രചന : മനോജ് കാലടി ✍
ഇനിയെത്രകാലം ഞാൻ ചുട്ടുപഴുക്കണം
നിന്നലെ ചുളിവുകൾ മാറ്റുവാനായ്.
ഇനിയും ഞാനെത്ര കനലുകൾ പേറണം
നിന്നുടെ മേനിയ്ക്കഴകുനൽകാൻ.
കഠിനമാം ചൂടേറ്റുവാങ്ങിയെന്നാകിലും
തളരാത്ത തേപ്പുപെട്ടിപോലെ
എത്രകരഞ്ഞാലും കണ്ണുനീർവീഴാത്ത
അത്ഭുതം തന്നെ അച്ഛനെന്നും.
ചുളിവേറ്റുവാങ്ങി, തളരുന്ന വസ്ത്രത്തിൽ
പുതുജീവൻ നൽകിടും തേപ്പുപെട്ടി
മക്കൾതന്നാഹ്ലാദപൂക്കളെ കാണുവാൻ
വെയിലും പൂനിലാവാക്കുമച്ഛൻ.
നമ്മൾതൻ വസ്ത്രത്തിലേറേത്തലോടി
പ്രതലം കറുത്തുപോയ് തേപ്പുപെട്ടി.
അച്ഛന്റെയുള്ളം കൈയിൽത്തഴമ്പിന്റെ
കാഠിന്യവുമീക്കറുപ്പുപോലെ.
അല്പം പഴകിയാൽ മൂലയ്ക്കെറിയും നാം
തഴുകിത്തലോടിയ തേപ്പുപെട്ടി.
വാർദ്ധക്യം പേറിയയെത്രയോതാതന്മാർ
വൃദ്ധസദനത്തിൽ തേങ്ങിടുന്നു.
നമ്മൾക്ക് വേണ്ടി തേഞ്ഞുപോയോരവർ
കരയുവാൻ പോലും മറന്നുപോയോർ.
പുറമേയ്ക്കവരേറേ പരുഷരാണങ്കിലും
കാലത്തിൻ തണലായി കൂടെനിന്നോർ.
