കുടുംബവീടുകൂടി ഇടിച്ച് പൊളിച്ച് അതി ഭംഗിയായൊരു വീട് ഒരുക്കണമെന്നതായിരുന്നു അമ്മയുടെ ആഗ്രഹം എന്നാൽ മുത്തശ്ശന്റെ അധ്വാനം, ഓർമ്മകൾ ഇതൊക്കെ അച്ഛനെ അമ്മയുടെ ആഗ്രഹങ്ങൾക്ക് വിലക്കിട്ടു. അമ്മയുടെ സന്തോഷത്തിനു വേണ്ടിപുത്തൻ വീടും പണിതുയർത്തി
പഴയ വീട് ഓർമ്മകളുടെ സ്മാരകമായ് നിലനിർത്തി.

അച്ഛന് ചില പിടിവാശികളുണ്ട് ആ വഴിയിലൂടെ മാത്രേ ഞങ്ങൾക്കും സഞ്ചരിക്കാനാവൂ. ജീവിക്കാൻ ആഡംബരമല്ല മനസമാധനമാണ് വീടിന് വേണ്ടതെന്ന് പറയുമ്പോഴൊക്കെ അമ്മ മുഖം തിരിക്കും. അക്ഷരങ്ങളെ ഏറെ ഇഷ്ടമ്മുള്ള അച്ഛൻ രണ്ടു പുസ്തകങ്ങൾ എഴുതി അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ജോലിത്തിരക്കിൽ നിന്നും സ്വതന്ത്രനാകുമ്പോഴും അസ്വസ്ഥനാക്കുമ്പോഴും അക്ഷരങ്ങളെ കൂട്ടുപിടിച്ച് മഴനനഞ്ഞ പക്ഷിയെപ്പോലെ പഴയ വീട്ടിലേക്ക് ചേക്കേറും. വരയും കഥയും കവിതയുമൊക്കെ ഏകാന്തതയിൽ പേപ്പർത്താളുകളിൽ നിറയും. ചിലപ്പോൾ മനസ്സിന് അസ്വസ്ഥത നിറഞ്ഞ ദിവസങ്ങളിൽ എഴുതി നിറച്ച് ചുരുട്ടിയെറിയുന്ന പേപ്പർ ത്താളുകൾക്ക് ഒരുപാട് കഥ പറയാനുണ്ടാകും. മുറികൾ വൃത്തിയാക്കാൻ കയറി കൂടിയ വകുപ്പിൽ ചുരുട്ടിയെറിഞ്ഞ പേപ്പർ ത്താളുകളിലെ കഥാപാത്രങ്ങളൊക്കെ
നോവുകളായ് അവേശിഷിക്കുന്നവരായിരിക്കും. ചുരുൾ നിറഞ്ഞ പേപ്പറിലെ മഷിക്കുപ്പോലും രക്തമണമായിരിക്കും
ഗവൺമെന്റ് ഹോസ്പിറ്റലിലെ മോർച്ചറി മുറിക്കുള്ളിൽ കാവിലിരുന്ന് നേരം കഴിച്ചീടുന്ന ഒരാളുടെ അക്ഷരങ്ങളിൽ ദയയില്ലാത്ത വാക്കുകളുടെ പ്രവാഹമായിരിക്കും. ഹൃദയം മരവിപ്പിച്ച് ശവങ്ങളെ കൈകളിലേക്ക് ഏറ്റുവാങ്ങുന്നവരല്ലേ.

അച്ഛൻ ഒരിയ്ക്കൽ എഴുതിയ വരികൾ ഓർമ്മയിലെത്തി “ആത്മഹത്യ ചെയ്ത ചില മനുഷ്യരുടെ മുഖത്തേക്ക് നോക്കുമ്പോൾ മരണത്തിന് തൊട്ട് മുന്നേ പറയാൻ മറന്ന തൊണ്ടയിൽ കുരുങ്ങിയ ചില വാക്കുകൾ സങ്കടങ്ങൾ പറയാനേറയുണ്ടെന്ന് തോന്നുമത്രേ…” അവർക്കു പറയാനുള്ളതൊക്കെ എന്റെ തൂലികയിലെ നുണക്കഥകളായ് മാറും.

എന്റെ കണ്ണുകൾ അച്ഛൻ എഴുതി ചുരുട്ടി വലിച്ചെറിഞ്ഞ കഥയിലേക്ക് പോയി
ഇന്നലെ ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കാനിരിക്കുമ്പോൾ മോർച്ചറി മുറിയിലേക്ക് അവൾ എത്തുകയായിരുന്നു. ജ്യോതി വയസ്സ് ഇരുപത്തിമൂന്ന് എന്റെ പ്രിയമോളുടെ അതേ പ്രായം. വീണ്ടും വീണ്ടും ഞാനവളെ നോക്കി,, അവൾ യാചിച്ചു തുടങ്ങി കോളേജ് ഹോസ്റ്റൽ മുറിയിൽ കുരുക്കിടാൻ ശ്രമിച്ച നിമിഷങ്ങളെ തിരികെ വേണമെന്ന്, കെട്ടി തൂങ്ങിയതറിഞ്ഞെത്തിയ അച്ഛന്റെ നിലവിളികളെ ഭയന്നു വിറച്ചിരുന്നു പ്പോലും അവളുടെ സ്നേഹത്തെ ചൂഷണം ചെയ്തവനോട് ജീവിച്ച്കാട്ടി പക തീർക്കണമെന്ന് കീറി മുറിച്ച ശരീരവുമായ് അമ്മയുടെ അരികിലേക്ക് പോകാനാവില്ലെന്ന് സ്നേഹം കൊണ്ടോ പ്രണയം കൊണ്ടോ കണ്ണുകളിൽ അന്ധത ബാധിച്ച് കെണിയിൽപ്പെട്ട നേരങ്ങളൊക്കെ വെട്ടിത്തിരുത്തണ മെന്ന്, നിശ്ചലയായ് കിടക്കുമ്പോഴും അവളുടെ ആത്മാവ് മോർച്ചറി മുറിക്കുള്ളിൽ നിന്നും ജീവിതം തിരികെ യാചിക്കുകയായിരുന്നു. മൂകമായ് അലറി കരയുന്നുണ്ടായിരുന്നു.അടച്ച വാതിലിന്റെ താക്കോലുകൾ അടുത്ത ഡ്യൂട്ടിക്കാരനെ ഏൽപ്പിച്ച് പുറത്തിറങ്ങുമ്പോൾ മനസ്സ് അസ്വസ്ഥതമായ് ഇന്നും എനിയ്ക്ക എഴുതാൻ പതിവുപോലൊരു നുണക്കഥ.

കഥയെഴുതി നിർത്തി അടിവരയിട്ട് അച്ഛൻ വീണ്ടും സാഹിത്യം വിളമ്പി
ആ പെൺകുട്ടിയ്ക്ക നൽകാൻ ഉത്തരമില്ലായിരുന്നു. ജീവിതത്തിനായ് ചില ലഘു സമവാക്യങ്ങൾ ചിട്ടപ്പെടുത്തണം സ്വന്തം ചിന്തകൾക്കും നിലപാടുകൾക്കും ഒരിടം സൂക്ഷിക്കണം, മറ്റൊരു വ്യക്തി ചരടു വലിക്കുന്ന നൂൽപ്പാവ പോലെയാകരുത് ഒരു പെൺകുട്ടികളും. ചിലതൊക്കെ എഴുതിയാലും ആരു വായിച്ചാലും സ്വയം ബലിയായ്പ്പോയ ജീവിതങ്ങളൊക്കെ നുണക്കഥകളാണെന്നെ പറയൂ. അതിജീവിച്ച കഥകൾ തന്നെയാണ് മികച്ച സന്ദേശങ്ങൾ.

കഥ വായിച്ച് നിർത്തുമ്പോൾ ഞാനോർത്തു ഇന്നലെ മരണപ്പെട്ടവൾ
സ്വയം നശിപ്പിച്ച ജീവിത ചിതയിൽ അവൾ പുകഞ്ഞ് തീർന്നിട്ടുണ്ടാവും.
ഏയ് ഇല്ല..അച്ഛന് തെറ്റിപ്പോയ് ചുരുട്ടി കളഞ്ഞ പേപ്പറിലെ അക്ഷരങ്ങളിൽ
ഇപ്പോഴും അവളുടെ ശ്വാസമിടിപ്പ് കേൾക്കാം.
അടിച്ചുവാരൽ നിർത്തി ഞാനും. ആ മുറിയിൽ നിന്നും പുറത്തിറങ്ങി ചിന്തിച്ചു. വെറുതെയല്ല അമ്മ ഈ പഴയ വീട് പൊളിക്കാൻ പറയുന്നത്. ആ വീട് കേട്ടത് എത്രയെത്ര നുണക്കഥകളായിരിക്കും.🥰

ശാന്തി സുന്ദർ

By ivayana