രചന : യൂനസ് മണത്തല ✍️
പിശുക്ക്
മനസ്സിന്റെ മണ്ണിൽ വീണൊരു
ഭയവിത്ത്
അത് മുളയ്ക്കുമ്പോൾ
മുള്‍ക്കൊടികളാണ് ആദ്യം പിറക്കുന്നത്
പിന്നെ നിഴൽ വ്യാപിക്കും
വ്യക്തിയെ കടന്നുപോയി
കുടുംബങ്ങളിലേക്കും
സമൂഹത്തിന്റെ പ്രാണനാളികളിലേക്കും
ഒരു വീട്ടിൽ
ചിരിയുടെ ശബ്ദം കുറയുന്നത്
അവിടെ പണം കുറവായതുകൊണ്ടല്ല
പങ്കിടൽ കുറയുന്നതുകൊണ്ടാണ്
അമ്മയുടെ കൈയിൽ
കഞ്ഞിയുടെ ചൂട് ഉണ്ടെങ്കിലും
ഹൃദയത്തിൽ തണുപ്പ് നിറഞ്ഞാൽ
കുഞ്ഞ് പഠിക്കുന്നത്
സ്നേഹത്തിന്റെ രുചിയല്ല,
സംശയത്തിന്റെ കഠിനതയാണ്
പിശുക്കൻ
സ്വന്തം ആവശ്യങ്ങൾ പോലും
വെട്ടിക്കുറച്ച് ജീവിക്കുമ്പോൾ
അവൻ കരുതുന്നത്
ഭാവിയെ സംരക്ഷിക്കുകയാണെന്ന്
എന്നാൽ
ഇന്നത്തെ പ്രകാശം അണച്ച്
നാളെ സൂക്ഷിക്കാൻ ശ്രമിക്കുന്നവൻ
ഇരുട്ടിനെയാണ് വളർത്തുന്നത്
സമൂഹം
പങ്കിടലിന്റെ പ്രവാഹത്തിലാണ് നിലനിൽക്കുന്നത്
നദി ഒഴുകാത്തിടത്ത്
കുളം പാഴാകുന്നതുപോലെ
സമ്പത്ത് ചലിക്കാത്തിടത്ത്
ബന്ധങ്ങൾ ക്ഷയിക്കും
കൈകൾ മുട്ടിയിടത്ത്
ഹൃദയങ്ങളും മുട്ടിപ്പോകും
ജീവകാരുണ്യം
മനുഷ്യന്റെ ഉയർന്ന സ്വഭാവം
അത് വറ്റുമ്പോൾ
മനുഷ്യൻ കണക്കായി ചുരുങ്ങും
അവകാശങ്ങൾ ചോദിക്കുന്ന ശബ്ദങ്ങൾ
മങ്ങിയുപോകും
ഉത്തരവാദിത്വം മറക്കുന്നവരുടെ എണ്ണം
കൂടും
മിതവ്യയം
അളവിന്റെ ശീലമാണ്
അനാവശ്യങ്ങളെ ഒഴിച്ചു
ആവശ്യങ്ങളെ മാനിക്കുന്ന
മധ്യമാർഗ്ഗം
പിശുക്ക്
ആവശ്യങ്ങളെയും ശിക്ഷിക്കുന്ന
അന്ധമായ സ്വാർത്ഥത
ഒരു സമൂഹത്തിന്റെ സമൃദ്ധി
അവിടെ എത്ര സ്വർണം കിടക്കുന്നു എന്നതിൽ അല്ല
എത്ര ഹൃദയങ്ങൾ തുറന്നിരിക്കുന്നു എന്നതിലാണ്
പിശുക്കിന്റെ പിടിയിൽ നിന്ന്
മോചിതനായ മനസ്സുകൾ
മഴപോലെ പെയ്യും
വരണ്ട നിലങ്ങൾക്കും
വാടിയ ബന്ധങ്ങൾക്കും
പുതുജീവൻ നൽകും
ജീവിതം
കൂട്ടിവയ്ക്കാനുള്ള ഗുഹയല്ല
പ്രകാശിപ്പിക്കാനുള്ള ദീപം
പങ്കിടുമ്പോൾ മാത്രമേ
അത് സമ്പത്താകൂ
അടച്ചിടുമ്പോൾ
അത് ഭാരമാകുന്നു

