രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️…
കടിഞ്ഞൂൽ പ്രസവം കഴിഞ്ഞതിൻ പിറ്റേന്ന്
ശരീരം നുറുങ്ങുന്ന വേദനക്കിടയിലായ്
ആശുപത്രിയിലെ പ്രസവ വാർഡിനുള്ളിലെ
കിടന്നോരാ കട്ടിലിൻ മുകളിൽ നിന്നായി
കരഞ്ഞുകലങ്ങിയ കണ്ണുകളാലെ
കാലുകൾ താഴോട്ട് താഴ്ത്തിവച്ചങ്ങിനെ
അടുത്തുള്ള കട്ടിലിൽ കൈകാലിട്ടടിച്ച്
ചിരിച്ചു കളിക്കുന്ന കുട്ടിയെ നോക്കീട്ട്
ഇടതുകൈ കട്ടിലിൽ തപ്പി ക്കൊണ്ടങ്ങിനെ
വീണ്ടും കരയുന്നു പേറ്റുനോവോടവൾ
ഇന്നലെ താൻനൊന്തു പെറ്റോരാ പൊൻമകളെ
ദൈവം തിരിപ്പെടുത്തതെന്തിനാണെന്നുള്ള
ചോദ്യശരങ്ങൾ തന്നോട് തന്നെ
ആയിരംവട്ടം ചോദിച്ചു കൊണ്ടവൾ
നീറിനീറിക്കൊണ്ട് കരയുകയാണല്ലോ
ഭർത്താവുമവളുടെ ബന്ധുക്കളുമെല്ലാം
ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു ചുറ്റിലും
ആശ്വസിപ്പിക്കുന്നതിനിടയിലായ് ഭർത്താവും
കണ്ണുനിറയ്ക്കുന്നു ണ്ടിടക്കിടെയായി
പേറ്റുനോവെന്നോരാ മഹത്തായ നോവിൻ്റെ
വേദനക്കിടയിലും അവളറിയുന്നപ്പോൾ
നെഞ്ചിൽ നിറയുന്നോരാ യിളം ചൂടിനെ
ഇരുന്നുകൊണ്ടവളപ്പോൾ തൻ്റെ മുലകളെ
ഞെരിച്ചൊന്നു നോക്കീ അവളാ സമയത്ത്
വെള്ളം പോലുള്ളോരു ദ്രാവകമാദ്യവും
പിന്നീട് മഞ്ഞനിറത്തിലായൊരു ദ്രവവും
ഇറ്റിറ്റു പുറത്തേക്കതിൽ നിന്നും വീണു
പിന്നെ നിർബാധമായ് വെള്ളമുലപ്പാലും
ഒഴുകുന്നാപ്പാലിനെ കയ്യിലെടുത്തിട്ട്
പെറ്റിട്ടൊരു മണിക്കൂറിന്നുള്ളിലായ്
തന്നെ വിട്ടുപിരിഞ്ഞോരാ മകളെ
ഓർത്തിട്ട് പിന്നെയും ഒഴുക്കുന്നുണ്ടവൾ
മാതൃസ്നേഹത്തിൻ്റെ കണ്ണീർക്കണങ്ങൾ.
