രചന : രാജേഷ് ദീപകം.✍️
സാമ്പാർ കൂട്ടാത്ത മലയാളിയുണ്ടാവില്ല. സദ്യയ്ക്ക് സാമ്പാർ അവിഭാജ്യ ഘടകമാണ്. എങ്കിലും മരണാനന്തര കർമ്മങ്ങളിൻ ഇഡ്ഡലിയും സാമ്പാറും ഇന്നും കളം നിറഞ്ഞുനിൽക്കുന്നു.
ദോശയും സാമ്പാറും ഇണപിരിയാത്ത ചങ്ങാതിമാരാണ്. കായം ഇല്ലാതെ സാമ്പാറില്ല.
പാചകക്കാരുടെ കൈപ്പുണ്യം സാമ്പാറിൽ തുടങ്ങുന്നു. എന്റെ നാട്ടിലെ പാചക വിദഗ്ധൻ പേരെടുത്തത് തന്നെ സാമ്പാറിൽ കൂടിയാണ്. സ്ഥലനാമം പേരായി മാറിയ അദ്ദേഹം ‘കല്ലട ‘എന്നറിയപ്പെട്ടു. ഇഡ്ഡലിയുടെ മേലെ ഒഴിക്കുന്ന സാമ്പാർ അവിടെ നിൽക്കും. ചിലരുടെ സാമ്പാറിന്റെ പുറകെ ഓടേണ്ടി വരും എന്ന് സാക്ഷാൽ ഊണ് ചെല്ലപ്പൻ പിള്ള തന്നെ സാക്ഷ്യപെടുത്തിയിട്ടുണ്ട്.
അരി നിറപറയണോ സദ്യ കേമം എന്ന പരസ്യം പോലെ പാചകം കല്ലടയെങ്കിൽ സദ്യ കെങ്കേമം എന്ന ചൊല്ല് തന്നെ രൂപപ്പെട്ടു.പരസ്യത്തിൽ ആൾക്കാർ മയങ്ങി വീഴുന്ന കാലമാണല്ലോ!!ടൂത്ത് പേസ്റ്റ് എന്നാൽ കോൾഗേറ്റ്ആകുന്നു. പൗഡർകുട്ടികൂറ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
പറഞ്ഞുവന്ന സാമ്പാർ ഒരാളുടെ ഇരട്ടപ്പേര് കൂടിയാണ്.അതൊരു സംഭവകഥയാണ്.
സുരേന്ദ്രൻ അന്ന് പോലീസ് ക്യാമ്പിൽ ജോലി നോക്കുന്ന കാലം. പോലീസ് അസോസിയേഷന്റെ ഒരു സമ്മേളനം നടക്കുകയാണ്. സ്ഥലം പേരൂർക്കടയാണ്. ഉച്ചയ്ക്ക് വിഭവസമർദ്ധമായ സദ്യയുണ്ട്. സുരേന്ദ്രൻ, വർഗീസ്, തോമസ്, ബാബു, സജി ഇവർക്കാണ് കലവറയുടെ ചുമതല. അവരെ ഡ്യൂട്ടിയിൽ നിന്ന് രണ്ടുദിവസമായി ഒഴിവാക്കിയിരിക്കയാണ്.
പാചകം പൊടിപൊടിക്ക യാണ്. സാമ്പാർ തിളച്ചുമറിയുന്നു. ഇടവേളയിൽ ഒന്ന് മിനുങ്ങിയ സുരേന്ദ്രൻ വർഗീസുമായി ചെറിയ വാക്കുതർക്കം.ഉറഞ്ഞു തുള്ളുകയാണ് സുരേന്ദ്രൻ വർഗീസ് സുരേന്ദ്രനെ തള്ളിമാറ്റാൻ ശ്രമിച്ചു. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാനാണ്?കാലിടറിയ സുരേന്ദ്രൻ വീണത് തിളച്ച സാമ്പാറിൽ.
സ്ഥലം ജനറൽ ആശുപത്രി.
സദ്യ വിളമ്പേണ്ട ഇലയിൽകിടക്കുകയാണ് സുരേന്ദ്രൻ.കാണാൻ വരുന്നവരുടെ എന്ത് പറ്റി?എന്ന ചോദ്യത്തിന് മുന്നിൽ ചിരി മാത്രമാണ് മറുപടി. വിശദവിവരങ്ങൾ നഴ്സിംഗ് ഓർഡർലി വർഗീസ് വിവരിക്കും.
ചികിത്സ കഴിഞ്ഞെത്തിയ സുരേന്ദ്രനെ ക്യാമ്പിന്റെ കവാടത്തിൽ വെച്ചുതന്നെ സുഹൃത്തുക്കൾ സ്വീകരിച്ചു. അവിടെ വെച്ചുതന്നെ സുരേന്ദ്രൻ എന്ന പേര് ഇല്ലാതാകുകയും ‘സാമ്പാർ ‘ജനിക്കുകയും ചെയ്തു.
സാമ്പാറിനെ കണ്ടില്ലല്ലോ? സാമ്പാർ അവധിയാണോ? സാമ്പാറിന് ഇന്നെന്താണ് ഡ്യൂട്ടി? ക്യാമ്പിലെ സംഭാഷണങ്ങൾ ഇപ്രകാരം ആയിരുന്നു.
ട്രാൻസ്ഫർ ആയി സ്വന്തം ജില്ലയിലേക്ക് മാറിയപ്പോൾ സുരേന്ദ്രൻ എത്തുന്നതിന് മുൻപ് സാമ്പാർ ജില്ലയിൽ എത്തിയിരുന്നു.
ക്യാമ്പ് ജീവിതം കഴിഞ്ഞ് ലോക്കൽ സ്റ്റേഷനിൽ എത്തിയപ്പോൾ തമാശക്കാരനായ സബ് ഇൻസ്‌പെക്ടർ സ്റ്റീഫൻ സാർ സ്വാഗതം ചെയ്തത് ഇങ്ങനെ…. “ഇന്ന് ജോയിൻ ചെയ്യുമെന്ന് അറിഞ്ഞിരുന്നു. ഇന്നത്തെ പ്രഭാത ഭക്ഷണം ഇഡ്ഡലിയും സാമ്പാറും സുരേന്ദ്രന്റെ വക”.
ഓ… ഇവിടെയുംഎത്തിയോ?…… കുറെ.,….. അവന്മാർ ഉണ്ട്,
സുരേന്ദ്രന് പല സ്റ്റേഷനുകളിലേക്ക് മാറ്റം വന്നു.സ്പെഷ്യൽ യൂണിറ്റിലേക്കും മാറ്റം കിട്ടി. എല്ലായിടത്തും എന്നപോലെ സാമ്പാർ ആദ്യം ഡ്യൂട്ടിയിൽ പ്രവേശിക്കുംപിന്നാലെ സുരേന്ദ്രനും.
അങ്ങനെ വർഷം മുപ്പത്തിമൂന്നും മാസം രണ്ടും ആയപ്പോൾ കർമ്മ നിരതമായ ആ സേവനകാലംഅവസാനിച്ചു.അവസാനിക്കുന്ന ദിവസംപോലീസ് ക്ലബ്ബിൽ വെച്ച് സുരേന്ദ്രന് ഗംഭീരയാത്രയയപ്പ് നൽകാൻ അസോസിയേഷൻ ഏക കണ്ഠമായി തീരുമാനമെടുത്തു.
ക്ലബ്ബിന്റെ കവാടത്തിലെ ഫ്ലെക്സിലെ കവിതാശകലത്തിൽ ഇങ്ങനെ കുറിച്ചിരുന്നു….
“കല്ലും മുള്ളും പട്ടു മെത്തയാക്കി സംവത്സരങ്ങളായി
കർമ്മവേദിയിൽത്യാഗനിർഭരമായ
ജീവിതം സമർപ്പിച്ച,സാമ്പാറിന് കായം എന്നപോലെ പോലീസ് സേനയ്ക്ക് അനിവാര്യമായ സുരേന്ദ്രജിക്ക്
അയുതമഭിവാദനം
സ്നേഹോപഹരമായ്”…..
ഗംഭീരസദസ്സും വേദിയും. കമ്മീഷണർ, എം. എൽ. എ തുടങ്ങി ഏറെ പേരുണ്ട്.
ഉപഹാരസമർപ്പണവും, പുകഴ്ത്തലും കഴിഞ്ഞ് മറുമൊഴി..,…
“ബഹുമാനപ്പെട്ട…. പ്രിയപ്പെട്ട…
പോലീസ് സർവീസിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി എന്റെ ഇരട്ടപ്പേരായിരുന്നു. എന്റെ നാട്ടിൽ എട്ട് സുരേന്ദ്രന്മാർ ഉണ്ട്. പലർക്കും ആള് മാറി പോകാറുണ്ട്. പക്ഷേ നിങ്ങൾ എന്റെ നാട്ടിൽ വന്ന് സുരേന്ദ്രനെ തിരക്കിയാൽ അവർ തിരിച്ച് നിങ്ങളോട് ചോദിക്കും ഏത് സുരേന്ദ്രനെന്ന്?
തിരിച്ചറിയാൻ മറ്റ് ഏഴുപേർക്കുംഇരട്ടപേരുകൾ ഉണ്ട്…… അതിൽ ഏറ്റവും മനോഹരമായ പേര് എനിക്കാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളിലാരെങ്കിലുംഎന്നെ തിരക്കിവന്നാൽ മടിക്കാതെ ചോദിക്കണം. “സാമ്പാർ സുരേന്ദ്രന്റെ വീടേതാണെന്ന്”?അവർ നിങ്ങളെ കിറുകൃത്യമായിവീട്ടിൽ എത്തിച്ചിരിക്കും”.
വേദിയും സദസ്സും പൊട്ടിച്ചിരിക്കുമ്പോൾ ആ ചിരിയിൽ സുരേന്ദ്രനൊപ്പം കുടുംബവും ഉണ്ടായിരുന്നു.
