രചന : വിദ്യ സുരേഷ് ✍️
പഴമ മണക്കുന്ന
ഓർമ്മ മഴകളിൽ..
ലേബനോൺ താഴ് വരകളിലെ
മഞ്ഞണിഞ്ഞ ദേവതാരു
മരങ്ങൾക്കിടയിൽ..
ഹൃദയം മുറിഞ്ഞ്
ജിബ്രാൻ..കണ്ണുനീർ തൂവുന്നു..
അവൻ നടന്ന പ്രണയ വഴികളിൽ..
ഭീതിയും, ദുഃഖവും.. തളം കെട്ടിയ
വിഹ്വല ഭാവങ്ങളിൽ..
സ്വപ്‌നങ്ങൾ പുകഞ്ഞ് നിണം വാർന്ന്..
പ്രിയപ്പെട്ട മനുഷ്യർ..
വെളുത്ത പ്രാവുകളെ കിനാവു കാണുന്ന
ചരിത്രമുറങ്ങുന്ന പുണ്യ ഭൂമിയുടെ ആകാശത്ത് തീ തുപ്പുന്ന
യന്ത്ര പക്ഷികൾ..
വിറയ്ക്കുന്ന മണ്ണിലേക്ക്..
ആകാശം പിളർന്ന്
അഗ്നി വർഷമായി..പെയ്തിറങ്ങുന്നു..
വംശഹത്യയും,ശിശുഹത്യയും മതവെറിയും
താങ്ങാൻ ആവാതെ തളർന്ന മണ്ണിൽ..
നിശബ്ദരായി മരങ്ങൾ..
വീശി അടിച്ച കാറ്റിന്
പൂക്കളുടെ സുഗന്ധമില്ല
കണ്ണീരിന്റെ ഉപ്പുമണം മാത്രം..
അതിരുകൾക്കപ്പുറം..
രാജ്യങ്ങളല്ല മനുഷ്യർ ആണെന്ന്..
ഇവരെന്നാണ് അറിയുക..
ഓരോ യുദ്ധാവസാനവും അനാഥരായ കുട്ടികളുടെ, വിധവകളുടെ കണ്ണിൽ
നഷ്ടം എന്ന അക്ഷരം മാത്രം ബാക്കിയാവുമ്പോൾ..
ജോർദാൻ നദി,പക്ഷം ചേരാതെ..
പാപങ്ങളും, പ്രാർഥനകളും, കണ്ണുനീരും
കടലിൽ നിമഞ്ജനം ചെയ്യുന്നു..
ജിബ്രാന്റെ പ്രണയം..
സ്വന്തമാക്കൽ ആയിരുന്നില്ലല്ലോ..
ഹൃദയം തുറന്ന് മറ്റൊരാത്മാവിനെ.
സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കലല്ലേ..
