രചന : ജോയി പാലക്കമൂല ✍️
“വികൃതി കാട്ടല്ലേ മോനേ…”
കുട്ടിക്കാലത്തിന്റെ ചുവടുകളിൽ
കുഞ്ഞു വടിയുമായി
അപ്പന്റെ ശബ്ദം
പിറകെ ഓടി നടന്നു.
മുറ്റത്തെ മണ്ണിൽ
അപ്പം ചുട്ടു കളിച്ചപ്പോൾ,
മഴപെയ്തൊഴുകിയ ചാലുകളിൽ
കടലാസ് തോണിയൊഴുക്കിയപ്പോൾ,
ഇളയ്ത്തുകളുടെ കവിളിൽ
പിച്ചിപ്പൂ പോലെ വിരൽ പതിഞ്ഞപ്പോൾ
അപ്പൻ ചിരിച്ചും ശാസിച്ചും
ഒരു വാക്ക് പുനരാവർത്തിച്ചു:
“വികൃതി കാട്ടല്ലേ മോനേ…”
മുതിർന്ന ബാലനായി,
സ്കൂൾ മതിൽ ചാടിയപ്പോൾ,
പോക്കറ്റിലെ നാണയം കാണാതായപ്പോൾ,
തിയേറ്ററിന്റെ ഇരുട്ടിൽ
കൗമാരസ്വപ്നങ്ങൾ മിഴി നീട്ടിയപ്പോൾ,
അപ്പന്റെ ശബ്ദം കടുപ്പത്തിലായി.
കാലം കയറിപ്പോയി.
മകൻ പുരുഷനായി.
അപ്പൻ വൃദ്ധനായി….
മുറ്റത്ത് ചുമച്ച് തുപ്പിയപ്പോൾ
മകന്റെ കണ്ണിൽ വെറുപ്പ് കയറി.
“നാശം!”
പെൻഷൻ കാശ്
തലയണക്കീഴെ ഒളിപ്പിച്ചപ്പോൾ
അവന്റെ കൈകൾ പരുക്കനായി
“മോനേ… വേദനിക്കുന്നു…”
വാക്കുകളവൻ കൂട്ടാക്കിയില്ല
അറിയാതൊഴുകിയ മൂത്രത്തിൽ
കിടക്ക നനഞ്ഞപ്പോൾ
പുതപ്പോടെ പുറത്തേക്കെടുത്തിട്ടു
അപ്പോഴും യാചിച്ചു:
“അരുത് മോനേ… ,
ഞാൻ നിൻ്റെ അപ്പനല്ലേ…”
ആധാരത്തിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ
കൈ കഴുത്തിൽ തന്നെ മുറുകി.
തുറിച്ച കണ്ണുകളിലും
നിലച്ച ശ്വാസത്തിലും
അവസാന വാക്കുകൾ എഴുതിയിരുന്നു:
“മോനേ…
വികൃതി കാട്ടല്ലേ…

