രചന : ബിനു മോനിപ്പള്ളി ✍️
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടെന്റെ
അഴലുകളാകവേ മാറ്റിടും ഞാൻ
ഉയരുന്ന ധൂമത്തിൽ ഉയിരോടെയെരിയുമെൻ
ഉള്ളുരുക്കൊന്നൊരാ കദനമെല്ലാം
കണ്ണകി തൂകിയ കണ്ണുനീർ അന്നൊരാ
മധുരാപുരിയെയും തീർത്തെരിച്ചു
മണ്ണതിൽ പെണ്ണിന്റെ കോപാഗ്നിയാറാതെ
കിള്ളിയാർ തീരത്ത് കുടിയിരുന്നു
ദേവി തൻ കോപം തണുക്കുവാനും
പിന്നെ, രാജന്റെ നിഗ്രഹം ഓർക്കുവാനും
അന്നുതൊട്ടിന്നോളം പൊങ്കാലകൾ
ആ തിരുമുറ്റത്ത് നേദ്യമായി
അന്നൊരു സന്ധ്യയ്ക്ക് ‘മുല്ലുവീട്ടിൽ’
ബാലികാ രൂപത്തിൽ വന്ന ദേവീ
എന്നുമെൻ ഹൃത്തിൽ നീ മേവീടണേ
ജീവിതപ്പൊങ്കാല ഏറ്റുവാങ്ങി
എന്റെ….
ജീവിതപ്പൊങ്കാല ഏറ്റുവാങ്ങി.

