ഉഷ്ണക്കാറ്റേറ്റ് ഉരുകിയൊലിക്കുന്ന ശരീരത്തോട് ഈർഷ്യ തോന്നി.
ആകാശത്തു നിന്നും അഗ്നിപെയ്യുന്നത് പോലെ
വെള്ളം കുടിച്ചു വയറു നിറയുന്നത് കൊണ്ട് വിശപ്പില്ല എപ്പോഴും ദാഹം മാത്രം.
കുടിക്കുന്ന വെള്ളം വിയർപ്പായി രൂപാന്തരപ്പെടുന്നു.
ധരിക്കുന്ന വസ്ത്രം ഉപ്പുരുചിയോടെ കുതിർന്നു നാറുന്നു.
ഛെ! എന്തൊരു കാലാവസ്ഥ.
വേനലിനോട് എനിക്കു വെറുപ്പ് തോന്നുന്നു.
അകലെ കണ്ട മരത്തണലിൽ അല്പനേരമിരിക്കാം
ഇട്ടിരുന്ന ടി ഷർട്ട്‌ വലിച്ചൂരി മരചുവടിലേയ്ക്ക് നടന്നു.
പടർന്നു വളരുന്ന മരത്തണലിൽ
ഒരു സ്ത്രീ.

അവൾ ചൂടിന്റെ പ്രഹരമേറ്റ് എന്നേക്കാൾ മുൻപേ മരത്തണലിൽ ആശ്രയം തേടിയിരിക്കുന്നു.
അവളുടെ ബ്ലൗസ് വിയർത്തു നനഞ്ഞിട്ടുണ്ട്
സാരിയുടെ തലപ്പു കൊണ്ട് സ്വയം വീശുന്നുണ്ട്.
വിയർപ്പിന്റെ നനവുള്ള സാരിയുടെ വിടവിലൂടെ അവളുടെ വയറിന്റെ ചലനം കാണാം.
അല്പം മാറി ഞാനിരുന്നു.
രോമാവൃതമായ എന്റെ ശരീരത്തിലേയ്ക്ക് അവൾ സൂക്ഷിച്ചു നോക്കി.
രോമം കൂടുതൽ ഉള്ളത് കൊണ്ട് ചൂട് കൂടും അല്ലെ.
അവൾ എന്നോട് ചോദിച്ചു.
ഞാൻ ചെറുതായി ചിരിച്ചു.

രോമകൂപങ്ങളിലൂടെ വിയർപ്പ് പുറത്തു വരുന്നത് കൊണ്ടു വല്ലാത്ത അസ്വസ്ഥതയാണ്.
ഫാനിന്റെ കാറ്റിനും ചൂടാണ്.
അതുകൊണ്ട് പ്രകൃതിയുടെ കാറ്റ് തേടി വന്നതാ.
ഞാനും..
അവൾ മറുപടി പറഞ്ഞു.
നിങ്ങൾ പുരുഷന്മാർക്ക് ചൂടിനെ അതിജീവിക്കാൻ ഷർട്ട്‌ ഊരി നടക്കാം
ഞങ്ങൾ പെണ്ണുങ്ങൾക്ക് അത് പറ്റില്ലല്ലോ.
സ്വന്തം ഭാര്യക്ക്… എപ്പോഴും പോളിസ്റ്റർ സാരിയും, ചുരിദാറുമൊക്കെ വാങ്ങി കൊടുക്കുന്ന പുരുഷന്..
ഇതൊക്കെ അഴകല്ല.. അവളുടെ ശരീരത്തെ വേവിക്കുന്ന തുണി കളാണെന്ന സത്യം ഇന്നുമറിയില്ല.

വേനലിന്റെ ആഘാതമനുഭവിക്കുന്ന എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണെന്നവളെന്നു തോന്നി.
പെണ്ണിന് ബ്ലൗസ് ഊരി നടക്കാൻ പറ്റുമോ?
മൊത്തം മൂടി മറഞ്ഞു കിടക്കുന്ന ചുരിദാറും
നൈറ്റിയും
ആറുമീറ്റർ നീളമുള്ള സാരിയും സ്ത്രീയെ എന്ത് മാത്രം വേവിക്കുന്നുണ്ടെന്നറിയമോ?
എല്ലാം അവൾ സഹിക്കുന്നു.
നീണ്ടു കിടക്കുന്ന തലമുടി കാരണം തലയുടെ പുറകു വശം.. കാറ്റ് കിട്ടാതെ
വെന്തുരുകുകയാണ്.

വരിഞ്ഞു മുറുക്കി പൊക്കി കെട്ടികൊണ്ട് യാത്ര ചെയ്താൽ കാണുന്നവർ കളിയാക്കും.
എന്റെ സഹോദരി നിങ്ങൾക്ക് സ്ലീവുലെസ്സ് വസ്ത്രം ഉപയോഗിക്കാൻ മേലെ..
അവൾ എന്നെ നോക്കി ചിരിച്ചു.
എന്നിട്ട് വേണം ആവശ്യമില്ലാത്ത പേര് സമ്പാദിക്കാൻ.
അതൊക്കെ ക്ലബ്ബുകളിൽ പോകുന്ന
കാശുള്ള വീട്ടിലെ പെണ്ണുങ്ങൾക്കു ഇടാനുള്ളതല്ലേ.
ഒരു സാധാരണക്കാരിയോ
പാവപ്പെട്ട വീട്ടിലെ സ്ത്രീയോ ധരിക്കാമെങ്കിൽ.. മറ്റു സ്ത്രീകൾ തന്നെ
അപവാദം പറയില്ലേ?
വേനലിൽ സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങൾ അവളുടേത് മാത്രമായി
ഒതുങ്ങുന്നു.

മദാമ്മകളുടെ അല്പവസ്ത്രത്തിന്റെ രഹസ്യം ഇപ്പോഴാണ് മനസിലായത്.
അവിടെ സ്ത്രീകൾക്ക്…
പുരുഷനെ പ്പോലെ കടൽത്തീരങ്ങളിൽ കാറ്റിനായി കിടക്കാമല്ലോ.
അപ്പോൾ ഈ പർദ്ദ ധരിക്കുന്ന
വനിതകൾക്ക് വേനലിന്റെ ക്ഷതമേൽക്കില്ലേ.
ഹേ മിസ്റ്റർ…
പർദ്ദയിട്ടാലും, ചുരിദാർ ഇട്ടാലും
സ്ത്രീ.. സ്ത്രീ തന്നെയാണ്.
വേനലും ചൂടും ജാതിയും, മതവും തിരിച്ചു ഭൂമിയിൽ പതിക്കുന്നില്ലലോ.
എല്ലാവർക്കും ഒന്നുപോലെയല്ലേ.
അവൾ അനുഭവിക്കേണ്ടിയത് അനുഭവിച്ചേ മതിയാകൂ.
പാവം അവളോടെനിക് സഹതാപം തോന്നി.
സത്യം പറഞ്ഞാൽ ഉഷ്ണം സ്ത്രീയെ ഇത്രത്തോളം പ്രയാസപ്പെടുത്തുന്നുണ്ടെന്ന് ആരറി യുന്നു.

അർദ്ധനഗ്നനായ നിങ്ങളും..
വിയർത്തൊലിച്ച ഞാനും ഒരു മരത്തണലിലിരുന്നാൽ..
പ്രകൃതി പറയും.. അവർ കാറ്റിനെ കാത്തിരിക്കുന്നുവെന്ന്.
പക്ഷേ.. ഈ പ്രകൃതിയിലെ മനുഷ്യർ പറയും..
ഈ ഇരുപ്പിൽ എന്തോ വൃത്തികെട്ട ഉദ്ദേശമുണ്ടെന്നു.
ചൂടും, ഉഷ്ണവുമൊന്നും അവിടെ വിഷയമാകുന്നില്ല.
അവൾ പറഞ്ഞത് സത്യമെന്നെനിക് തോന്നി.
വേനലിൽ അവൾ ഉരുകുകയാണ്.
തലമുടി ഉച്ചിയിൽ കെട്ടി വെച്ചു
സാരി തലപ്പുകൊണ്ടു വീശുകയാണ്.
പാവം അവൾ പറഞ്ഞതു പോലെ
ഉഷ്ണമറിയാത്തവർ പലതും പറയും
ഞാനെഴുന്നേറ്റു.

മരത്തണൽ അവൾക്ക് തന്നെ വിട്ടു കൊടുത്തു..
സ്ത്രീയും പ്രകൃതിയുടെ സൃഷ്ടിയാണ്
പ്രകൃതിയുടെ സുഖം അവളുമനുഭവിക്കട്ടെ.
ഇടയ്ക്ക് വീശുന്ന ഇളംകാറ്റ് അവളുടെ ശരീരത്തിനു കുളിർ പകരട്ടെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *