രചന : ബിന്ദു അരുവിപ്പുറം ✍️
കാട്ടരുവി തൻ മധുരസംഗീതമെപ്പൊഴും
കുളിരണിഞ്ഞെത്തുന്നു മാനസത്തിൽ.
വനമല്ലിയാമോദം തലയാട്ടിനിൽക്കവേ
ഗന്ധം പടരുന്നു കാറ്റിലെങ്ങും.
ആലസ്യമോടവൾ നടനമാടീടുമ്പോൾ
പാഴ്മുളംതണ്ടുകൾ മുരളികയായ്.
വെണ്ണിലാച്ചന്ദ്രിക പുണരുവാനെത്തവേ
പൂനിലാവിൽ നീയലിഞ്ഞു പോയോ?
നൂപുരധ്വനിയുമായ് തുള്ളിക്കളിയ്ക്കവേ
മൃദുലമാമോളങ്ങൾ കഥകൾ ചൊല്ലി.
ആടിത്തിമിർത്തുകൊണ്ടവളോടിയെത്തവേ
മിഴികൾക്കു കർപ്പൂരനാളമല്ലേ!
കനവിൻ്റെ പൊയ്കയിൽ നീരാടി നില്ക്കവേ
മരമാകെ പൂത്തുലഞ്ഞാടിടുന്നു.
മന്ദമായ് പുതുമഴ ചുംബിച്ചുണർത്തുമ്പോൾ
മോഹനരാഗമായ് നീയുണർന്നു.