ വസുമതി വയസ്സാംകാലത്ത് ഇങ്ങോട്ട് കയറിവന്നത്.’
‘നാരായണേട്ടാ ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയി. എന്റെ കെട്ടിയോനും…
ഭാനുവിന് കുറെ സ്ഥലം കൊടുക്കണമെന്ന് പറയുമായിരുന്നു. അങ്ങേര് ഒരു മുൻകോപി ആയിരുന്നു.അവനെ ചെറുതിലെ നല്ലപോലെ ഉപദ്രവിച്ചിട്ടുണ്ട്.എങ്കിലും ഉള്ളിൽ ശേഷക്കാരനെന്ന സ്നേഹം ഉണ്ടായിരുന്നു.’
‘ പിന്നെ എന്തേ കൊടുത്തില്ല? അവനെ അവന്റെ തള്ള നിങ്ങളുടെ വീട്ടിൽ കൊണ്ട് നിർത്തിയത് മക്കളില്ലാത്ത നിങ്ങളുടെ സ്വത്തിൽ കണ്ണ് വെച്ചിട്ടായിരുന്നേനേം ‘
‘ അതെ.അവന്റെ തള്ള എന്റെ നാത്തൂൻ.എനിക്ക് അവളെ കണ്ണ് കീറിയാൽ കണ്ടുകൂടായിരുന്നു.ഒരു മൂതേവി ‘
‘ ഓ..അവരൊക്കെ മരിച്ചു പോയില്ലേ വസുമതി?എല്ലാവർക്കും അപ്പോഴപ്പോൾ തോന്നുന്നതാണ് ശരിയും തെറ്റും. കാലം മാറുമ്പോൾ ശരി തെറ്റുകൾ മാറി വരും.’
‘ ശരിയാ അനുഭവത്തിൽ വന്നപ്പോൾ സ്വന്തം ചേട്ടത്തിക്കും എന്നെ വേണ്ടെന്നു വന്നില്ലേ? എന്നെ പെരുവഴിയിൽ ആക്കിയില്ലേ? അവൾക്കും മക്കൾക്കും ഒരുനാളും ഗുണം പിടിക്കില്ല’
വസുമതിയുടെ കണ്ണുനിറഞ്ഞു.
‘ എന്റെ കെട്ടിയോൻ അല്ലറ ചില്ലറ ഒന്നുമല്ല ഭാനുമോനെ ഉപദ്രവിച്ചത്.
എന്നും ഞങ്ങൾക്ക് നാല് പശുക്കൾ ഉണ്ടാവും. അതിന്റെ കറവയും കുളിപ്പീരും തീറ്റ ഉണ്ടാക്കലും ആണല്ലോ ഞങ്ങളുടെ പ്രധാന പണി. കൃഷിപ്പണിക്ക് മാത്രം ആളെ വെയ്ക്കും. കന്നുകളെ പാടത്തും പറമ്പിലും കൊണ്ട് കെട്ടലും മേയ്ക്കലും ഭാനുവിന്റെ പണിയാണ്.
ആരുടെയെങ്കിലും വാഴയോ തെങ്ങിൻതൈയ്യോ പശു തിന്നെന്ന് ആരേലും പറഞ്ഞ് അറിഞ്ഞാൽ പിന്നെ അവന് അടിയുടെ പൂരമാണ്.
അതുകണ്ട് എനിക്ക് സങ്കടം വരും. ചുമ്മാതല്ല നിങ്ങൾക്ക് മക്കൾ ഉണ്ടാകാത്തത് എന്ന് പറയും. ദേഷ്യം കൊണ്ട് എന്റെ നേരെയും ചാടി വരും. എനിക്ക് തലയ്ക്ക്എത്ര താങ്ങു കിട്ടിയിട്ടുണ്ടെന്ന് അറിയാമോ? അതിന്റെ ദണ്ണം ഇന്നുമുണ്ട്. മിക്ക ദിവസവും തലവേദന ഉണ്ട്. ഉറങ്ങാൻ കിടന്നാൽ തലയ്ക്കകത്ത്
വണ്ടനും കടന്നലും മൂളും പോലെയാണ് ‘
‘ അതൊക്കെ അവൻ പറഞ്ഞിട്ടുണ്ട്.അവന്റെ കാലിലും കയ്യിലും ഇപ്പോഴും ചില പാടുകളുണ്ട്.’
‘ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം അവനെ കയറു മടക്കി അടിച്ചു.ചോര ഒഴുകി.അത് കരിയാൻ കുറെ നാൾ എടുത്തു.’
‘ അതുണ്ട്… ആ പാട്’.
‘ എന്ത് ചെയ്യാം തല്ലി വളർത്തണമെന്ന ഒരു നശിച്ച വേദാന്തം.എങ്കിലും അവനോട് സ്നേഹമായിരുന്നു. തണുപ്പുകാലത്ത് അവനെ പുതപ്പിക്കും. ദൂരെ എവിടെ പോയിട്ട് വരുമ്പോഴും ഒരു പലഹാരപ്പൊതി കാണും. ഉത്സവത്തിന് കൂടെക്കൂട്ടും. ബലൂണും പീപ്പിയും ഈന്തപ്പഴവും കടലപ്പൊരിയും വാങ്ങിക്കൊടുക്കും.’
‘ എങ്ങോട്ടാ നാരായണേട്ടാ?’
ആരോ പിറകിൽ നിന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് അയാൾ ചിന്തയിൽ നിന്ന് ഉണർന്നത്.
‘ ങേ…കൊച്ചുവേലുവോ? ഞാൻ ഈ ഭാനുവിന്റെ വീട്ടിൽ നിന്ന് ഒരു നിലവിളി കേട്ട് വരുവാ..’
‘ ഞാനും കേട്ടു. എന്തോ ആപത്തു വന്നു കാണും.’
തിടുക്കപ്പെട്ട് രണ്ടാളും മുറ്റത്തെത്തി.
വസുമതി അപ്പോൾ വരാന്തയിൽപ്രതിമ പോലെ ഇരിക്കുന്നു.
‘ എന്തേ വസുമതി?
അവർ ഒന്നും മിണ്ടിയില്ല. അകത്തെ മുറിയിലേക്ക് കൈ ചൂണ്ടിക്കാണിച്ചു.
വന്നവർ രണ്ടാളും മുറിയിൽ കയറി.
കട്ടിലിൽ ഭാനു കിടപ്പുണ്ട്.
‘ഭാനൂ…’
അവർ വിളിച്ചു.
നല്ലപോലെ കുലുക്കി വിളിച്ചു.
അനക്കമില്ല.
നെഞ്ചിടിപ്പ് ഇല്ല
ശ്വാസമില്ല.
സ്ഥലകാല ബോധമില്ലാത്ത ഒരു വില്ലനാണ് മരണം.
വെയിൽ ഉറയ്ക്കുന്നില്ല.
കാറ്റ് വീശുന്നില്ല.
ഒരു പക്ഷിയുടെ പോലും പാട്ടൊ ചിറകടി ശബ്ദമോ കേൾക്കുന്നില്ല.
‘ നാരായണേട്ടാ..’
വസുമതി ഉച്ചത്തിൽ അലറി വിളിച്ചു.നെഞ്ചത്തടിച്ചു.
ആ ശബ്ദം പുഞ്ചപ്പാടവും കടന്ന് മറുകരയിൽ മറ്റൊലിച്ചു.
വസുമതി ഒരിക്കൽക്കൂടി അനാഥയായി!!
