രചന : ബീഗം✍
നുണകളുടെ
കൽഭിത്തികൾ
തീർത്ത
വിദ്വേഷത്തിന്റെ
മാളികകൾ
ബലക്ഷയം
സംഭവിച്ച
പ്രണയാടിത്തറകൾ
അവിശ്വാസത്തിന്റെ
തുരുമ്പുകമ്പികൾ
പാരതന്ത്ര്യത്തിന്റെ
വാതായനങ്ങൾ
അപകർഷതയിൽ
തീർത്ത വാതിലുകൾ
യാഥാസ്ഥിതികത്വത്തിൽ
തകർന്നു വീഴുന്ന
മേൽക്കൂരകൾ
അഹങ്കാരത്തിന്റെ കൽത്തൂണുകൾ
ക്രൗര്യത്തിന്റെ
ചവിട്ടുപടികൾ
നൽക്കാഴ്ചയുടെ
വൈപരീത്യത്തിൽ
മട്ടുപ്പാവുകൾ
പുറം ലോകത്തിന്റെ
മണമറിയാത്ത
ആഴക്കിണറുകൾ
സൗഹൃദത്തിന്റെ സപ്തവർണ്ണങ്ങളിൽ
തിമിരക്കാഴ്ചകൾ
ദൈന്യതയുടെ വിളികളെ
പൂട്ടുന്ന
പ്രവേശന കവാടങ്ങൾ
ദുർവാശികളുടെ
ഇരിപ്പിടങ്ങൾ
ജാതി (മത)മരങ്ങളുടെ
നിബിഡതയിൽ
സ്നേഹക്കാറ്റിന്റെ
തിരസ്കരണം
അസൂയയുടെ
അന്ധകാരങ്ങൾ
നീക്കാൻ ഈ
വീട്ടുകളിലെവിടെ
വെട്ടങ്ങൾ ?
വഴിയരികിൽ
പൂത്തു നില്ക്കുന്ന
പ്രണയ വാകകൾ
ഈ വീടുകൾക്കു
അലങ്കാരമാകുന്നതെങ്ങനെ?
ഈ വീടുകളല്ലേ പൊടിപ്പും തൊങ്ങലുമില്ലാത്ത
യാഥാർത്ഥ്യത്തിന്റെ
കണ്ണാടികൾ